'ആ കുഞ്ഞിന്റെ വായില്‍ ബലമായി സയനൈഡ് ഒഴിച്ചു'; 1980-ലെ ആലുവ സയനൈഡ് കൂട്ടക്കൊലയുടെ കഥ...
കൂടോത്രങ്ങളും ആഭിചാരങ്ങളുമെല്ലാം പരീക്ഷിച്ച് പരാജയപ്പെട്ടതോടെയാണ് സയനൈഡ് ഉപയോഗിക്കുന്നത്
ലോകത്ത് ഏറ്റവും മാരക വിഷമാണ് പൊട്ടാസ്യം സയനൈഡ്. ശ്രീലങ്കയിലെ തമിഴ്പുലികള്‍ പിടിയിലാകുമെന്നുറപ്പായാല്‍ ആത്മഹത്യയ്ക്ക് സയനൈഡ് ഉപയോഗിച്ചിരുന്നു, ഇതുമായി ബന്ധപ്പെട്ട സിനിമാ രംഗങ്ങളിലൂടെയൊക്കെയാണ് നമ്മള്‍ മലയാളികള്‍ക്കടക്കം ഈ രാസവസ്തു ഏറെ പരിചിതമായത്. കൂടത്തായി കൂട്ടക്കൊലയുടെ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സയനൈഡിനെക്കുറിച്ച് വലിയ രീതിയില്‍ കേരളീയ സമൂഹം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ കേരളത്തില്‍ സയനൈഡ് കൊലപാതകങ്ങളുടെ കഥ ആരംഭിക്കുന്നത് കൂടത്തായിയില്‍ നിന്നൊന്നുമല്ല. അതിനും പതിറ്റാണ്ടുകള്‍ മുമ്പേ, കൃത്യമായി പറഞ്ഞാല്‍ 1980-ല്‍ കേരളത്തില്‍ സയനൈഡുപയോഗിച്ച് കൂട്ടക്കൊല അരങ്ങേറിയിട്ടുണ്ട്.
ആ രാത്രിയില്‍ സംഭവിച്ചതെന്ത്?
1980 ജൂണ്‍ 23. സ്ഥലം എറണാകുളം ജില്ലയിലെ ആലുവ. പതിവ് പോലെ രാത്രി 9.30ഓടെ തന്റെ വ്യാപാര സ്ഥാപനം അടച്ച് നഗരമധ്യത്തിലെ വീട്ടിലെത്തിയ ടോമി കാണുന്നത് മരിച്ചു കിടക്കുന്ന ഭാര്യയേയും രണ്ട് പിഞ്ചു മക്കളേയുമാണ്. ഭാര്യ മെര്‍ലിന്‍, മക്കളായ എട്ടുവയസുകാരി സോണ, അഞ്ച് വയസുകാരി റാണ എന്നിവരാണ് മരിച്ചത്. എന്താണ് സംഭവിച്ചത് എന്ന് ആദ്യഘട്ടത്തില്‍ ആര്‍ക്കും വ്യക്തമായില്ല. മരണത്തിന് കാരണമായേക്കാവുന്ന മുറിവുകളൊന്നും ശരീരത്തിലില്ല. എങ്ങനെയാണ് ഇവര്‍ മരിച്ചതെന്ന് പൊലീസിനും ആദ്യം പിടികിട്ടിയില്ല. ഒടുവില്‍ ആത്മഹത്യ ആയിരിക്കാം എന്ന നിഗമനത്തിലെത്തി.
എന്നാല്‍ ഭാര്യ ആത്മഹത്യ ചെയ്യില്ല എന്ന നിലപാടില്‍ ടോമി ഉറച്ചുനിന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലപ്രയോഗത്തിന്റെ സാധ്യതകള്‍ തെളിഞ്ഞു. കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് വിഷം അകത്തുചെന്നതാണ് മരണകാരണം എന്ന് വ്യക്തമായത്. ടോമി സമ്പന്നനായതിനാല്‍ തന്നെ മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാകാം എന്നതടക്കം പല സാധ്യതകളടക്കം പൊലീസ് പരിശോധിച്ചു. വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിയുന്നത്. കൊലപാതകം നടന്ന് 12ാംനാള്‍ പ്രതികള്‍ അറസ്റ്റിലായി. സംഭവത്തിന് പിന്നില്‍ ടോമിയുടെ സഹോദരന്റെ ഭാര്യ അമ്മിണിയായിരുന്നു.
എന്തിനായിരിക്കും അമ്മിണി അത്തരമൊരു ക്രൂരകൃത്യം ചെയ്തത്?
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ടോമിയുടെ കുടുംബത്തെ ഇല്ലാതാക്കിയത് സയനൈഡ് എന്ന മാരക വിഷം ഉപയോഗിച്ചാണ്. അവരെ ഇല്ലാതാക്കാന്‍ കൂടോത്രങ്ങളും ആഭിചാരങ്ങളുമെല്ലാം പരീക്ഷിച്ച് പരാജയപ്പെട്ടതോടെയാണ് സയനൈഡ് ഉപയോഗിക്കുന്നത്. സമീപത്തെ സ്വര്‍ണപണിക്കാരന്റെ കൈയില്‍ നിന്നാണ് സയനൈഡ് വാങ്ങുന്നത്. കൃത്യം നിര്‍വ്വഹിക്കാന്‍ അമ്മിണിക്ക് മൂന്ന് സഹായികളും ഉണ്ടായിരുന്നു. അമ്മിണിയുടെ സഹായികള്‍ രാത്രി ടോമിയുടെ വീട്ടിലെത്തുകയും ഭാര്യയായ മെര്‍ലിയും കുട്ടികളും മാത്രമേയുള്ളു എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം മെര്‍ലിയെ പിറകില്‍ നിന്ന് ബലമായിപിടിച്ച് സയനൈഡ് നല്‍കുകയായിരുന്നു. വിഷം വായയിലേക്ക് നിര്‍ബന്ധമായി ഒഴിപ്പിച്ചാണ് മൂവരെയും ഇല്ലാതാക്കിയത്.
