''വെട്ടിയ ശേഷം അവര്‍ എന്നെ നോക്കി''- കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ്
കൊലപാതകശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികൾ കടന്നത്. അവിടെനിന്ന് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടെന്നാണ് വിവരം
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തി സംഭവസമയത്ത് കൂടെയുണ്ടായിരുന്ന പിതാവ് അബൂബക്കർ. രണ്ടു കാറുകളിലെത്തിയ സംഘം ജുമുഅ നമസ്‌കാരം കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്നു രണ്ടുപേരും സഞ്ചരിച്ച ബൈക്ക് ഇടിച്ചിടുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. രണ്ടുപേരാണ് മകനെ വെട്ടിയത്. അക്രമികൾക്ക് മുഖംമൂടിയുണ്ടായിരുന്നില്ലെന്നും കണ്ടാൽ തിരിച്ചറിയുമെന്നും അബൂബക്കർ മീഡിയവണിനോട് പറഞ്ഞു.
കാറിലെത്തിയ സംഘം രണ്ടുപേരെയും തട്ടിത്തെറിപ്പിച്ചു. ഞാൻ ഒരു ഭാഗത്തേക്ക് തെറിച്ചുപോയി. ഇടിയുടെ ആഘാതത്തിൽ പിന്നോട്ട് വീണു. അവനും മറ്റൊരു ഭാഗത്തേക്ക് തെറിച്ചുവീണു. അവിടെ വച്ചാണ് അവനെ സംഘം ആക്രമിച്ചത്. ആക്രമണം കഴിഞ്ഞു തിരിച്ചുപോകുമ്പോൾ അവർ എന്നെ നോക്കി. ഒന്നും ചെയ്തില്ല. എന്നിട്ട് മറ്റൊരു കാറിൽ കയറി തിരിച്ചുപോയി-അദ്ദേഹം പറഞ്ഞു.
അക്രമികളിൽ രണ്ടുപേരെ താൻ കണ്ടിട്ടുണ്ടെന്നും മറ്റൊരു വശത്തുകൂടെ എത്തിയവർ വേറെയുമുണ്ടെന്നും അബൂബക്കർ വെളിപ്പെടുത്തി. അക്രമികൾ മുഖംമൂടിയൊന്നുമിട്ടിട്ടുണ്ടായിരുന്നില്ല. അവരെ കണ്ടാൽ തിരിച്ചറിയാനാകും. കൈയിൽ ആയുധങ്ങളുണ്ടായിരുന്നു. ഞാനവിടെ വീണുകിടക്കുമ്പോൾ ആക്രമിക്കുന്ന ശബ്ദം തനിക്ക് കേൾക്കാമായിരുന്നുവെന്നും സുബൈറിന്റെ പിതാവ് കൂട്ടിച്ചേർത്തു.
'കൊലയാളികൾ തമിഴ്‌നാട്ടിലേക്ക് കടന്നു'
അതിനിടെ, കൊലയാളികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്. ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരാണ് സംഘത്തിലുള്ളത്. ഇതിൽ നാലുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികൾ കടന്നത്. അവിടെനിന്നാണ് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് കുത്തിയതോട് സ്വദേശി സുബൈറിനെ(47) അക്രമിസംഘം പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങുംവഴി രണ്ടു കാറുകളിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സുബൈറിനെ അതിക്രൂരമായാണ് അക്രമികൾ വകവരുത്തിയത്. ശരീരത്തിൽ വലിയ മുറിവുകളാണുണ്ടായിരുന്നതെന്നും ആശുപത്രിയിൽ എത്തിക്കുംമുൻപേ മരണം സംഭവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പിതാവിന് ബൈക്കിൽനിന്ന് വീണ് പരിക്ക് പറ്റിയിട്ടുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോപ്പുലർ ഫ്രണ്ട് പാലക്കാട് മുൻ ഡിവിഷൻ പ്രസിഡന്റ്, എസ്.ഡി.പി.ഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപ്പുലർ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്റ് എന്നീ നിലകളിൽ സുബൈർ പ്രവർത്തിച്ചിരുന്നു. കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസാണെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചിട്ടുണ്ട്. ബി.ജെ.പി നേതാവ് സഞ്ജിത്ത് കൊലപ്പെട്ട പ്രദേശത്താണ് കൊലപാതകം നടന്നത്. ആർ.എസ്.എസ്-എസ്.ഡി.പി.ഐ സംഘർഷം നിലനിൽക്കുന്ന സ്ഥലമാണിത്. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ കൊലപാതകമെന്നാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്.
Summary: Subair was hacked to death by two men, but the assailants were not wearing masks, says Aboobacker, father of the slain Subair in Elappully in Palakkad
Adjust Story Font
16