Quantcast

'അത്രയും പ്രിയപ്പെട്ടവൾ, അതിവേഗം സുഖമാകട്ടെ'; വൈകാരിക കുറിപ്പുമായി ഷമി

''ചില പാകിസ്താൻ താരങ്ങൾക്ക് എന്‍റെ വിജയം ദഹിക്കുന്നില്ല. തങ്ങളാണ് ഏറ്റവും മികച്ച താരങ്ങളെന്നാണ് അവരുടെ വിചാരം''

MediaOne Logo

Web Desk

  • Published:

    22 Nov 2023 2:58 PM GMT

You mean so much to me Mum. Hope you’re feeling better very soon: Mohammad Shamis emotional note on sick mother Anjum Ara, Mohammad Shami on sick mother
X

ലഖ്‌നൗ: 2023 ലോകകപ്പിൽ 24 വിക്കറ്റുമായി ഗോൾഡൻ ബാൾ സ്വന്തമാക്കിയത് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയായിരുന്നു. ആദ്യത്തെ നാലു മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്ന താരം തിരിച്ചുവരവിൽ എല്ലാവരെയും ഞെട്ടിച്ചെന്നു മാത്രമല്ല, ഇന്ത്യയുടെ അപരാജിതമായ വിജയക്കുതിപ്പിൽ നിർണായക പങ്കുംവഹിച്ചു. ലോകകപ്പ് ആരവങ്ങളൊഴിഞ്ഞതിനു പിന്നാലെ മാതാവ് അൻജും ആറയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൈകാരിക കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഷമി.

മാതാവിന്റെ ചിത്രമടക്കം പങ്കുവച്ചാണു താരത്തിന്റെ കുറിപ്പ്. 'നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, ഉമ്മാ.. എത്രയും പെട്ടെന്ന് നിങ്ങൾക്കു സുഖമാകുമെന്നാണു പ്രതീക്ഷ'-മാതാവിനെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ച് ഷമി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കുറിച്ചു.

ഞായറാഴ്ച നടന്ന ഇന്ത്യ-ആസ്‌ട്രേലിയ ലോകകപ്പ് ദിവസം അൻജും രോഗബാധിതയായിരുന്നു. പനിക്കു പിന്നാലെ മോഹാലസ്യം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ വിവരവും അറിഞ്ഞാണ് ഷമി കലാശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്കായി പന്തെറിഞ്ഞത്. നിലവിൽ അൻജുമിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണു വിവരം.

ഇന്ത്യൻ താരങ്ങൾക്കായി പ്രത്യേക പന്ത് നൽകുന്നുണ്ടെന്ന മുൻ പാക് ക്രിക്കറ്റർ ഹസൻ റാസയുടെ ആരോപണത്തിനെതിരെ ഷമി രംഗത്തെത്തിയിരുന്നു. ''ആദ്യത്തെ കുറച്ചു മത്സരങ്ങിൽ ഞാൻ ബെഞ്ചിലായിരുന്നു. ടീമിൽ തിരിച്ചെത്തിയപ്പോൾ അഞ്ചു വിക്കറ്റ് നേടി. അടുത്ത മത്സരത്തിൽ നാലും തുടർന്ന് അഞ്ചും വിക്കറ്റുകൾ നേടി. എന്നാൽ, ചില പാകിസ്താൻ താരങ്ങൾക്ക് എന്റെ വിജയം ദഹിക്കുന്നില്ല.''-ഇങ്ങനെയായിരുന്നു ഷമിയുടെ പ്രതികരണം.

തങ്ങളാണ് ഏറ്റവും മികച്ചവരെന്നാണ് അവരുടെ വിചാരം. കൃത്യസമയത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്നവരും ടീമിനൊപ്പം നിൽക്കുന്നവരും കഠിനാധ്വാനം ചെയ്യുന്നവരുമെല്ലാമാണ് എന്റെ അഭിപ്രായത്തിൽ മികച്ച താരങ്ങൾ. ഞങ്ങൾക്ക് വേറെ നിറത്തിലുള്ള പന്ത് ലഭിക്കുന്നുവെന്നെല്ലാം പറഞ്ഞ് അവർ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വസീം(അക്രം) പോലും ഇതേക്കുറിച്ച് ഒരു ടോക്ക് ഷോയിൽ വിശദീകരിച്ചിട്ടുണ്ട്. കളിക്കാരല്ലാത്തവർ ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതു മനസിലാക്കാം. എന്നാൽ, ഒരു മുൻതാരമൊക്കെ വന്ന് ഇങ്ങനെ പറഞ്ഞാൽ ജനങ്ങൾ ചിരിക്കുകയേയുള്ളൂവെന്നും ഷമി കൂട്ടിച്ചേർത്തു.

Summary: ''You mean so much to me Mum. Hope you’re feeling better very soon'': Mohammad Shami's emotional note on sick mother Anjum Ara

TAGS :

Next Story