Quantcast

ഇന്ത്യൻ സമ്പദ് രംഗം; വിക്ടർ ഹ്യൂഗോക്കും റോബർട്ട് ഫ്രോസ്റ്റിനുമിടയിൽ!

ഇന്ത്യയുടെ ഭാഗധേയം നിർണയിച്ച 1991ലെ ബജറ്റിന് മുപ്പത് വയസ്സ്

MediaOne Logo

എം അബ്ബാസ്‌

  • Updated:

    2021-07-24 11:34:06.0

Published:

24 July 2021 7:18 AM GMT

ഇന്ത്യൻ സമ്പദ് രംഗം; വിക്ടർ ഹ്യൂഗോക്കും റോബർട്ട് ഫ്രോസ്റ്റിനുമിടയിൽ!
X

'നരസിംഹ റാവു പ്രധാനമന്ത്രിയായി ചുമതലയേറ്റ് രണ്ടാഴ്ച തികഞ്ഞതേയുള്ളൂ. ദക്ഷിണ ബോംബെയിലെ റിസർവ് ബാങ്ക് ആസ്ഥാനത്തു നിന്ന് കവചിത വാഹനങ്ങളുടെ അകമ്പടിയോടെ ഒരു വാഹനവ്യൂഹം 35 കിലോമീറ്റർ അകലെയുള്ള സഹാർ വിമാനത്താവളത്തിലേക്ക് കുതിച്ചു. ഒരു രാഷ്ട്രനായകന് നൽകുന്ന സുരക്ഷയാണ് ആ യാത്രയ്ക്കായി ഒരുക്കിയിരുന്നത്. വാഹനവ്യൂഹത്തിലെ വാനുകളിലൊന്നിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു-21 ടൺ സ്വർണം. വിമാനത്താവളത്തിൽ ഹെവി ലിഫ്റ്റ് കാർഗോ എയർലൈൻസിന്റെ വിമാനം തയ്യാറായിരുന്നു. സ്വർണം ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്ക് പറന്നു. കാലാവധി കഴിഞ്ഞ വായ്പകൾ തിരിച്ചടക്കാനുള്ള ഡോളറുകളാണ് നരസിംഹറാവു ഗവൺമെന്റിന് പകരം കിട്ടിയത്.'

തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇന്ത്യ അകപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ എടുത്ത തന്ത്രപ്രധാന തീരുമാനത്തെ ഹാഫ് ലയൺ, ഹൗ പി.വി നരസിംഹ റാവു ട്രാൻസ്‌ഫോംഡ് ഇന്ത്യ എന്ന പുസ്തകത്തിൽ വിനയ് സീതാപതി വരച്ചു കാണിക്കുന്ന രംഗമാണിത്. കുറഞ്ഞ സാമ്പത്തിക വളർച്ച, ദാരിദ്ര്യം, തകർന്ന അടിസ്ഥാന സൗകര്യം, പെരുകിയ കടം എന്നിവ മെച്ചപ്പെടുത്താൻ സർക്കാറിന് മുമ്പിൽ സ്വർണം വിൽക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. യുദ്ധങ്ങൾ നടന്ന കാലത്തും പ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും അതൊന്നും 1991ലേത് പോലെ ആയിരുന്നില്ല.

പ്രതിസന്ധി മറികടക്കാൻ ജനീവയിലെ സൗത്ത് കമ്മിഷനിൽ സെക്രട്ടറി ജനറലായിരുന്ന കാംബ്രിഡ്ജിൽ പഠിച്ച മൻമോഹൻ സിങ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞനെയാണ് റാവു ആശ്രയിച്ചത്. അതിലും മികച്ച ഒരാളെ റാവുവിന് കിട്ടാനുണ്ടായിരുന്നില്ല. പരിഷ്‌കരണത്തിനു വേണ്ട ഏതു നടപടിയും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമാണ് റാവു മൻമോഹന് നൽകിയത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അമർനാഥ് വർമ ഇരുവർക്കുമിടയിലെ പാലമായി. വർമയും മുഖ്യസാമ്പത്തിക ഉപദേഷ്ടാവായ രാകേഷ് മോഹനും ചേർന്നാണ് പുതിയ വ്യവസായ നയത്തിന് രൂപം നൽകിയത്.

