Quantcast

സെബിയുടെ എക്‌സ് അക്കൗണ്ട് എന്തിന് പൂട്ടി? വിവരങ്ങൾ ഒളിപ്പിക്കുന്നോ?-ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നാലെ ദുരൂഹതയുയർത്തി പ്രതിപക്ഷം

അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള അന്വേഷണം നടക്കുമ്പോൾ ഇതേ സ്ഥാപനത്തിന്റെ ഭാഗമായ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് സെബി ചെയർപേഴ്‌സൻ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ടോ എന്ന് കാര്‍ത്തി ചിദംബരം ചോദിച്ചു

MediaOne Logo

Web Desk

  • Published:

    11 Aug 2024 12:31 PM GMT

Regulations not changed to help Adani: Sebi rejects Hindenburg report, latest news malayalam, big breaking, sebi, goutham adani,madhabi puri buch, അദാനിയെ സഹായിക്കാൻ നിയന്ത്രണങ്ങളിൽ മാറ്റംവരുത്തിയിട്ടില്ല: ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി
X

മാധവി ബുച്ച്(ഇടത്ത്)

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള റിപ്പോർട്ട് വലിയ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെ ഹിൻഡൻബർഗിന്റെ പുതിയ വെളിപ്പെടുത്തലിലും രാജ്യത്ത് വിവാദം പുകയുകയാണ്. ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ(സെബി) ചെയർപേഴ്‌സൻ മാധവി പുരി ബുച്ചിന് അദാനിയുടെ വിദേശത്തെ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഷെൽ കമ്പനികളിൽ മാധവിക്കും ഭർത്താവ് ധവാൽ ബുച്ചിനും ഉൾപ്പെടെ നിക്ഷേപമുള്ളതായി വെളിപ്പെടുത്തൽ. അതിനിടെ, സെബിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിനെചൊല്ലിയും പുതിയ ദുരൂഹതകൾ ഉയരുകയാണ്.

സെബിയുടെ എക്‌സ്(പഴയ ട്വിറ്റർ) അക്കൗണ്ട് പൂട്ടിക്കിടക്കുകയാണ്. നേരത്തെ അക്കൗണ്ട് ഫോളോ ചെയ്യുന്നവർക്കു മാത്രമേ ഇപ്പോൾ അക്കൗണ്ടിലെ പോസ്റ്റുകൾ കാണാനും റീപ്ലേ നൽകാനും റീപോസ്റ്റ് ചെയ്യാനുമാകൂ. ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ടിനു പിന്നാലെയാണ് അക്കൗണ്ട് ലോക്ക് ചെയ്ത് പ്രൈവറ്റ് ആക്കിവച്ചതെന്ന തരത്തിൽ സംശയം ഉയർന്നിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിനു മുൻപേ അക്കൗണ്ട് പ്രൈവറ്റാക്കിയിട്ടുണ്ടെന്നാണു വസ്തുതാന്വേഷകനായ മുഹമ്മദ് സുബൈർ പറയുന്നത്.

അതിനിടെ, പൊതുസ്ഥാപനത്തിന്റെ അക്കൗണ്ട് എന്തുകൊണ്ട് സുതാര്യമാക്കിവയ്ക്കാതെ പൂട്ടിയിരിക്കുന്നുവെന്ന ചോദ്യങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർലമെന്റ് അംഗം കാർത്തി ചിദംബരം, ഉദ്ദവ് ശിവസേന രാജ്യസഭാ അംഗം പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ളവർ ദുരൂഹത സംശയിച്ചു രംഗത്തെത്തിയിട്ടുണ്ട്. അദാനി ഓഹരി തട്ടിപ്പ് കേസിൽ നിർണായകമാകാനിടയുള്ള വിവരങ്ങൾ നീക്കം ചെയ്യാനാണോ ഇതെന്ന സംശയങ്ങളും ഉയരുന്നുണ്ട്.


