Quantcast

''മാനസികമായി തകർന്നുപോയിരുന്നു; സ്‌ട്രോങ് ആണെന്ന് അഭിനയിക്കുകയായിരുന്നു ഞാൻ''; ഒടുവിൽ വെളിപ്പെടുത്തി കോഹ്ലി

''മാനസികമായി തളർന്നവരോ ബലഹീനരോ ആയി നമ്മെ മറ്റുള്ളവർ കാണാൻ ആരും ആഗ്രഹിക്കുന്നില്ല. ശക്തനാണെന്ന് അഭിനയിക്കുന്നതാണ് ബലഹീനനാണെന്ന് അംഗീകരിക്കുന്നതിലും ഏറ്റവും മോശം.''

MediaOne Logo

Web Desk

  • Updated:

    2022-08-27 12:28:07.0

Published:

27 Aug 2022 11:06 AM GMT

മാനസികമായി തകർന്നുപോയിരുന്നു; സ്‌ട്രോങ് ആണെന്ന് അഭിനയിക്കുകയായിരുന്നു ഞാൻ; ഒടുവിൽ വെളിപ്പെടുത്തി കോഹ്ലി
X

ദുബൈ: ഒടുവിൽ മോശം ഫോമിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി. കഴിഞ്ഞ ഏതാനും നാളുകളായി കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ചാണ് താരം 'സ്റ്റാർസ്‌പോർട്‌സി'നോട് വെളിപ്പെടുത്തിയത്. മാനസികമായി ശരിക്കും തളർന്നുപോയിരുന്നെങ്കിലും അങ്ങനെയല്ലെന്ന് മനസിനെ ബോധ്യപ്പെടുത്തുകയും അഭിനയിക്കുകയുമായിരുന്നു താനെന്ന് കോഹ്ലി പറഞ്ഞു.

''പത്തുവർഷത്തെ കരിയറിൽ ആദ്യമായി ഒരു മാസത്തോളം ബാറ്റിങ്ങിൽ എനിക്ക് ടച്ച് ലഭിക്കുന്നേയുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ (കായികമായ) തീക്ഷ്ണത അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് എനിക്ക് വന്നത്. എനിക്ക് പറ്റും, മത്സരക്ഷമതയുണ്ട്, ആ തീക്ഷ്ണത ഇപ്പോഴുമുണ്ടെന്നെല്ലാം ഞാൻ എന്നെത്തന്നെ വിശ്വസിപ്പിക്കുകയായിരുന്നു.'''-കോഹ്ലി വെളിപ്പെടുത്തി.

എന്നാൽ, ശരീരം പറഞ്ഞത് അത് നിർത്താനായിരുന്നു പറഞ്ഞതെന്നും താരം പറഞ്ഞു. കുറച്ച് ഇടവേളയെടുത്ത് തിരിച്ചുവരൂവെന്ന് മനസ് പറഞ്ഞു. മാനസികമായി വളരെ ശക്തനായ ആളായാണ് എന്നെ ആളുകൾ കാണുന്നത്. ഞാൻ അങ്ങനെത്തന്നെയാണ്. എന്നാൽ, എല്ലാവർക്കും ഒരു പരിധിയുണ്ട്. അത് എല്ലാവരും അംഗീകരിക്കുകയും വേണം. ഇല്ലെങ്കിൽ കാര്യങ്ങൾ നമുക്ക് അനാരോഗ്യകരമായിത്തീരും-താരം ചൂണ്ടിക്കാട്ടി.

ഈ കാലം തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചുവെന്നും കോഹ്ലി വെളിപ്പെടുത്തി. മാനസികമായി തകർന്നിരിക്കുകയായിരുന്നുവെന്ന് സമ്മതിക്കാൻ എനിക്ക് മടിയില്ല. അത് വളരെ സ്വാഭാവികമായ കാര്യമാണ്. എന്നാൽ, മടി കാരണം നമ്മൾ അതേക്കുറിച്ച് സംസാരിക്കില്ല. മാനസികമായി തളർന്നവരോ ബലഹീനരോ ആയി നമ്മെ ആൾക്കാർ കാണാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. സത്യം പറയട്ടെ, ശക്തനാണെന്ന് അഭിനയിക്കുന്നതാണ് ബലഹീനനാണെന്ന് അംഗീകരിക്കുന്നതിലും ഏറ്റവും മോശമെന്നും താരം അഭിപ്രായപ്പെട്ടു.

വലിയ ടൂർണമെന്റുകളിൽ ദേശീയഗാനം കേൾക്കുന്നത് ഒരു അനുഭവമാണെന്നും കോഹ്ലി 'സ്റ്റാർസ്‌പോർട്‌സി'നോട് പറഞ്ഞു. 2011 ലോകകപ്പായിരുന്നു എന്റെ അത്തരത്തിലുള്ള ആദ്യത്തെ അനുഭവം. ആ ഐക്യബോധവും ഒത്തൊരുമയുടെ ഊർജവും ഞാൻ ഒരിക്കലും അനുഭവിച്ചിരുന്നില്ല. അന്നത് രോമാഞ്ചത്തിന്റെ അനുഭവമായിരുന്നു. എല്ലാവരും (ദേശീയഗാനം) ആലപിക്കുന്നു. എല്ലാവർക്കും ഒരേ ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്; എന്തുവില കൊടുത്തും സ്വന്തം ടീമിനെ ജയിപ്പിക്കണമെന്ന്-വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരമായി മാറിയ കോഹ്ലി കഴിഞ്ഞ ഏതാനും വർഷങ്ങളായി മികച്ചൊരു ഇന്നിങ്‌സ് കളിച്ചിട്ട്. മൂന്നു വർഷംമുൻപാണ് ടീമിനായി താരം ഒരു സെഞ്ച്വറി അടിച്ചിട്ട്. 2019ൽ ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശിനെതിരെയായിരുന്നു അവസാനമായി കോഹ്ലിയുടെ സെഞ്ച്വറി. രണ്ടുവീതം ഏകദിനങ്ങളും ടി20കളും ഒരു ടെസ്റ്റും അടക്കം അവസാനമായി കളിച്ച അഞ്ച് കളികളിൽ 20 റൺസാണ് കോഹ്ലിയുടെ മികച്ച സ്‌കോർ. നിലവിൽ ഏഷ്യാ കപ്പ് മത്സരത്തിനായി ദുബൈയിലാണ് താരമുള്ളത്. നാളെ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Summary: ''I was faking intensity and was mentally down'', says Virat Kohli

TAGS :

Next Story