ഇന്ത്യയെ മാറ്റി മറിച്ച ബജറ്റ്

സാമ്പത്തിക പ്രതിസന്ധിയുടെ കയത്തിൽ രാജ്യം അന്തിച്ചു നിൽക്കുന്ന വേളയിലാണ്, 1991 ജൂലൈ 24ന് റാവു സർക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. സമ്പദ് രംഗത്തെ ഉടച്ചുവാർത്ത പരിഷ്‌കാരങ്ങളുമായി അവതരിപ്പിക്കപ്പെട്ട ബജറ്റിന് ഇന്നേക്ക് മുപ്പത് വർഷമാകുന്നു. ബജറ്റിന് ചുക്കാൻ പിടിച്ച മൻമോഹൻ രാജ്യത്തിന്റെ സമ്പദ്‌രംഗം ദുർബലമാകുന്നതിന് സാക്ഷിയായി, ഇങ്ങനെ പോയാൽ കൈവിട്ടു പോകുമെന്ന ഓർമപ്പെടുത്തലുമായി മോത്തിലാൽ നെഹ്‌റു പ്ലേസിലെ വീട്ടിൽ ഇപ്പോഴുമുണ്ട്.

നരസിംഹ റാവുവിന് ഒപ്പം മന്‍മോഹന്‍ സിങ്

പ്രതിസന്ധിയുടെ ആഴം

നാലു മണിക്കൂർ പത്തു മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തിൽ രാജ്യം അകപ്പെട്ട പ്രതിസന്ധിയുടെ ഗുരുതരാവസ്ഥയെ കുറിച്ച് മൻമോഹൻ മറച്ചുവച്ചില്ല. പ്രസംഗം ഇങ്ങനെയായിരുന്നു.

'അഗാന്ധമായ പ്രതിസന്ധിയിൽ അകപ്പെട്ട സമ്പദ് വ്യവസ്ഥയാണ് ഒരു മാസം മുമ്പ് മാത്രം അധികാരത്തിൽ വന്ന സർക്കാറിന് പൈതൃകമായി കിട്ടിയത്. ഭീതിതമാണ് സാഹചര്യങ്ങൾ. ജനങ്ങൾ ഇരട്ടയക്ക പണപ്പെരുപ്പം അഭിമുഖീകരിക്കുന്നു. സമൂഹത്തിലെ ദരിദ്രരെയാണ് അതു കൂടുതൽ ബാധിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല'

ജിഡിപിയുടെ 23 ശതമാനമായിരുന്നു അക്കാലത്തെ വിദേശകടം. ആഭ്യന്തര കടം ജിഡിപിയുടെ 55 ശതമാനത്തോളം. ധനക്കമ്മി എട്ടു ശതമാനവും അക്കൗണ്ട് കമ്മി 2.5 ശതമാനവും. ധനക്കമ്മി, പേയ്‌മെന്റ് ബാലൻസ്, വിലപ്പെരുപ്പം, വ്യവസായ വികസനം, ബാങ്കിങ്, വിദേശ നിക്ഷേപം, കരുതൽ ശേഖരം തുടങ്ങി രാജ്യത്തിന്റെ കണക്കു പുസ്തകത്തിലെ വരവു ചെലവുകൾ എണ്ണിപ്പറഞ്ഞ ബജറ്റ് പ്രസംഗം മൻമോഹൻ അവസാനിപ്പിച്ചത് 'സമയമെത്തിയ ഒരാശയത്തെ തടയാൻ ലോകത്തിലെ ഒരു ശക്തിക്കുമാകില്ല' എന്ന ഫ്രഞ്ച് എഴുത്തുകാരൻ വിക്ടർ ഹ്യൂഗോയുടെ വാക്കുകൾ കൊണ്ടായിരുന്നു.

