എറണാകുളത്ത് മദ്യക്കുപ്പികൊണ്ട് കുത്തി കൊലപാതകം: പ്രതിക്കായി അന്വേഷണം ഇതരസംസ്ഥാനത്തേക്കും
കൊലപാതകത്തിനുശേഷം പ്രതി മുളവുകാട് സ്വദേശി സുരേഷ് ട്രെയിൻമാർഗം രക്ഷപ്പെട്ടുവെന്ന നിഗമനത്തിലാണ് പൊലീസ്
കൊച്ചി: എറണാകുളം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച കേസിൽ പ്രതിക്കായി ഇതരസംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കൊലപാതകത്തിനുശേഷം ട്രെയിൻമാർഗം പ്രതി രക്ഷപ്പെട്ടുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നത്.
കൊലപാതകത്തിനുശേഷം ഒളിവിൽപോയ സുഹൃത്തുകൂടിയായ പ്രതി മുളവുകാട് സ്വദേശി സുരേഷിനെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കിയിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം താമസസ്ഥലത്തെത്തിയ പ്രതി ബാഗുമായി ട്രെയിൻമാർഗം രക്ഷപ്പെട്ടുവെന്നാണ് പൊലീസ് നിഗമനം.
ബുധനാഴ്ച രാത്രി എറണാകുളം ടൗൺഹാളിനടുത്തുള്ള ഹോട്ടലിന് മുന്നിലാണ് കൊല്ലം സ്വദേശി എഡിസനെ സുരേഷ് മദ്യക്കുപ്പികൊണ്ട് കുത്തിക്കൊന്നത്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച ശേഷമായിരുന്നു കൊലപാതകം. ഹോട്ടലിലുണ്ടായിരുന്ന മൂന്നുപേർ തമ്മിലുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചത്. മദ്യലഹരിയിലായിരുന്നു കൃത്യമെന്നാണ് വിവരം.
Summary: Police to expand the search for the accused to other states too in Kochi Edison Murder
Adjust Story Font
16