Quantcast

ചെന്നൈയിലാണ് ഭാര്യ മരിക്കുന്നത്, ഇന്ത്യൻ വിസയുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്; കരയുകയായിരുന്നു ഞാൻ-വസീം അക്രം

'സിംഗപ്പൂരിലേക്ക് ഭാര്യയുമായി ചികിത്സയ്ക്കു കൊണ്ടുപോകുകയായിരുന്നു. ചെന്നൈയിൽ ഇന്ധനം നിറയ്ക്കാൻ നിർത്തിയപ്പോൾ ബോധരഹിതയായി കിടക്കുകയായിരുന്നു അവൾ.'

MediaOne Logo

Web Desk

  • Published:

    27 Feb 2023 12:38 PM GMT

WasimAkramonhiswifesdeath, WasimAkramsfirstwifeHuma
X

കറാച്ചി: ആദ്യ ഭാര്യയുടെ മരണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ച് പാകിസ്താൻ ഇതിഹാസ പേസ് താരം വസീം അക്രം. 2009ൽ ചെന്നൈയിൽ വച്ചായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ ഹുമാ അക്രമിന്റെ മരണം. ചെന്നെയിലെ വിമാനത്താവളത്തിൽ ഭാര്യ ബോധരഹിതയാകുകയായിരുന്നുവെന്നും അപ്പോൾ തനിക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടായിരുന്നില്ലെന്നും അക്രം വെളിപ്പെടുത്തി.

അടുത്തിടെ പുറത്തിറങ്ങിയ 'സുൽത്താൻ: എ മെമോയർ' എന്ന ആത്മകഥയെക്കുറിച്ച് 'സ്‌പോർട്‌സ് സ്റ്റാർ' സംഘടിപ്പിച്ച ചർച്ചയിലാണ് അക്രം മനസ് തുറന്നത്. വൃക്ക-ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയ്ക്കായി ലാഹോറിൽനിന്ന് സിംഗപ്പൂരിലേക്ക് എയർ ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു ഹുമയെ. ഇതിനിടയിൽ ഇന്ധനം നിറയ്ക്കാനായാണ് ചെന്നെ വിമാനത്താവളത്തിൽ ഇറങ്ങിയത്.

'ഞാൻ സിംഗപ്പൂരിലേക്ക് ഭാര്യയുമായി പോകുകയായിരുന്നു. ഇടയ്ക്ക് ഇന്ധനം നിറയ്ക്കാനായി ചെന്നൈയിൽ സ്‌റ്റോപ്പുണ്ടായിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ അവൾ ബോധരഹിതയായി കിടക്കുകയായിരുന്നു. ഇതു കണ്ട് ഞാൻ കരയുകയായിരുന്നു. വിമാനത്താവളത്തിലുണ്ടായിരുന്നവർ എന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, ഞങ്ങൾക്ക് ഇന്ത്യൻ വിസയുണ്ടായിരുന്നില്ല. പാകിസ്താൻ പാസ്‌പോർട്ടാണ് ഞങ്ങളുടെ അടുത്തുണ്ടായിരുന്നത്.'-അദ്ദേഹം ഓർത്തെടുത്തു.

ചെന്നൈ വിമാനത്താവളത്തിലുണ്ടായിരുന്ന നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും കസ്റ്റംസ്-എമിഗ്രേഷൻ ജീവനക്കാരും ആശ്വസിപ്പിക്കാനെത്തി. വിസ ആലോചിച്ചിട്ട് വിഷമിക്കേണ്ടെന്നു പറഞ്ഞു. തുടർന്ന് വിസ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഉടൻ തന്നെ ഭാര്യയെ ആശുപത്രിയിലെത്തിച്ചു. ഈ അനുഭവം ക്രിക്കറ്ററെന്ന നിലയ്ക്കും മനുഷ്യനെന്ന നിലയ്ക്കും താൻ ഒരുകാലത്തും മറക്കില്ലെന്നും അക്രം കൂട്ടിച്ചേർത്തു.

ആശുപത്രിയിലെത്തിച്ചെങ്കിലും ഹുമയെ രക്ഷിക്കാനായില്ല. സിംഗപ്പൂരിലേക്ക് ചികിത്സയ്ക്ക് തിരിക്കുംമുൻപ് ചെന്നെയിലെ ആശുപത്രിയിൽ വച്ച് തന്നെ അവർ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇതിനുശേഷം നാലു വർഷം കഴിഞ്ഞാണ് ആസ്‌ട്രേലിയക്കാരിയായ ഷനീറയെ അക്രം വിവാഹം കഴിക്കുന്നത്.

ചെന്നൈയിൽനിന്ന് നേരിട്ട മറ്റൊരു അവിസ്മരണീയ അനുഭവവും അക്രം വെളിപ്പെടുത്തി. വർഷങ്ങൾക്കുമുൻപ് ഇന്ത്യയെ ഒരു ടെസ്റ്റ് മത്സരത്തിൽ പാകിസ്താൻ തോൽപിച്ചപ്പോഴായിരുന്നു അത്. സച്ചിൻ ടെണ്ടുൽക്കർ സെഞ്ച്വറി അടിച്ച, ഏറെ നാടകീയത നിറഞ്ഞ മത്സരത്തിനൊടുവിൽ പാകിസ്താൻ വിജയം സ്വന്തമാക്കുമ്പോൾ ചെന്നൈയിലെ ഇന്ത്യൻ ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കുകയായിരുന്നുവെന്നും ചെന്നൈയോട് നന്ദിയുണ്ടെന്നും അക്രം കൂട്ടിച്ചേർത്തു.

Summary: The legendary Pakistan pacer Wasim Akram opens up about the tragic demise of his wife Huma Akram

TAGS :

Next Story