'മൃതദേഹം വെട്ടിനുറുക്കിയത് ഹോട്ടലിന്റെ ബാത്‌റൂമിൽ; അസമിലേക്ക് രക്ഷപ്പെടാൻ പ്ലാനിട്ടു'
ഹോട്ടൽ മുറിയെടുത്തത് സിദ്ദീഖ് അറിഞ്ഞുതന്നെയാണെങ്കിലും ഹണിട്രാപ്പിനെക്കുറിച്ച് ബോധവാനായിരുന്നില്ലെന്നും മലപ്പുറം എസ്.പി എസ്. സുജിത് ദാസ് പറഞ്ഞു
മലപ്പുറം: കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം ഹോട്ടൽ മുറിയിലെ ബാത്‌റൂമിൽ വച്ചുതന്നെയാണ് പ്രതികൾ വെട്ടിനുറുക്കിയത്. പിന്നീട് മാനാഞ്ചിറയിലെ ഒരു കടയിൽനിന്ന് ട്രോളി ബാഗ് വാങ്ങി ശരീരഭാഗങ്ങള്‍ നിറയ്ക്കുകയായിരുന്നു. ഹോട്ടൽ മുറിയെടുത്തത് സിദ്ദീഖ് അറിഞ്ഞുതന്നെയാണെങ്കിലും ഹണിട്രാപ്പിനെക്കുറിച്ച് ബോധവാനായിരുന്നില്ലെന്നും മലപ്പുറം എസ്.പി എസ്. സുജിത് ദാസ് പറഞ്ഞു.
സിദ്ദീഖ് മരിച്ചതിനുശേഷം അന്നു തന്നെ കോഴിക്കോട് മാനാഞ്ചിറയിൽനിന്ന് ഒരു ട്രോളി ബാഗ് വാങ്ങി. എന്നാൽ, അതിൽ ശരീരം പൂർണമായി കയറിയില്ലെന്നു വ്യക്തമായതോടെ പിറ്റേ ദിവസം ഒരു കട്ടറുമായി വന്നു. മാനാഞ്ചിറയിലെ അതേ കടയിൽനിന്നു തന്നെ ഒരു ട്രോളി ബാഗ് കൂടി വാങ്ങി. അങ്ങനെയാണ് മൃതദേഹം കഷണങ്ങളാക്കാൻ തീരുമാനിക്കുന്നത്.
തുടർന്നാണ് കൃത്യം നടന്ന ഹോട്ടൽ മുറിയുടെ ബാത്‌റൂമിൽ വച്ച് മൃതദേഹം വെട്ടിനുറുക്കി. തുടർന്ന് രണ്ട് ട്രോളി ബാഗിൽ ശരീരഭാഗങ്ങൾ നിറച്ചു. കാറിൽ കയറ്റി അട്ടപ്പാടി ചുരത്തിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷം ആയുധങ്ങളും രക്തം തുടക്കാൻ ഉപയോഗിച്ച വസ്ത്രങ്ങളുമെല്ലാം ഒരു സ്ഥലത്ത് നിക്ഷേപിച്ചിട്ടുണ്ട്. കാർ ചെറുതുരുത്തിയിൽ ഉപേക്ഷിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കാൻ വേണ്ടി മറ്റു കാര്യങ്ങളും ഇട്ടിട്ടുണ്ട്.
ചെറുതുരുത്തിയിൽ കാർ ഉപേക്ഷിച്ച ശേഷം ഫർഹാനയെ വീട്ടിൽ കൊണ്ടുപോയി വിട്ടിരുന്നു. പിന്നീട് 24ന് പുലർച്ചെ മൂന്നുപേരും ഒറ്റപ്പാലത്തെത്തി ട്രെയിനിൽ ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു. അന്ന് വൈകുന്നേരത്തോടുകൂടി ചെന്നൈയിലെത്തി. അവിടെനിന്ന് അസമിലേക്ക് കടക്കാനുള്ള പ്ലാനായിരുന്നു. എന്നാൽ, അസമിലേക്ക് ട്രെയിൻ കയറുംമുൻപ് തന്നെ സംഘത്തെ പിടികൂടാനായി.
റൂം സിദ്ദീഖ് അറിഞ്ഞുകൊണ്ട് എടുത്തതുതന്നെയാണ്. എന്നാൽ, ഹണിട്രാപ്പ് നീക്കത്തെക്കുറിച്ച് ബോധവാനായിരുന്നില്ല. ഫർഹാനയുടെ പിതാവും സിദ്ദീഖും തമ്മിൽ പരിചയമുണ്ടായിരുന്നു. ഇതുവഴി ഫർഹാനയെ സിദ്ദീഖിനും അറിയാം. ഈ ബന്ധത്തിലാണ് ഫർഹാന ആവശ്യപ്പെട്ട് സിദ്ദീഖ് ഷിബിലിക്ക് ജോലി നൽകുന്നതെന്നും പൊലീസ് അറിയിച്ചു. ഹണിട്രാപ്പ് വഴി പണം തട്ടുകയായിരുന്നു പ്രതികളുടെ നീക്കമെന്നും പൊലീസ് വ്യക്തമാക്കി.
Summary: Kozhikode hotel owner Siddique murder follow-up
Adjust Story Font
16