മോദാനി കുംഭകോണത്തിൽ സെബിക്കും സ്ഥാപനത്തിന്റെ തലപ്പത്തുള്ളവർക്കുമെതിരെ കുറ്റം നീളാനിടാക്കുന്ന മുൻപ് പോസ്റ്റുകളും വാർത്താകുറിപ്പുകളും ഡിലീറ്റ് ചെയ്യാനാണോ അക്കൗണ്ട് ലോക്ക് ചെയ്തതെന്നാണ് ജയറാം രമേശ് ചോദിച്ചത്. ലോക്ക് ചെയ്തതു കാരണം പൊതുസമൂഹത്തിന് സെബി അക്കൗണ്ട് നിലവിൽ കാണാനാകുന്നില്ല. കുറച്ചുമുൻപേ ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. സ്ഥാനപത്തിന്റെ ഉന്നതതലത്തിലുള്ളവർക്കെതിരെ 'കോൺഫ്‌ളിക്ട് ഓഫ് ഇന്ററസ്റ്റ്'(പക്ഷപാതത്തിനുള്ള സാധ്യത) തെളിവുകൾ പുറത്തുവരുമ്പോൾ ഇത്തരത്തിൽ അക്കൗണ്ട് അടഞ്ഞുകിടക്കുന്നത് ദുരൂഹതയുണർത്തുന്നതാണ്. കുറച്ചു മാസങ്ങളായി മോദാനി വിവാദം പുകയുന്നുണ്ട്. കേസിൽ സെബിയുടെ നിഷ്‌ക്രിയത്വം നിരാശപ്പെടുത്തുന്നതാണെന്നും ജയറാം രമേശ് പറഞ്ഞു.

സെബി ഒരു ദേശീയ സ്വത്താണ്. അതേക്കുറിച്ചുള്ള വിവരങ്ങൾ പൊതുസമൂഹത്തിൽനിന്നു മറച്ചുവയ്ക്കാൻ അധികാരികൾക്കാകില്ലെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ അക്കൗണ്ട് അടച്ചുവയ്ക്കുന്നത് പക്വവും നല്ല നടപടിയുമല്ല. ഓഹരി വിപണി നിയന്ത്രിക്കുന്ന ഒരു സ്വതന്ത്ര അതോറിറ്റിയുടെ അടയാളവുമല്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

ഒരു പൊതുസ്ഥാപനം എങ്ങനെയാണ് അക്കൗണ്ട് പൂട്ടിവയ്ക്കുന്നതെന്നാണ് കാർത്തി ചിദംബരം ചോദിച്ചത്. അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള അന്വേഷണം നടക്കുമ്പോൾ ഇതേ സ്ഥാപനത്തിന്റെ ഭാഗമായ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് സെബി ചെയർപേഴ്‌സൻ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അന്വേഷണത്തിലുള്ള കമ്പനിയുമായി നേരത്തെ പരിചയമുള്ള കാര്യം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ടോ? കോൺഫ്‌ളിക്ട് ഓഫ് ഇന്ററസ്റ്റ് വരാതിരിക്കാൻ അന്വേഷണത്തിൽനിന്നു മാറിനിൽക്കാതിരുന്നത് എന്തുകൊണ്ടാണെന്നം കാർത്തി സംശയമുയർത്തി.

ഒരു ലോക്ക്ഡ് അക്കൗണ്ടിനെ വിഡ്ഢികൾ ന്യായീകരിക്കുന്നത് രസകരമാണെന്ന് പ്രിയങ്ക ചതുർവേദി പറഞ്ഞു. സുതാര്യതയ്ക്കു പകരം നിരീക്ഷണങ്ങൾ തടയാൻ വേണ്ടി ട്വിറ്റർ(എക്‌സ്) അക്കൗണ്ട് പൂട്ടാൻ തീരുമാനിച്ചത് രാജ്യത്തിനു തന്നെ നാണക്കേടാണെന്നും അവർ വിമർശിച്ചു.

