'സ്‌ഫോടകവസ്തുക്കൾ നിറച്ച് ഓട്ടോയുമായെത്തി; പെരുന്നാൾ പിറ്റേന്ന് വീട്ടിലേക്കെന്നു പറഞ്ഞ് വാഹനത്തിൽ കയറ്റി അരുംകൊല'
''തീആളിപ്പടർന്നതോടെ മുഹമ്മദ് പുറത്തുചാടി തൊട്ടടുത്തുള്ള കിണറ്റിലേക്ക് ചാടി. ഇതിനിടയിലാണ് അഞ്ചുവയസുകാരി അത്ഭുതകരമായി വാഹനത്തിൽനിന്ന് രക്ഷപ്പെട്ടത്.''
പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ആക്കപ്പറമ്പ് തൊണ്ടിപ്പറമ്പിൽ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച അരുംകൊലയാണ് ഇന്ന് രാവിലെ 11ഓടെ നടന്നത്. സ്‌ഫോടകവസ്തുക്കൾ നിറച്ച ഓട്ടോയിൽ സ്വന്തം കുഞ്ഞുങ്ങളെയും ഭാര്യയെയും പൂട്ടിയിട്ട് തീകൊളുത്തി നടത്തിയൊരു കൂട്ടക്കൊല കേട്ടുകേൾവിയില്ലാത്തതാണ്. കുടുംബവഴക്കിനെ തുടർന്നുള്ള പകയിൽ കൃത്യമായ ആസൂത്രണത്തോടെയാണ് മലപ്പുറം കരുവാരക്കുണ്ട് മാമ്പുഴ സ്വദേശി മുഹമ്മദ്(52) കൃത്യം നടത്തിയതെന്നാണ് വ്യക്തമാകുന്നത്.
പുറത്തുനിന്ന് പൂട്ടി, പെട്രോളൊഴിച്ച് തീകൊളുത്തി
നോമ്പിനിടയിൽ 20 ദിവസം മുൻപാണ് ജാസ്മിനും മക്കളും ആക്കപ്പറമ്പിലെ സ്വന്തം വീട്ടിലെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് നിരന്തരം വഴക്കിലായിരുന്നു ഇവർ. എന്നാൽ, കഴിഞ്ഞ ദിവസമാണ് പ്രശ്‌നങ്ങളൊക്കെ സംസാരിച്ചു പരിഹരിക്കാമെന്നു പറഞ്ഞ് മുഹമ്മദ് ജാസ്മിനെ വിളിക്കുന്നത്. പെരുന്നാൾ പിറ്റേന്ന് താൻ വരുമെന്നും മക്കളെയടക്കം കൂട്ടി വീട്ടിലെത്തി കാര്യങ്ങൾ സംസാരിക്കാമെന്നും പറഞ്ഞു.
അങ്ങനെയാണ് ഇന്ന് 11 മണിയോടെ സ്വന്തം വാഹനമായ ഗുഡ്‌സ് ഓട്ടോയുമായി മുഹമ്മദ് ജാസ്മിന്റെ വീട്ടിലെത്തുന്നത്. തുടർന്ന് ജാസ്മിനൊപ്പം മക്കളായ 11കാരി ഫാത്തിമത്ത് സഫ, അഞ്ചു വയസുകാരി ഷിഫാന എന്നിവരെ ഓട്ടോയുടെ മുൻവശത്തുള്ള സീറ്റിലിരുത്തി. തുടർന്ന് ഡോർ പുറത്തുനിന്ന് പൂട്ടി. പിന്നാലെ ഇയാളും അകത്ത് കയറി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
തീആളിപ്പടർന്നതോടെ ഉഗ്രശബ്ദത്തിൽ വൻസ്‌ഫോടനത്തോടെ വാഹനം പൊട്ടിത്തെറിച്ചു. തീആളിപ്പടർന്നതോടെ മുഹമ്മദ് പുറത്തുചാടി തൊട്ടടുത്തുള്ള കിണറ്റിലേക്ക് ചാടി. ഇതിനിടയിലാണ് അഞ്ചുവയസുകാരി അത്ഭുതകരമായി വാഹനത്തിൽനിന്ന് രക്ഷപ്പെട്ടത്. കുട്ടിയെ ഉടൻ അയൽവാസികൾ രക്ഷിച്ച് തീയണച്ച് ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
'കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാതെ അമ്മയും മകളും'
സ്‌ഫോടനശബ്ദം കേട്ട് അയൽക്കാർ ഓടിയെത്തി നോക്കുമ്പോഴാണ് ഓട്ടോനിന്നു കത്തുന്നത് കാണുന്നതെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു. ഇവർ അടുത്തുള്ള ടേപ്പുകൾ ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനിടയിൽ വാഹനം ഉഗ്രസ്‌ഫോടനത്തിൽ പൊട്ടിത്തെറിക്കുക കൂടിയായതോടെ രക്ഷാപ്രവർത്തനം അസാധ്യമായി.
ഇതോടെ ഇവർ നാട്ടിലെ ക്ലബ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വിവരം അറിയിച്ച് സഹായം അഭ്യർത്ഥിച്ചു. വിവരമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാനായില്ല. പിന്നാലെ, പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. ഇവർ 40 മിനിറ്റ് നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണക്കാനായത്.
ഒടുവിൽ വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു ജാസ്മിനും മകളുമുണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ, അയൽപക്കത്തെ സ്ത്രീകൾ പറഞ്ഞാണ് കിണറിൽനിന്ന് മുഹമ്മദിനെ കണ്ടെത്തുന്നത്. ഈ സമയത്ത് ഇയാൾ മരിച്ച നിലയിലായിരുന്നു.
ഗുരുതരമായ പൊള്ളലോടെ ഓട്ടോയിൽനിന്ന് രക്ഷിച്ച അഞ്ചു വയസുകാരിയെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമാണ്.
സ്‌ഫോടകവസ്തുക്കൾ നിറച്ചാണ് ഇയാള്‍ വാഹനവുമായി വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലയാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
Summary: Perinthalmanna goods auto blast suicide-murder followup
Adjust Story Font
16