ലൈസൻസ് രാജിന് അവസാനം

പ്രതിസന്ധികളിൽ സാധ്യതകളുടെ പുതിയ ആകാശത്തിന് നിറം നൽകുകയായിരുന്നു മൻമോഹൻ. 91ലെ വ്യവസായ നയം പ്രധാനമായും അഞ്ചു മേഖലകളിലാണ് ശ്രദ്ധയൂന്നിയത്. 1- വ്യവസായ ലൈസൻസിങ്. 2- വിദേശനിക്ഷേപം. 3- വിദേശ സാങ്കേതിക കരാറുകൾ. 4-പൊതുമേഖല. 5- 1969ലെ മൊണോപൊളി ആൻഡ് റസ്ട്രിക്ടീവ് ട്രേഡ് പ്രാക്ടീസ് (എംആർടിപി) ആക്ട്. ബജറ്റോടെ ലൈസൻസ് രാജിന് അറുതിയായി. 18 വ്യവസായങ്ങൾക്ക് ഒഴികെ എല്ലാ മേഖലയിലെയും വ്യവസായ ലൈസൻസിങ് ഒഴിവാക്കി. തന്ത്രപ്രധാന മേഖല ഒഴികെയുള്ള ഇടങ്ങൾ സ്വകാര്യ-വിദേശ നിക്ഷേപങ്ങൾക്കായി തുറന്നു കൊടുത്തു. പൊതുമേഖലാ സംവിധാനങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നതിന്റെ സൂചന കൂടിയായിരുന്നു ഇത്. ഈ നയം പിന്നീട് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കലിന് നിമിത്തമായി. അതിന്നും തുടരുന്നു.


സ്വകാര്യ മേഖലയാണ് സാമ്പത്തിക പരിഷ്‌കരണത്തിൽ തളിർത്തത്. പുതിയ വ്യവസായ നയം തന്നെ അതിനു വേണ്ടിയായിരുന്നു. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി. ഐടി അധിഷ്ഠിത വ്യവസായങ്ങളിൽ വലിയ മാറ്റമാണ് ഉണ്ടായത്. 91ൽ ഏറെ ശുഷ്‌കമായിരുന്ന ഐടി മേഖല ഇന്ന് 4.47 ദശലക്ഷം പേർക്ക് ജോലി നൽകുന്ന 194 ബില്യണിന്റെ വ്യവസായമാണെന്നാണ് വ്യവസായ അസോസിയേഷനായ നാസ്‌കോമിന്റെ കണക്ക്.

'ഐഎംഎഫിനു വേണ്ടിയുള്ള ബജറ്റ്'

മൻമോഹൻ അവതരിപ്പിച്ച സാമ്പത്തിക ഉദാരവൽക്കരണത്തെ വിമർശിച്ചവരും ഏറെയാണ്. അന്താരാഷ്ട്ര നാണയ നിധിക്ക് വേണ്ടി രൂപം നൽകിയ ബജറ്റ് എന്നതായിരുന്നു പ്രധാന വിമർശനം. രാസവളങ്ങൾക്കുള്ള സബ്‌സിഡി എടുത്തു കളഞ്ഞത്, പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിച്ചത്, പഞ്ചസാരയുടെ നികുതി കൂട്ടിയത്... ഇങ്ങനെ വിമർശകർക്കും എണ്ണിപ്പറയാൻ ഒരുപാടുണ്ടായിരുന്നു. നെഹ്‌റുവിയൻ പൈതൃകത്തെ സമ്പൂർണമായി തിരസ്‌കരിക്കുന്ന ബജറ്റ് എന്നാണ് ബിജെപി നേതാവ് ജസ്വന്ത് സിങ് വിശേഷിപ്പിച്ചത്. ബഹുരാഷ്ട്ര കുത്തകകൾക്ക് രാജ്യത്തിന്റെ പരമാധികാരം അടിയറ വച്ചു എന്നാണ് ജനതാദൾ നേതാവ് ജോർജ് ഫെർണാണ്ടസ് കുറ്റപ്പെടുത്തിയത്. എന്നാൽ ബജറ്റിനെ ഉപാധികളോടെ സ്വാഗതം ചെയ്യുകയായിരുന്നു പിന്നീട് പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പേയി.