174.2 ലക്ഷം പേരാണ് നിലവിൽ സെബിയുടെ എക്‌സ് അക്കൗണ്ട് ഫോളോ ചെയ്യുന്നത്. 19 പേരെ സെബിയും ഫോളോ ചെയ്യുന്നുണ്ട്. 2013ൽ ആരംഭിച്ച അക്കൗണ്ട് എന്നുതൊട്ടാണ് പൂട്ടിവച്ചതെന്നു വ്യക്തമല്ല. 2020 തോട്ടേ അക്കൗണ്ട് പൂട്ടിക്കിടക്കുകയാണെന്നാണ് ബി.ജെ.പി അനുഭാവമുള്ള ഹാൻഡിലുകൾ അവകാശപ്പെടുന്നത്. 2023ലാണെന്നും ചിലർ പറയുന്നുണ്ട്. 2022 ആരംഭത്തിലാണ് മാധവ് ബൂച്ച് സെബി ചെയർപേഴ്‌സനാകുന്നത്. ഇതിനുമുൻപ് 2017 തൊട്ടുതന്നെ അവർ സെബി ജീവനക്കാരിയാണ്. 2017ൽ സെബി എക്‌സിക്യൂട്ടീവ് ഡയരക്ടറായി നിയമിതയായിരുന്നു മാധവി. 2022 മാർച്ച് ഒന്നിനാണ് ചെയർപേഴ്‌സനാകുന്നത്. മൂന്നു വർഷത്തേക്കാണു നിയമനം.

2015നാണു വിദേശ ഷെൽ കമ്പനികളിൽ ദമ്പതികൾ നിക്ഷേപം തുടങ്ങിയത്. മാധവി സെബിയിൽ ചേർന്ന 2017ൽ ദമ്പതിമാരുടെ സംയുക്ത അക്കൗണ്ട് സ്വന്തം പേരിലേക്കു മാറ്റാൻ ധവാൽ കമ്പനിക്ക് ഇ-മെയിൽ അയച്ചിരുന്നു.

2023 ജനുവരിയിലാണ് അദാനി ഓഹരി തട്ടിപ്പ് വെളിപ്പെടുത്തി ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നത്. നികുതിരഹിത വിദേശരാജ്യങ്ങളിൽ കടലാസ് കമ്പനികൾ രൂപീകരിച്ച് സ്വന്തം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപ തട്ടിപ്പ് നടത്തുന്നു എന്നതായിരുന്നു ഹിൻഡൻബർഗ് കണ്ടെത്തൽ. ഇതിനിടെയാണ് അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ വിദേശ കമ്പനികളിൽ സെബി അധ്യക്ഷയ്ക്ക് ഓഹരിയുണ്ടെന്ന പുതിയ റിപ്പോർട്ട് വരുന്നത്. മാധവി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നു പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

അദാനി ഓഹരി തട്ടിപ്പുകേസ് അന്വേഷിക്കാൻ സെബിയെ ആയിരുന്നു സുപ്രിംകോടതി ഏൽപിച്ചത്. ഏതാനും മാസങ്ങൾ കൊണ്ട് അന്വേഷണം നടത്തി അദാനി ഗ്രൂപ്പിന് ക്ലീൻചിറ്റ് നൽകുകയായിരുന്നു സെബി ചെയ്തത്. പിന്നാലെ കഴിഞ്ഞ ജൂലൈയിൽ ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടിസും നൽകിയത് സംശയങ്ങളുയർത്തിയിരുന്നു. ചെയർപേഴ്‌സനായി ചുമതലയേറ്റയുടൻ മാധവിയെ സന്ദർശിക്കാൻ അദാനി സെബി ഓഫിസിൽ എത്തിയതും ഇപ്പോൾ പ്രതിപക്ഷം പുതിയ റിപ്പോർട്ടിനോട് ചേർത്ത് ഉന്നയിക്കുന്നുണ്ട്.

Summary: Why is SEBI’s X account locked? Questions arise as public regulator goes dark after new Hindenburg report in Adani scandal

TAGS :
Next Story