ഷാരൂഖ് ഖാൻ നികുതി ഇനത്തില്‍ അടച്ചത് 92 കോടി; സെലിബ്രിറ്റികളിൽ ഒന്നാമൻ, രണ്ടാമന്‍ വിജയ്-ആദ്യ 20ൽ മോഹൻലാലും
80 കോടിയുമായി സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, വിരാട് കോഹ്ലി എന്നിവര്‍ക്കെല്ലാം മുന്നില്‍ രണ്ടാം സ്ഥാനത്താണ് വിജയ്
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി നൽകുന്ന സെലിബ്രിറ്റി താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ബിസിനസ് മാഗസിനായ 'ഫോർച്യൂൺ ഇന്ത്യ'. ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ ആണ് പട്ടികയിൽ ഒന്നാമൻ. 2023-24 സാമ്പത്തിക വർഷത്തിൽ 92 കോടി രൂപയാണ് താരം നികുതിയിനത്തിൽ സർക്കാർ ഖജനാവിലേക്ക് നൽകിയത്. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ് ആണ് പട്ടികയിൽ രണ്ടാമതുള്ളത്. സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, വിരാട് കോഹ്ലി എന്നിവരെല്ലാം ഇവർക്കും പിറകിലാണു വരുന്നത്. മോഹൻലാൽ മാത്രമാണ് മലയാളത്തിൽനിന്ന് താരനികുതി പട്ടികയിൽ ആദ്യ 20 പേരിൽ ഇടംപിടിച്ചത്. 14 കോടി രൂപയാണ് താരം കഴിഞ്ഞ വർഷം നികുതിയടച്ചത്.
സ്വാഭാവികമായും സിനിമ തന്നെയാണ് ഷാരൂഖ് ഖാന്റെ പ്രധാന വരുമാന സ്രോതസ്. കഴിഞ്ഞ വർഷം മാത്രം 2,000 കോടി രൂപയിലേറെയാണ് ബോക്‌സോഫീസിൽനിന്ന് ഷാരൂഖ് ചിത്രങ്ങൾ വാരിയതെന്നാണ് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ബോളിവുഡിൽ തന്നെ ഏറ്റവും ഇളക്കമുണ്ടാക്കിയ പത്താൻ, ജവാൻ, ഡങ്കി എന്നിങ്ങനെ മൂന്ന് ചിത്രങ്ങളും ശതകോടികളാണ് തിയറ്ററിനിന്നു വാരിയത്. സിനിമയ്ക്കു പുറമെ ബ്രാൻഡ് പ്രമോഷനുകളും ബിസിനസ് സംരംഭങ്ങളുമായും വലിയ ആസ്തിയുള്ള താരമാണ് 'ബോളിവുഡ് ബാദ്ഷാ'.
ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനെയും സൂപ്പർസ്റ്റാർ സൽമാൻ ഖാനെയും ക്രിക്കറ്റ് സൂപ്പർസ്റ്റാർ വിരാട് കോഹ്ലിയെയുമെല്ലാം ഏറെ പിന്നിലാക്കി രണ്ടാമനായ തലപ്പതി വിജയ് ആണ് താരനികുതി പട്ടികയിലെ സർപ്രൈസ്. 80 കോടി രൂപയാണ് താരം കഴിഞ്ഞ സാമ്പത്തിക വർഷം നികുതിയായി അടച്ചത്. തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും താരമൂല്യമുള്ള വ്യക്തികളിലൊരാളാണ് വിജയ്. വാരിസ്, ലിയോ എന്നിങ്ങനെ രണ്ട് സൂപ്പർ ഹിറ്റുകളാണു പോയ വർഷം വിജയ് സമ്മാനിച്ചത്. ലിയോ 600 കോടിയോളവും വാരിസ് 300 കോടിയിലേറെയുമാണു ബോക്‌സോഫീസിൽനിന്നു വാരിയത്.
