Quantcast

ജോറ് ജെമീമ! അയൽപോരിൽ പാകിസ്താനെ തകർത്ത് ഇന്ത്യ

ഒരു ഓവർ ബാക്കിനിൽക്കെ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ജയം

MediaOne Logo

Web Desk

  • Published:

    12 Feb 2023 4:42 PM GMT

ജോറ് ജെമീമ! അയൽപോരിൽ പാകിസ്താനെ തകർത്ത് ഇന്ത്യ
X

കേപ്ടൗൺ: ടി20 വനിതാ ലോകകപ്പിൽ പാകിസ്താനെ ഏഴു വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ. ജെമീമ റോഡ്രിഗസിന്റെ അർധസെഞ്ച്വറിയുടെ കരുത്തിൽ ഒരു ഓവർ ബാക്കിനിൽക്കെയാണ് ഇന്ത്യൻ ജയം. കേപ്ടൗണിലെ ആവേശകരമായ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ഇന്ത്യയുടെ മികച്ച ബൗളിങ്ങിനു മുന്നിൽ 149 റൺസാണ് നേടാനായത്.

150 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. പരിക്കേറ്റ സ്മൃതി മന്ദാനയുടെ അഭാവത്തിൽ യാസ്തിക ഭാട്ടിയയാണ് ഷെഫാലി വർമയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപൺ ചെയ്തത്. യാസ്തിക 20 പന്തിൽ 17 റൺസുമായും ഷെഫാലി 25 പന്തിൽ 33 റൺസുമായും മടങ്ങിയെങ്കിലും ജെമീമ ഇന്ത്യൻ കപ്പൽ ഉലയാതെ കാത്തു.

ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 16 റൺസെടുത്ത് പുറത്തായെങ്കിലും റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ജെമീമ ദൗത്യം പൂർത്തിയാക്കി. ഇന്ത്യൻ ഇന്നിങ്‌സിൽ ഒറ്റ സിക്‌സറും പിറന്നില്ലെങ്കിലും ഒരു ഓവർ ബാക്കിയാക്കി ജെമീമയും റിച്ചയും ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ജെമീമ 38 പന്തിൽ എട്ട് ബൗണ്ടറിയുമായി 53* റൺസുമായി ഇന്ത്യയുടെ വിജയശിൽപിയായി. റിച്ച 20 പന്തിൽ അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 31 റൺസുമായും ജെമീമയ്ക്ക് ഉറച്ച പിന്തുണയും നൽകി.

പാക് ബൗളർമാരിൽ നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് കൊയ്ത നശ്ര സന്ധുവാണ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയത്. നാല് ഓവറിൽ 25 റൺസ് മാത്രം വിട്ടുനൽകി സാദിയ ഇഖ്ബാൽ ഒരു വിക്കറ്റും സ്വന്തമാക്കി.

ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന മത്സരത്തിൽ ടോസ് ഭാഗ്യം പാകിസ്താനൊപ്പമായിരുന്നു. പാക് നായിക ബിസ്മ മഅ്‌റൂഫ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ, അച്ചടക്കമുള്ള ഇന്ത്യൻ ബൗളിങ്ങിനു മുൻപിൽ ക്യാപ്റ്റനും ഓൾറൗണ്ടർ ആയിഷ നസീമും മാത്രമാണ് പിടിച്ചുനിന്നത്.

ബിസ്മ അർധസെഞ്ച്വറിയുമായി പാകിസ്താനെ അവസാനം വരെ മുന്നിൽനിന്നു നയിച്ചെങ്കിലും ആയിഷ ഒഴിച്ച് ആരും നായികയ്ക്ക് കൂട്ടുനൽകിയില്ല. അവസാന ഓവറുകളിൽ ആയിഷയുടെ വെടിക്കെട്ട് ബാറ്റിങ്ങുണ്ടായില്ലെങ്കിൽ പാകിസ്താൻ നാണംകെട്ട സ്‌കോറിൽ ഒതുങ്ങേണ്ടതായിരുന്നു. ബിസ്മ 55 പന്തിൽ ഏഴ് ബൗണ്ടറി സഹിതം 68 റൺസെടുത്ത് പുറത്താകാതെ നിന്നു. ആയിഷ 25 പന്തിൽ രണ്ടുവീതം ബൗണ്ടറിയും സിക്‌സറും പറത്തി 43 റൺസ് അടിച്ചെടുത്താണ് ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകിയത്.

ഇന്ത്യൻ ബൗളർമാരിൽ നാല് ഓവറിൽ 21 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റ് കൊയ്ത രാധാ യാദവാണ് മികച്ച പ്രകടനം പുറത്തെടുത്തത്. പൂജ വസ്ത്രാക്കറും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതം നേടി.

Summary: IND vs PAK: Jemimah Rodrigues, Richa Ghosh help India beat Pakistan in Women's T20 World Cup 2023

TAGS :

Next Story