വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി; ചുരുളഴിഞ്ഞത് മൂന്ന് കൊലപാതകങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥ
വീട് നവീകരണത്തിനായി പൊളിച്ചപ്പോൾ ഒരു മുറിയുടെ തറഭാഗത്ത് നിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തുകയായിരുന്നു
ഹരിയാനയിൽ വീട് നവീകരണത്തിന് തറ പൊളിച്ചപ്പോൾ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വീട് നവീകരണത്തിനായി പൊളിച്ചപ്പോൾ ഒരു മുറിയുടെ തറഭാഗത്ത് നിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തുകയായിരുന്നു. വീട്ടുടമയായ സരോജ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് മൂന്ന് കൊലപാതകങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥയാണ്.
2017ൽ പവൻ എന്ന വ്യക്തിയിൽ നിന്നാണ് സരോജ വീടുവാങ്ങുന്നത്. പഞ്ചസാര മിൽ തൊഴിലാളിയാണ് പവൻ. പൊലീസ് ഇദ്ദേഹത്തെ കണ്ടെത്തി ചോദ്യം ചെയ്‌തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. പിന്നീട് പവൻ വീടുവാങ്ങിയ അഹ്‌സാൻ സെയ്ഫിയിലേക്ക് അന്വേഷണം നീണ്ടു. യു.പിയിലെ ബധോഹി സ്വദേശിയാണ് അഹ്‌സാൻ.
അഹ്‌സാനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസിൽ സംശത്തിന് കാരണമായി. അഹ്‌സാന്റെ പഴയ അയൽവാസികൾ അയാളുടെ പ്രവൃത്തികളിൽ ദുരൂഹത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് യു.പിയിലെത്തി അഹ്‌സാൻ സെയ്ഫിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പിന്നീടാണ് ദുരൂഹതകൾ മറനീക്കി പുറത്തുവരുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിന് മുന്നിൽ ഏറെ നേരം പിടിച്ചുനിൽക്കാൻ കഴിയാതെ
തന്റെ രണ്ടാം ഭാര്യയെയും മകനെയും ബന്ധുവിനെയും ദാരുണമായി കൊലപ്പെടുത്തിയ സംഭവം അഹ്‌സാൻ വെളിപ്പെടുത്തുകയായിരുന്നു.
അഹ്‌സാന്റെ രണ്ടാം ഭാര്യ നസ്‌നീൻ, മകൻ സൊഹൈൽ, 15 വയസായ ബന്ധു ഷാബിർ എന്നിവരാണ് കൊല്ലപ്പെട്ടത്.
സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്ന അഹ്‌സാൻ വിവാഹബന്ധം മറച്ചുവെച്ച് മാട്രിമോണിയലിലൂടെ നസ്‌നീനെ പരിചയപ്പെടുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം ഇരുവരും പാനിപത്തിലേക്ക് താമസം മാറ്റി. ഇയാൾ ഇടക്കിടെ യു.പി മുസഫർനഗറിലെ ആദ്യഭാര്യയെയും മൂന്ന് കുട്ടികളെയും സന്ദർശിക്കുമായിരുന്നു.
അഹ്‌സാൻ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നുമുള്ള വിവരം നസ്‌നീൻ അറിഞ്ഞു. ഇതോടെ മുസഫർനഗറിലേക്ക് പോകുന്നതിന് അഹ്‌സാനെ വിലക്കി. ഇതിനെചൊല്ലി ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. തുടർന്ന് 2016 നവംബറിൽ നസ്‌നീനെയും മകനെയും ബന്ധുവിനെയും വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതക ശേഷം വീട്ടിലെ ഒരു മുറി കുഴിച്ച് അവിടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. പിന്നീടാണ് പവന് വീട് വിൽക്കുന്നത്. തുടർന്ന് ഇയാൾ മൂന്നാമതൊരു വിവാഹവും കഴിച്ചു. മൂന്നാമത്തെ ഭാര്യക്കൊപ്പം യു.പിയിൽ താമസിച്ച് വരികയായിരുന്നു അഹ്‌സാൻ. കൊലപാതക കുറ്റം സമ്മതിച്ച അഹ്‌സാനെ കോടതിയിൽ ഹാജരാക്കി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Adjust Story Font
16