പെൺ പ്രീമിയർ ലീഗ് മാമാങ്കത്തിന് ഇന്നു തുടക്കം; ആദ്യ പോര് ഗുജറാത്തും മുംബൈയും തമ്മില്‍
ഓസീസ് താരം ബേത്ത് മൂണിയാണ് ഗുജറാത്തിനെ നയിക്കുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മുംബൈ ഇന്ത്യൻസ് നായിക
മുംബൈ: പ്രഥമ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ടൂർണമെന്റിന് ഇന്ന് തുടക്കം. മുംബൈയിൽ രാത്രി 7.30നാണ് ഉദ്ഘാടന മത്സരത്തിനു തുടക്കമാകുക. ഓസീസ് താരം ബേത്ത് മൂണി നയിക്കുന്ന ഗുജറാത്ത് ജയന്റ്‌സ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ മുംബൈ ഇന്ത്യൻസിനെ നേരിടും.
ഐ.പി.എൽ നൽകിയ താരപ്രഭയുടെയും പണക്കൊഴുപ്പിന്റെയും വേദിയിലേക്കാണ് വുമൺസ് പ്രീമിയർ ലീഗെന്ന പേരിൽ വനിതാ താരങ്ങളും അരങ്ങേറുന്നത്. ഇന്ത്യൻ വനിതാ താരങ്ങളുടെ മത്സരക്ഷമത കൂട്ടുക, കൂടുതൽ ആഭ്യന്തര താരങ്ങൾക്ക് അവസരം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളെല്ലാം ടൂർണമെന്റിലൂടെ ബി.സി.സി.ഐ ലക്ഷ്യമിടുന്നുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഡൽഹി കാപിറ്റൽസ്, യു.പി വാരിയേഴ്‌സ് എന്നിവയാണ് ആദ്യ എഡിഷനിൽ മാറ്റുരയ്ക്കുന്ന മറ്റ് ഫ്രാഞ്ചൈസികൾ.
ലീഗ് റൗണ്ടിൽ ഓരോ ടീമും നാലുവീതം ഹോം, എവേ മത്സരങ്ങൾ കളിക്കും. പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനത്തെത്തുന്ന ടീം 26ന് നടക്കുന്ന ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. രണ്ടാം ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്നതിനായി രണ്ട്, മൂന്ന് സ്ഥാനക്കാർ തമ്മിലുള്ള എലിമിനേറ്റർ 24നു നടക്കും. ടാറ്റ ടൈറ്റിൽ സ്‌പോൺസറായ ടൂർണമെന്റ് ജേതാക്കൾക്ക് ആറു കോടിയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തിന് മൂന്നു കോടിയും മൂന്നാം സ്ഥാനത്തിന് ഒരു കോടിയും ലഭിക്കും.
വയനാട് മാനന്തവാടി സ്വദേശി മിന്നു മണി ഡൽഹി കാപിറ്റൽസ് ടീമിൽ ഇടംനേടിയിട്ടുണ്ട്. 30 ലക്ഷത്തിനാണ് മിന്നുവിനെ ഡൽഹി വിളിച്ചെടുത്തത്. ബാംഗ്ലൂർ 3.4 കോടിക്ക് സ്വന്തമാക്കിയ സ്മൃതി മന്ഥാനയാണ് ടൂർണമെന്റി െവിലയേറിയ താരംം. വനിതാ ടി20 ലോകകപ്പ് ജേതാക്കളായ ആസ്‌ത്രേലിയയുടെ ആഷ്‌ലി ഗാർഡ്‌നറാണ് വിലയേറിയ വിദേശ താരം. 3.2 കോടിക്ക് ഗുജറാത്താണ് താരത്തെ സ്വന്തമാക്കിയത്.
ഗുജറാത്ത് സാധ്യതാ ഇലവൻ: ബേത്ത് മൂണി(ക്യാപ്റ്റൻ), സബിനേനി മേഘന, സോഫി ഡങ്ക്‌ലി, ആഷ്‌ലി ഗാർഡ്‌നർ, ഹേമലത, ഹാർലിൻ ദിയോൾ, സ്‌നേഹ് റാണ, അന്നബെൽ സതർലൻഡ്, മാൻസി ജോഷി, തനൂജ കൻവാർ, മോണിക്ക പട്ടേൽ/ഹർലി ഗാല.
മുംബൈ സാധ്യതാ ഇലവൻ: ഹർമൻപ്രീത് കൗർ(ക്യാപ്റ്റൻ), യാസ്തിക ഭാട്ടിയ, ഹെയ്‌ലി മാത്യൂസ്, അമേലിയ കെർ, നഥാലി സ്‌കിവർ, ക്ലോ ട്രയോൺ, ധാര ഗുജ്ജർ, അമൻജോത് കൗർ/ഇസബെല്ലെ വോങ്, നീലം ബിഷ്ത്, പൂജ വസ്ത്രാകർ, സോനം യാദവ്.
Summary: WPL 2023: Women's Premier League begins today- Mumbai Indians-Gujarat Giants opener preview
Adjust Story Font
16