ഗാർഹിക പീഡനം; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിന്റെ മാതാപിതാക്കളെയും പ്രതിചേർത്തു
കഴിഞ്ഞ മാസം 29-നാണ് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്
കണ്ണൂർ പയ്യന്നൂരിൽ ഭർതൃവീട്ടിലെ പീഡനത്തെതുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെ മാതാപിതാക്കളെയും പ്രതിചേർത്തു. ഗാർഹികപീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് കേസ്.
കഴിഞ്ഞ മാസം 29-നാണ് വെള്ളൂർ ചേനോത്തെ വിജീഷിന്റെ ഭാര്യ സുനീഷയെ (26) വെള്ളൂരിലെ ഭർതൃവീട്ടിൽ കുളിമുറിയുടെ വെൻറിലേറ്ററിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സുനീഷ മരിക്കുന്നതിനുമുമ്പ് ഭർത്താവിന് വിഡിയോകാൾ ചെയ്തതായി ബന്ധുക്കൾ പറയുന്നു. ഒന്നര വർഷം മുമ്പാണ് സുനീഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു.
മകളെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായി കാണിച്ച് സുനീഷയുടെ മാതാവ് കഴിഞ്ഞ മാസം അഞ്ചിന് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇവരെ വിളിപ്പിച്ച് പ്രശ്നം ഒത്തുതീർത്ത് പറഞ്ഞയക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭർതൃവീട്ടിൽ വീണ്ടും ശാരീരിക പീഡനവും മറ്റും തുടരുകയായിരുന്നുവെന്നാണ് സുനീഷയുടെ വീട്ടുകാരുടെ പരാതി. ഭർത്താവ് വിജീഷ് പാൽ സൊസൈറ്റി ജീവനക്കാരനാണ്.
Adjust Story Font
16