വായ്പനിരക്ക് ഉയർത്തി എസ്.ബി.ഐ; ഇ.എം.ഐ ഉയരും
ഞായറാഴ്ച മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്
ഡൽഹി: ആർ.ബി.ഐ റിപ്പോനിരക്ക് ഉയർത്തിയതിന്റെ ചുവടുപിടിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്.ബി.ഐ പലിശനിരക്ക് ഉയർത്തി. അടിസ്ഥാന പലിശനിരക്കായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്റിങ് നിരക്കിൽ പത്ത് ബേസിക് പോയന്റിന്റെ വർധനയാണ് എസ്.ബി.ഐ വരുത്തിയത്. എല്ലാ വായ്പകൾക്കും ഇത് ബാധകമാണ്.
ഞായറാഴ്ച മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് അടിസ്ഥാന വായ്പാനിരക്കിൽ എസ്.ബി.ഐ വർധന വരുത്തുന്നത്. മൂന്ന് മാസ കാലയളവുള്ള വായ്പകളുടെ എം.സി.എൽ.ആർ 6.85 ശതമാനമായി ഉയർന്നു.
നേരത്തെ ഇത് 6.75 ശതമാനമായിരുന്നു. മൂന്ന് വർഷത്തെ വായ്പയുടെ എം.സി.എൽ.ആർ 7.50 ശതമാനമായാണ് ഉയർന്നത്. സമാനമായ നിലയിൽ മറ്റു വായ്പകളുടെ പലിശനിരക്കും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പണപ്പെരുപ്പനിരക്ക് ഉയർന്നതിനെ തുടർന്ന് റിസർവ് ബാങ്ക് റിപ്പോനിരക്ക് ഉയർത്തിയത്. 40 ബേസിക് പോയന്റിന്റെ വർധനയാണ് വരുത്തിയത്. 4.40 ശതമാനമാണ് നിലവിൽ റിപ്പോനിരക്ക്.
Adjust Story Font
16