19കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
പെൺകുട്ടിയെ പിതാവ് ഉപദ്രവിച്ചിരുന്നത് മാതാവിന്‍റെ അറിവോടെയായിരുന്നുവെന്ന് പൊലീസ്
ഗുജറാത്തിൽ 19കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. ഭാഗ്നഗർ ജില്ലയിലാണ് സംഭവം. ബുധനാഴ്ച സർക്കാർ ആശുപത്രിയിൽ പെൺകുട്ടി ഒരു കുഞ്ഞിനെ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സുഖമില്ലാതായതോടെ പെൺകുട്ടിയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിയുന്നത്.
പെൺകുട്ടിയോട് വിവരം ആരാഞ്ഞപ്പോഴാണ് പിതാവ് നിരന്തരം തന്നെ ബലാത്സംഗം ചെയ്തിരുന്നതായി വെളിപ്പെടുത്തുന്നത്. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്തും ഉറങ്ങിയിരുന്ന സമയത്തുമായിരുന്നു അതിക്രമം എന്നാണ് പെൺകുട്ടി പറയുന്നത്. എന്നാൽ പെൺകുട്ടിയെ ഇയാൾ ഉപദ്രവിച്ചിരുന്നത് മാതാവിന്‍റെ അറിവോടെയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പെൺകുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ അന്വേഷണം ഭാവ്നഗർ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസുകാർക്ക് കൈമാറിയിട്ടുണ്ട്. കൂലിത്തൊഴിലാളിയായ ഇയാൾക്ക് രണ്ടു ആൺമക്കളും രണ്ടു പെൺമക്കളുമാണുള്ളത്. ഇതിൽ രണ്ടു ആൺമക്കളുടെയും ഒരു മകളുടെയും വിവാഹം കഴിഞ്ഞതോടെ വെവ്വേറെ വീടുകളിലാണ് താമസം. 19കാരിയും മാതാവും പിതാവുമാണ് ഇവിടെ താമസിച്ചിരുന്നത്. പെൺകുട്ടിയെയും കുഞ്ഞിനെയും വിദഗ്ധ ചികിത്സക്കായി ഭാവ്നഗറിലേക്ക് മാറ്റി.
Adjust Story Font
16