2023 സിനിമയിൽ അത്ര നല്ല വർഷമായിരുന്നില്ല സൽമാൻ ഖാന്. എന്നാൽ, ടെലിവിഷൻ പരിപാടികളിലും ബ്രാൻഡ് പ്രമോഷനുകളിലും ഒന്നാമൻ താരം തന്നെയായിരുന്നു. നികുതി പട്ടികയിൽ 75 കോടിയുമായി മൂന്നാമനാണ് സൽമാൻ. 1,000 കോടി ബ്ലോക്ബസ്റ്റർ ചിത്രമായ 'കൽകി'യിൽ പ്രധാന റോളിലെത്തിയ മെഗാസ്റ്റാർ ആരണ് 71 കോടി രൂപയുമായി പട്ടികയിൽ നാലാമതുള്ളത്.
ക്രിക്കറ്റ് ലോകത്തും പുറത്തും വലിയ ആരാധകരുള്ള സൂപ്പർതാരമാണ് വിരാട് കോഹ്ലി. ക്രിക്കറ്റിനു പുറമെ മുൻനിര ബ്രാൻഡുകളുടെ അംബാസഡറും പരസ്യചിത്രങ്ങളിലെ മുഖവുമാണ് കോഹ്ലി. ഇതിനു പുറമെ ഇൻസ്റ്റഗ്രാം ഉൾപ്പെടെ സോഷ്യൽ മീഡിയയിൽനിന്നും കോടികൾ വാരിക്കൂട്ടുന്ന താരം 66 കോടി രൂപയാണ് കഴിഞ്ഞ വർഷം നികുതിയിനത്തിൽ സർക്കാർ ഖജനാവിൽ അടച്ചത്. എം.എസ് ധോണി(38 കോടി), സച്ചിൻ ടെണ്ടുൽക്കർ(23 കോടി), സൗരവ് ഗാംഗുലി(23 കോടി) എന്നിവരെല്ലാം നികുതിയിനത്തിലും കോഹ്ലിക്കും ഏറെ പിറകിലാണ്. ഹർദിക് പാണ്ഡ്യയും(13) ഋഷഭ് പന്തും(10 കോടി) പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
വനിതാ സെലിബ്രിറ്റികളിൽ ടാക്‌സ് നിരക്കിൽ മുന്നിലുള്ളത് കരീന കപൂർ ആണ്; 20 കോടി രൂപ. കിയാര അദ്വാനി(12), കത്രീന കൈഫ്(11) എന്നിവരും ആദ്യ 20 പേരിൽ ഉൾപ്പെട്ടിട്ടുണ്ട്.
പൂർണമായ സെലിബ്രിറ്റി ടാക്‌സ് വിവരങ്ങൾ ഇങ്ങനെ
ഷാരൂഖ് ഖാൻ - 92 കോടി
വിജയ് - 80 കോടി
സൽമാൻ ഖാൻ - 75 കോടി
അമിതാഭ് ബച്ചൻ - 71 കോടി
വിരാട് കോഹ്ലി - 66 കോടി
അജയ് ദേവ്ഗൺ - 42 കോടി
എം.എസ് ധോണി - 38 കോടി
രൺബീർ കപൂർ - 36 കോടി
ഋത്വിക് റോഷൻ, സച്ചിൻ ടെണ്ടുൽക്കർ - 28 കോടി
കപിൽ ശർമ - 26 കോടി
സൗരവ് ഗാംഗുലി - 20 കോടി
കരീന കപൂർ - 20 കോടി
ഷാഹിദ് കപൂർ - 14 കോടി
ഹർദിക് പാണ്ഡ്യ - 13 കോടി
കിയാര അദ്വാനി - 12 കോടി
മോഹൻലാൽ, അല്ലു അർജുൻ - 14 കോടി
പങ്കജ് തൃപാഠി, കത്രീന കൈഫ് - 11 കോടി
ആമിർ ഖാൻ, ഋഷഭ് പന്ത് - 10 കോടി
Summary: Shah Rukh Khan tops list of highest tax paying Indian celebrities with Rs 92 crore for 2023-24 financial year; Thalapathy Vijay beats Salman Khan, Amitabh Bachchan and Virat Kohli
Adjust Story Font
16