വാസ്തുവിദഗ്ധൻ ചന്ദ്രശേഖർ ഗുരുജിയെ അജ്ഞാതർ കൊലപ്പെടുത്തി
ലോബിയിൽ കസേരയിൽ ഇരിക്കുകയായിരുന്ന ചന്ദ്രശേഖറിന്റെ കാൽതൊട്ടു വണങ്ങാനെന്ന മട്ടിൽ കുനിഞ്ഞ അക്രമികൾ മൂർച്ചയുള്ള ആയുധമുപയോഗിച്ച് കുത്തുകയായിരുന്നു
ഹുബ്ലി: കർണാടകയിലെ പ്രസിദ്ധായ വാസ്തു വിദഗ്ധൻ ചന്ദ്രശേഖർ ഗുരുജി കൊല്ലപ്പെട്ടു. ഹുബ്ലിയിൽ ചന്ദ്രശേഖർ മുറിയെടുത്തിരുന്ന സ്വകാര്യ ഹോട്ടലിൽ ഉപദേശം തേടാനെന്ന വ്യാജേന എത്തിയ അക്രമികൾ അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കർണാടകയിലെ ടെലിവിഷൻ ചാനലുകളിൽ 'സരള വാസ്തു' പരിപാടികൾ അവതരിപ്പിച്ചിരുന്ന ചന്ദ്രശേഖർ ഗുരുജി, വാസ്തു രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു. രാഷ്ട്രീയക്കാരും ബിസിനസുകാരുമടക്കം നിരവധി പേർ ഉപദേശം തേടി ചന്ദ്രശേഖറിനെ സമീപിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ചന്ദ്രശേഖർ ഹുബ്ലി ഉൻകലിലുള്ള പ്രസിഡണ്ട് ഹോട്ടലിൽ മുറിയെടുത്തത്. ഇന്നു രാവിലെ അദ്ദേഹത്തെ കാണാനെന്ന പേരിൽ ഹോട്ടലിലെത്തിയ രണ്ടുപേർ ഹോട്ടലിലെത്തി. ലോബിയിൽ കസേരയിൽ ഇരിക്കുകയായിരുന്ന ചന്ദ്രശേഖറിന്റെ കാൽതൊട്ടു വണങ്ങാനെന്ന മട്ടിൽ കുനിഞ്ഞ അക്രമികൾ അദ്ദേഹത്തെ മൂർച്ചയുള്ള ആയുധമുപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് ഹോട്ടൽ സ്റ്റാഫ് പൊലീസിന് മൊഴി നൽകി.
ചുറ്റും ആളുകൾ ഉണ്ടായിരുന്നെങ്കിലും അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുംമുമ്പ് ചന്ദ്രശേഖറിന് മാരകമായി പരിക്കേൽപ്പിച്ച് അക്രമികൾ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ അദ്ദേഹത്തെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവനഷ്ടം സംഭവിച്ചിരുന്നു.
കൊലപാതകത്തിന്റെ പ്രേരകം എന്താണെന്ന് വ്യക്തമല്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു. അക്രമികൾ ബഗൽകോട്ട് ഭാഗത്തുനിന്നുള്ളവരാണെന്ന സംശയമുണ്ട്. കൊലപാതകം സംബന്ധിച്ചുള്ള വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ഹുബ്ലി പൊലീസ് കമ്മീഷണർ ലാഭു റാമിന് നിർദേശം നൽകിയിട്ടുണ്ട്.
സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയായ ചന്ദ്രശേഖർ ഗുരുജി വാസ്തുസംബന്ധമായ ടെലിവിഷൻ പരിപാടികളിലൂടെയാണ് ശ്രദ്ധേയനായത്. സരള ജീവന, സരള വാസ്തു, മനേഗഗി വാസ്തു തുടങ്ങിയ അദ്ദേഹത്തിന്റെ ടെലിവിഷൻ പരിപാടികളാണ്. വാസ്തുപരിഹാരങ്ങൾക്കായി അദ്ദേഹം സരള അക്കാദമിയും നടത്തുന്നുണ്ട്. 2016-ൽ സരള ജീവന എന്ന പേരിൽ ഒരു ടി.വി ചാനലും അദ്ദേഹം ആരംഭിച്ചു.
Adjust Story Font
16