സ്വന്തം ബൈക്കിൽ തൊട്ടതിന് ഹെഡ്മാസ്റ്റർ ദലിത് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധത്തിനു പിന്നാലെ സസ്‌പെൻഷൻ
നാട്ടുകാർ പ്രതിഷേധവുമായി സ്‌കൂൾ ഉപരോധിച്ചതോടെയാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്
ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്വന്തം ബൈക്കിൽ തൊട്ടതിന് ദലിത് വിദ്യാർത്ഥിക്ക് സ്‌കൂൾ ഹെഡ്മാസ്റ്ററുടെ ക്രൂരമർദനം. ബല്ലിയ ജില്ലയിലാണ് ആറാംക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി അടിക്കുകയും മർദിക്കുകയും ചെയ്തത്. വിദ്യാർത്ഥിയെ ക്ലാസ്മുറിയിൽ പൂട്ടിയിടുകയും ചെയ്തു. സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതോടെ സ്‌കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണ മോഹൻ ശർമയെ സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്.
ബല്ലിയയിലെ നഗ്രയിലുള്ള റാണോപൂർ പ്രീ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇന്റർവെല്ലിനിടെ സ്‌കൂൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന കൃഷ്ണ മോഹന്റെ ബൈക്ക് 11കാരൻ തൊട്ടതായിരുന്നു പ്രകോപനം. സംഭവം അറിഞ്ഞ് ക്ഷോഭിച്ച അധ്യാപകൻ വിദ്യാർത്ഥിയെ വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. വരാന്തയിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്തു.
മർദനത്തിൽ കുട്ടിയുടെ ദേഹമാസകലം മുറിവേറ്റിരുന്നു. പിന്നീട് മുറിവുകളിൽ ഇതേ അധ്യാപകൻ ഓയിൻമെന്റ് പുരട്ടിക്കൊടുക്കുകയും വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. എന്നാൽ, വീട്ടിലെത്തിയ കുട്ടി സംഭവിച്ചതെല്ലാം മാതാപിതാക്കളോട് വിവരിക്കുകയായിരുന്നു. ദേഹത്തുള്ള മുറിവുകൾ കാണിച്ചുകൊടുക്കുകയും ചെയ്തു. തുടർന്നാണ് വിവരം നാട്ടുകാർ അറിയുന്നത്.
ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി സ്‌കൂളിലെത്തി. സ്‌കൂൾ ഗേറ്റ് ഉപരോധിക്കുകയും ചെയ്തു. അധ്യാപകനെതിരെ നടപടി സ്വീകരിക്കാതെ സ്‌കൂൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ഇവർ മുന്നറിയിപ്പ് നൽകി. ഇതോടെയാണ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ സ്ഥലത്തെത്തി അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.
Summary: A headmaster of a pre-secondary school in Ballia, Krishna Mohan Sharma, was suspended for brutally beating a Dalit boy of class VI for touching his motorcycle
Adjust Story Font
16