കടയില്‍നിന്ന് തിരിച്ചെത്തുന്ന ടോമിയേയും ഇല്ലാതാക്കാനായിരുന്നു പദ്ധതി. എന്നാല്‍ കൊലപാതകത്തിനിടെ അമ്മിണിയുടെ സഹായിയുടെ വിരലില്‍ മെര്‍ലിന്‍ കടിച്ചതിനാല്‍ ടോമിയെ കൊല്ലാനുള്ള പദ്ധതി പാളി. ടോമി കടയില്‍നിന്ന് വരുന്നതുവരെ കാത്തുനില്‍ക്കാതെ അവര്‍ മടങ്ങി. വിരല്‍ മുറിഞ്ഞത് ചികിത്സിക്കാനെത്തിയപ്പോഴാണ് സഹായികള്‍ പൊലീസിന്റെ പിടിയിലായത്. നീണ്ട വിചാരണയില്‍ അമ്മിണിയെ ജീവപര്യന്തത്തിനാണ് കോടതി ശിക്ഷിച്ചത്. വിധവയായതിനാലും രണ്ട് മക്കളുള്ളതിനാലുമാണ് കോടതി അമ്മിണിക്ക് വധശിക്ഷ ഒഴിവാക്കിയത്.
ടോമിയും അമ്മിണിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസും സഹോദരന്മാരാണ്. ഫ്രാന്‍സിസിന്റെ മരണശേഷമുണ്ടായ സ്വത്ത് തര്‍ക്കമാണ് കൊലപാകത്തില്‍ കലാശിച്ചത്. കോടതി വധശിക്ഷ ഒഴിവാക്കിയെങ്കിലും പരോളിലിറങ്ങിയ അമ്മിണി ജീവനൊടുക്കി. സയനൈഡ് ഉപയോഗിച്ചുള്ള മരണങ്ങള്‍ സ്വാഭാവിക മരണമെന്നാണ് പലപ്പോഴും കരുതുന്നത്. മറ്റ് ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല, എന്നതിനാലാണ് ഇത്. കൂടത്തായി കേസിലടക്കം ഈ കാരണം കൊണ്ടാണ് പ്രതികളെ തിരിച്ചറിയാന്‍ വൈകിയത്.
സാം എബ്രഹാം കൊലക്കേസ്
2015-ല്‍ ഓസ്ട്രേലിയയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലക്കേസായിരുന്നു മലയാളിയായ സാം എബ്രഹാമിന്റേത്. ഈ കൊലപാകതത്തിലും ഉപയോഗിച്ചത് സയനൈഡ് ആണ്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്ന് സാം മരിച്ചു എന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ പത്ത് മാസങ്ങള്‍ക്ക് ശേഷം സാംമിന്റെ ഭാര്യ സോഫിയയേയും, സോഫിയയുടെ കാമുകന്‍ അരുണിനെയും വിക്ടോറിയ പൊലീസ് അറസ്റ്റു ചെയ്തതോടെയായിരുന്നു മരണം കൊലപാതകമാണെന്ന് പുറംലോകം അറിയുന്നത്. ഭാര്യയും കാമുകനും ചേര്‍ന്ന് സയനൈഡ് നല്‍കിയാണ് സാമിനെ കൊലപ്പെടുത്തിയത്. എന്നാല്‍ ആദ്യം ആര്‍ക്കും മരണത്തില്‍ സംശയമുണ്ടായിരുന്നില്ല. പിന്നീട് വിക്ടോറിയ പൊലീസിന്റെ കൃത്യമായ അന്വേഷണത്തില്‍ കേസ് തെളിയുകയായിരുന്നു.
പണ്ട് റഷ്യന്‍ പ്രഭുക്കന്മാര്‍ റാസ്പുട്ടിനെ കൊല്ലാന്‍ ശ്രമിച്ചതും സയനൈഡ് ഉപയോഗിച്ചാണ്. പക്ഷെ അന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. ലോകചരിത്രത്തില്‍ കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും സയനൈഡ് ഉപയോഗിച്ച മറ്റ് പല സംഭവങ്ങളുമുണ്ട്. ജര്‍മ്മനിയുടെ പരാജയത്തിന് ശേഷം ഹിറ്റ്ലറിന്റെ കാമുകിയടക്കം ഇതേ രാസവസ്തു ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത് എന്നാണ് ചരിത്രം.
ഇന്ത്യയിലെ രണ്ട് പരമ്പര കൊലയാളികള്‍ സയനൈഡിന്റെ പേരിലാണ് അറിയപ്പെടുന്നത് തന്നെ. സയനൈഡ് മല്ലികയും സയനൈഡ് മോഹനനും. മല്ലിക ഏഴ് പേരെയാണ് സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മോഹനന്‍ 20 യുവതികളെയും സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തി.
Adjust Story Font
16