Quantcast

'ആന്തൂരിലെ റിസോര്‍ട്ടിന്‍റെ മറവില്‍ സാമ്പത്തിക തിരിമറി'; ഇ.പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി പി. ജയരാജന്‍

ഇ.പി ജയരാജന്റെ മകൻ ജെയ്‌സന്റെ പേരിൽ അനധികൃതമായി കുന്നിടിച്ച് ആയുർവേദ റിസോർട്ട് നിർമിക്കുന്ന വാർത്ത 2018ൽ 'മീഡിയവൺ' പുറത്തുവിട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-24 10:26:21.0

Published:

24 Dec 2022 7:38 AM GMT

ആന്തൂരിലെ റിസോര്‍ട്ടിന്‍റെ മറവില്‍ സാമ്പത്തിക തിരിമറി; ഇ.പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി പി. ജയരാജന്‍
X

തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനെതിരെ ഗുരുതര സാമ്പത്തിക ആരോപണം. കണ്ണൂരിലെ റിസോർട്ട് നിർമാണത്തിന്റെ മറവില്‍ സാമ്പത്തിക തിരിമറിയും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായാണ് ആരോപണം ഉയർന്നത്. പി. ജയരാജന്‍ കഴിഞ്ഞ ദിവസം നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ആക്ഷേപം ഉയർത്തിയത്.

ആന്തൂർ നഗരസഭയിലെ നാലാം വാർഡായ ഉടുപ്പക്കുന്നിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇ.പി ജയരാജന്റെ മകൻ ജെയ്‌സന്റെ പേരിൽ അനധികൃതമായി കുന്നിടിച്ച് ആയുർവേദ റിസോർട്ട് നിർമിക്കുന്ന വാർത്ത 2018ൽ 'മീഡിയവൺ' പുറത്തുവിട്ടിരുന്നു. പി. ജയരാജൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തായിരുന്നു ഇത്.

ഈ റിസോർട്ടിന്റെ മറവിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടക്കുകയും അനധികൃതമായ സ്വത്തുക്കള്‍ സമ്പാദിക്കുകയും ചെയ്തെന്നാണ് ആരോപണം. തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും അന്വേഷണം വേണമെന്നും കമ്മിറ്റിയില്‍ ജയരാജന്‍ ആവശ്യപ്പെട്ടു. രേഖാമൂലം എഴുതിത്തന്നാല്‍ ആരോപണത്തില്‍ അന്വേഷണം നടത്താമെന്നാണ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്.

ജെയ്‌സൻ ചെയർമാനായ സ്വകാര്യ കമ്പനിയാണ് റിസോർട്ട് നിർമിച്ചത്. പ്രദേശത്തെ ഒൻപത് ഏക്കർ സ്ഥലത്ത് കുന്നിടിച്ചായിരുന്നു റിസോർട്ട് നിർമാണം. ഇ.പി ജയരാജൻ വ്യവസായ മന്ത്രിയായിരുന്ന സമയത്താണ് റിസോര്‍ട്ടിന്‍റെ ഉദ്ഘാടനം നടന്നത്. ജയരാജന്‍ തന്നെയായിരുന്നു ഉദ്ഘാടകനും.

കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് ആയുർവേദ റിസോർട്ടിന്റെ നടത്തിപ്പുകാർ. കമ്പനിയുടെ 2,500 ഓഹരികൾ ജെയ്‌സന്റെ പേരിലുണ്ടെന്ന് നേരത്തെ രേഖകൾ പുറത്തുവന്നിരുന്നു. ജയ്‌സനെ കൂടാതെ ഇ.പി ജയരാജന്റെ ഭാര്യയും കമ്പനിയിൽ ഡയരക്ടരാണ്. ജയരാജന്‍റെ ബിനാമിയെന്ന് ആരോപണമുള്ള മാവേലി സുധാകരനും റിസോര്‍ട്ടില്‍ വലിയ ഓഹരിയുണ്ട്.

TAGS :

Next Story