വിമർശനങ്ങൾ ഒരു പരിധി വരെ യാഥാർത്ഥ്യമായിരുന്നു. രാജ്യത്തിന്റെ സമ്പദ് രംഗം മെച്ചപ്പെട്ടെങ്കിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഭീതിതമായ രീതിയിൽ വർധിച്ചു. ഒരിക്കൽ കേരളത്തിൽ നടന്ന ചടങ്ങിൽ ഇതേക്കുറിച്ച് മൻമോഹൻ തന്നെ സംസാരിക്കുകയുണ്ടായി. എന്നാൽ അക്കാലത്ത് വിമർശനങ്ങൾ ഉന്നയിച്ച ബിജെപി ഉദാരവൽക്കരണ നയം ഉപേക്ഷിച്ചില്ല എന്നതാണ് ശ്രദ്ധേയം. മോദി സർക്കാർ വിവേചനരഹിതമായി അതു തുടരുകയും ചെയ്യുന്നു.

'മുമ്പിലുള്ളത് ഭയപ്പെടുത്തുന്ന പാത'

രാജ്യത്തെ മാറ്റിമറിച്ച സാമ്പത്തിക പരിഷ്‌കരണത്തിന് മുപ്പതാണ്ട് തികയുമ്പോൾ മറ്റൊരു പ്രതിസന്ധിയുടെ മുഖത്താണ് ഇന്ത്യ. നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ കാലം തെറ്റിയുള്ള പരിഷ്‌കരണ നടപടികൾക്ക് ശേഷം കോവിഡ് മഹാമാരി സമ്പദ് ഘടനയുടെ താളം തെറ്റിച്ചിരിക്കുന്നു. ധനമന്ത്രി പദത്തിൽ നിന്ന് രണ്ടു തവണ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരുന്ന മൻമോഹൻ രാജ്യത്തെ വളർച്ചയുടെ ട്രാക്കിലെത്തിക്കാൻ നൽകിയ സംഭാവന ചെറുതല്ല. ആ മേൽക്കൈ രാജ്യത്തിന് നഷ്ടമായിട്ടുണ്ട്. 91ലെ സാമ്പത്തിക പ്രതിസന്ധിയേക്കാൾ ഭയാനകമാണ് നിലവിലെ സാഹചര്യങ്ങൾ എന്നാണ് മൻമോഹൻ ഓർമിപ്പിക്കുന്നത്.

'സമയമെത്തിയ ഒരാശയത്തെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും ആകില്ലെന്ന വിക്ടർ ഹ്യൂഗോവിന്റെ കവിത ഉദ്ധരിച്ചാണ് 1991-ൽ ധനമന്ത്രി എന്ന നിലയിൽ ഞാൻ ബജറ്റു പ്രസംഗം അവസാനിപ്പിച്ചത്. മുപ്പതു വർഷത്തിനുശേഷം നാം രാജ്യമെന്നനിലയിൽ റോബർട്ട് ഫ്രോസ്റ്റിന്റെ കവിത ഓർക്കണം- എങ്കിലുമെനിക്ക് വാഗ്ദാനങ്ങൾ പാലിക്കേണ്ടതുണ്ട്. ഉറങ്ങുംമുമ്പ് മൈലുകൾ താണ്ടേണ്ടതുണ്ട്'- മൻമോഹൻ എഴുതി.


TAGS :

Next Story