Quantcast

'പ്രണയം', പക; കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങൾ

'പ്രണയ' പകയുടെ ഒടുവിലത്തെ ഇരയാണ് കണ്ണൂർ നാറാത്ത് സ്വദേശിനി മാനസ

MediaOne Logo
പ്രണയം, പക; കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങൾ
X

ജുലായ് 30 ന് വൈകീട്ടോടെ എറണാകുളം കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനികൾ താമസിക്കുന്ന വാടക വീട്ടിലേക്ക് ഒരു യുവാവ് കടന്നുവരുന്നു. കണ്ണൂർ നാറാത്ത് സ്വദേശി പി.വി. മാനസയെ തേടിയെത്തിയതായിരുന്നു അയാൾ. ഒപ്പം താമസിക്കുന്നവരുടെ കൂടെ ഭക്ഷണം കഴിക്കുയായിരുന്നു മാനസ. താൻ എന്തിനാണ് ഇവിടെ വന്നത് എന്നുചോദിച്ച് എഴുന്നേറ്റ മാനസയുടെ കൈകളിൽ പിടിച്ച് അയാൾ അടുത്തമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി. പെൺകുട്ടികൾ നിലവിളിച്ചു. ബഹളത്തിനിടെ മൂന്ന് വെടിയൊച്ചകൾ കേട്ടു. സമീപവാസികൾ എത്തി മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറി.

നെഞ്ചിന് താഴെ വെടിയേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മാനസയേയും സമീപത്ത് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്ത നിലയിൽ ആ യുവാവിനേയുമാണ് അവർ കണ്ടത്. ഓടിയെത്തിയ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ആരായിരുന്നു ആ യുവാവ് എന്ന അന്വേഷണം എത്തി നിന്നത് കണ്ണൂർ തലശ്ശേരി മേലൂർ സ്വദേശി രഖിലായിരുന്നു. അടുത്തമാസം ഹൗസ് സർജൻസി പൂർത്തിയാക്കാനിരിക്കെയാണ് മാനസയുടെ മരണം. പിന്നീടുള്ള പൊലീസ് കണ്ടെത്തലുകൾ ഇങ്ങനെ. 'പ്രണയ'പ്പകയായിരുന്നു കൊലപാതക കാരണം. ബെംഗളൂരുവിൽ എംബിഎ കഴിഞ്ഞ രഖിൽ പിന്നീട് ഇന്റീരിയർ ഡിസൈനിങ് രംഗത്ത് ജോലി ചെയ്യുകയായിരുന്നു. ആദ്യത്തെ പ്രണയം തകർന്നശേഷം കഴിഞ്ഞ വർഷമാണ് ഇൻസ്റ്റഗ്രാമിലൂടെ മാനസയുമായി രഖിൽ അടുപ്പത്തിലാകുന്നത്.


രണ്ടുമാസം മുമ്പാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇന്റീരിയർ ജോലി ഉപേക്ഷിച്ച് ഗൾഫിൽ പോയി പണമുണ്ടാക്കിയാൽ മാനസയുമായുള്ള ബന്ധം തുടരാനാകുമെന്ന് രഖിൽ കരുതി. അതിനായി കാർ വിറ്റ് വിസയെടുത്തു. എന്നാൽ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് മാനസ പറഞ്ഞതോടെ ശല്യമായി രഖിൽ പിൻതുടരാൻ ആരംഭിച്ചു. ഇതോടെ കാര്യങ്ങളെല്ലാം മാതാപിതാക്കളോട് പറഞ്ഞ് പൊലീസിനേയും സമീപിച്ചു. പൊലീസ് ഇരുവരുടെയും കുടുംബങ്ങളെ വിളിപ്പിച്ച് സംസാരിച്ചപ്പോൾ പിൻതിരിയാൻ തയ്യാറാണെന്ന് രഖിൽ ഉറപ്പുകൊടുത്തു.

സമൂഹ്യമായി ഉൾവലിഞ്ഞ് നിൽക്കുന്ന കൂടുതൽ ആളുകളുമായൊന്നും അടുപ്പമില്ലാത്ത വ്യക്തിയായിരുന്നു രഖിൽ. മാനസയുമായുള്ള ബന്ധം തകർന്നാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് സഹോദരന് രഖിൽ മെസേജ് അയച്ചിരുന്നു. കൊലചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ നാല് തവണ കാണാൻ ശ്രമിച്ചിട്ടും അവഗണിച്ചതോടെ മാനസയോട് രഖിലിന് പകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.


