Quantcast

'സി.പി.എം നേതാവിന്റെ കത്തുമായി പത്തനംതിട്ട സ്വദേശിയായ യുവതി ഇർഷാദിന്റെ വീട്ടിലെത്തി'; പന്തിരിക്കര കേസില്‍ കൂടുതൽ ദുരൂഹതയുണര്‍ത്തി ആരോപണം

യുവതിക്കെതിരെ ഇർഷാദിന്റെ പിതാവ് നാസറും മാതാവ് നഫീസയും പരാതി നൽകിയിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നും പരാതിയുണ്ട്

MediaOne Logo

Web Desk

  • Published:

    7 Aug 2022 9:34 AM GMT

സി.പി.എം നേതാവിന്റെ കത്തുമായി പത്തനംതിട്ട സ്വദേശിയായ യുവതി ഇർഷാദിന്റെ വീട്ടിലെത്തി; പന്തിരിക്കര കേസില്‍ കൂടുതൽ ദുരൂഹതയുണര്‍ത്തി ആരോപണം
X

കോഴിക്കോട്: പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ കൂടുതൽ ദുരൂഹത പ്രകടിപ്പിച്ച് നാട്ടുകാർ. ഇർഷാദ് വിദേശത്തുനിന്ന് എത്തിയതിനു പിന്നാലെ പന്തിരിക്കരയിലെ വീട്ടിൽ പത്തനംതിട്ട സ്വദേശിയായ ഒരു യുവതി എത്തിയിരുന്നു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് യുവതിയെ വീട്ടിൽ എത്തിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചതായി 'മാധ്യമം' റിപ്പോർട്ട് ചെയ്തു.

വീട്ടിലെത്തിച്ചത് പഞ്ചായത്ത് പ്രസിഡന്റോ?

മേയ് 18ന് വൈകീട്ടാണ് യുവതി ഇർഷാദിന്റെ കോഴിക്കുന്നുമ്മൽ വീട്ടിൽ എത്തിയത്. ഇർഷാദ് നാട്ടിലെത്തി നാലാം ദിവസമായിരുന്നു ഇത്. ഒരു ഉന്നത സി.പി.എം നേതാവിന്റെ കത്തുമായി യുവതി ആദ്യം സി.പി.എം പന്തിരിക്കര ഓഫിസിലാണ് എത്തിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ദുബൈയിൽ ജോലിചെയ്തിരുന്ന യുവതി നൽകിയ സ്വർണം ഇർഷാദ് നാട്ടിലേക്ക് എത്തിച്ചിരുന്നുവെന്നും ഇതു തിരിച്ചുകിട്ടാനാണ് അവർ ഇർഷാദിന്റെ വീട്ടിലെത്തിയതെന്നുമാണ് വിവരം. യുവതിയുടെ ഭർത്താവിനെ സ്വർണക്കടത്തുസംഘം അവിടെ തടഞ്ഞുവച്ചതായും റിപ്പോർട്ടുണ്ട്. ഒരു ദിവസം ഇർഷാദിന്റെ വീട്ടിൽ താമസിച്ചതിനുശേഷമാണ് യുവതി മടങ്ങിയതെന്ന് 'മാധ്യമം' റിപ്പോർട്ടിൽ പറയുന്നു.

യുവതി പന്തിരിക്കരയിലെത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ നേതൃത്വത്തിൽ കോൺഗ്രസ്, ലീഗ്, സി.പി.എം നേതാക്കൾ ഇവരെ പ്രദേശത്തെ കോൺഗ്രസ് നേതാവായ വി.പി ഇബ്രാഹിമിന്റെ വീട്ടിലെത്തിച്ചു. ഇവിടെവച്ച് യുവതിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ഇർഷാദിൽനിന്ന് സ്വർണം ലഭിക്കാനുള്ള കാര്യം അറിയിച്ചത്. ഇതോടെ, വിവരം പൊലീസിനെ അറിയിക്കാൻ നിർദേശിക്കുകയായിരുന്നു നേതാക്കൾ. മറ്റൊരു ചർച്ചയ്ക്കുമില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, പൊലീസിൽ അറിയിക്കാൻ യുവതി തയാറായിരുന്നില്ല.

അതേസമയം, കോൺഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പറഞ്ഞു. യുവതിയോട് പൊലീസിൽ പരാതിപ്പെടാൻ പറയുക മാത്രമാണ് താൻ ചെയ്തത്. അവരെ ഇർഷാദിന്റെ വീട്ടിലേക്ക് കൊണ്ടുപോയിട്ടില്ലെന്നും ഉണ്ണി വേങ്ങേരി വ്യക്തമാക്കി. മേയ് 19ന് താൻതന്നെ യുവതി വന്ന വിവരം പൊലീസിൽ അറിയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവതിക്കെതിരെ ഇർഷാദിന്റെ പിതാവ് നാസറും മാതാവ് നഫീസയും പരാതി നൽകിയിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് പരാതിയുണ്ട്. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി മുഹമ്മദ് സ്വാലിഹുമായും യുവതിക്ക് ബന്ധമുണ്ടെന്നാണ് വിവരം.

'സ്വർണക്കടത്തുസംഘം ഇടനിലക്കാരനെയും തടവിലാക്കി'

ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘം ഇടനിലക്കാരനെയും തടവിലാക്കിയതായി സൂചനയുണ്ട്. മുഖ്യപ്രതി സ്വാലിഹിന് കൊല്ലപ്പെട്ട ഇർഷാദിനെ പരിചയപ്പെടുത്തിയത് കണ്ണൂർ സ്വദേശി ജസീലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇർഷാദ് നാട്ടിലെത്തിയ ശേഷം സ്വർണ്ണം കൈമാറാതിരുന്നതോടെ സ്വാലിഹിന്റെ സംഘം ജസീലിനെ തടവിൽവയ്ക്കുകയായിരുന്നു. ജസീലിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. ജസീലിനെ കാണാതായതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പൊലീസിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

അതിനിടെ, പ്രതികളായ സ്വാലിഹ്, ഷംനാദ് എന്നിവർ വിദേശത്തായതിനാൽ അവരെ നാട്ടിലെത്തിക്കാനായി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. പൊലീസിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും. ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് ശ്രമം.

സ്വർണ്ണക്കടത്ത് സംഘാംഗങ്ങളായ താമരശ്ശേരി സ്വദേശി യുനൈസ്, വയനാട് സ്വദേശി ഷാനവാസ് എന്നിവരെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ മുർഷിദിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും.

Summary: 'A young woman from Pathanamthitta went to Irshad's house with a letter from a senior CPM leader'; more allegations in Panthirikkara kidnap case

TAGS :

Next Story