ഒരു മാസമായി നെല്ലിക്കുഴിയിൽ യുവതി താമസിച്ചിരുന്ന വീടിന് സമീപം മറ്റൊരു വീട്ടിൽ രഖിൽ വാടകക്ക് താമസിച്ചിരുന്നു. എന്നാൽ ഇക്കാര്യം മാനസക്ക് അറിയില്ലായിരുന്നു. വീട്ടുടമസ്ഥനോട് പ്ലൈവുഡ് വ്യാപാരിയാണ് താൻ എന്നാണ് രഖിൽ പറഞ്ഞിരുന്നത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടിൽ താമസിച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം തിരിച്ച് കണ്ണൂരിലേക്ക് പോയി കൊലപാതകത്തിന് ദിവസങ്ങൾ മുമ്പാണ് തിരിച്ചെത്തിയത്. ഈ വീട്ടിൽ നിന്നും മാനസയെ രഖിൽ നിരീക്ഷിക്കുന്നത് കണ്ടവരുണ്ട്.


7.62 എംഎം പിസ്റ്റളാണ് കൊലപാതകത്തിനായി രഖിൽ ഉപയോഗിച്ചത്. ഏഴ് ബുള്ളറ്റുകൾ ഉപയോഗിക്കാൻ കഴിയുന്ന ഈ തോക്ക് കൃത്യമായ പരിശീലനം ലഭിക്കാതെ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ബാലിസ്റ്റിക്ക് വിദഗ്ദ്ധര്‍ പറയുന്നത്. ബിഹാറിൽ നിന്നാണ് രഖിൽ തോക്ക് സംഘടിപ്പിച്ചത് എന്നതിനുള്ള കൃത്യമായ തെളിവുകൾ പൊലീസിന് ലഭിച്ചുകഴിഞ്ഞു. ഒരു സുഹൃത്തിനൊപ്പമാണ് രഖിൽ ബിഹാറിലേക്ക് പോയത്. ഒരാഴ്ചയിലധികം ബിഹാറിലെ ഉൾപ്രദേശത്ത് ഇവർ താമസിച്ചിട്ടുണ്ട്. അവിടെ നിന്ന് തോക്കുകൾ വിൽപന നടത്തുന്ന സംഘത്തെ സമീപിച്ചു.

തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളിയിൽ നിന്നാണ് ബിഹാറിൽ തോക്ക് ലഭിക്കുമെന്ന വിവരം രഖിലിന് ലഭിച്ചത്. രഖിലിന്റെ സുഹൃത്തുക്കളെക്കുറിച്ചും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


ദൃശ്യയുടെ കൊലപാതകം

ജൂണ്‍ 17നാണ് മലപ്പുറം പെരിന്തൽമണ്ണ ചെമ്മാട്ടിൽ വീട്ടിൽ ബാലചന്ദ്രന്റെ മകൾ ദൃശ്യയെ (21) പെരിന്തൽമണ്ണ സ്വദേശി വിനീഷ് വിനോദ് (21) കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ വീട്ടില്‍ അതിക്രമിച്ച് കയറി രണ്ടാം നിലയിലെ മുറിയിലായിരുന്ന പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും ഗുരുതര പരിക്കേറ്റിരുന്നു. 'പ്രണയം' നിരസിച്ചതായിരുന്നു കൊലപാതക കാരണമെന്നാണ് പൊലീസ് റിപ്പോർട്ട്.


കാക്കനാട്ടെ പ്ലസ്ടു വിദ്യാർഥിനിയുടെ കൊലപാതകം

2019 ഒക്ടോബർ 10 നാണ് എറണാകുളം കാക്കനാട്ടെ പ്ലസ്ടു വിദ്യാർഥിനിയായ ദേവികയെ മിഥുൻ എന്ന യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. ശേഷം യുവാവ് സ്വയം തീ കൊളുത്തി‌ ജീവനൊടുക്കി. ദേവിക 'പ്രണയം' നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.


പൊലീസ് ഉദ്യോ​ഗസ്ഥയെ തീകൊളുത്തി കൊലപ്പെടുത്തിയത് സഹപ്രവർത്തകൻ

2019 ജൂണ്‍ 15നാണ് ആലപ്പുഴ മാവേലിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ സഹപ്രവര്‍ത്തകനായ അജാസ് കൊലപ്പെടുത്തിയത്. സൗമ്യ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതക കാരണമെന്നായിരുന്നു അജാസിന്റെ മരണ മൊഴി. ഗുരുതരമായി പൊള്ളലേറ്റ അജാസും പിന്നീട് മരണത്തിന് കീഴടങ്ങി.



Next Story