ഹവാനയിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടൽദൂരം
ഹവാനയിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടൽദൂരം
അധികാരത്തിന്റെ രാസപരിണാമം അത്ഭുതകരമാണ്. ശവമഞ്ചത്തിന്റെ ഓരത്തൊരിടം നിഷേധിക്കപ്പെട്ടവൾ എല്ലാ മഞ്ചങ്ങളും തന്നിലേക്ക് എത്തിച്ചത് കേന്ദ്രീകരിക്കപ്പെട്ട അധികാരത്തിന്റെ കരുത്തിലാണ്. ഇതാകട്ടെ സൂക്ഷ്മതയോടെ നെയ്തെടുത്തതും .
കാലം തിരശ്ശീലയിട്ട ജീവിതം ബാക്കി വച്ചത് എന്താണ്? ജനക്ഷേമത്തിന്റെ ലിബറൽ സങ്കൽപ്പങ്ങൾക്കപ്പുറം ഏറെയൊന്നും പോവാത്ത ജയലളിതയുഗം പക്ഷെ, അകലങ്ങളിൽ നിന്ന് അധികാരത്തിന്റെ കടിഞ്ഞാൺ കൃത്യമായും ഏറെക്കുറെ മുൻ നിശ്ചയപ്രകാരവും എങ്ങനെ നിയന്ത്രിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ്. അധികാരത്തിന്റെ രാസപരിണാമം അത്ഭുതകരമാണ്. ശവമഞ്ചത്തിന്റെ ഓരത്തൊരിടം നിഷേധിക്കപ്പെട്ടവൾ എല്ലാ മഞ്ചങ്ങളും തന്നിലേക്ക് എത്തിച്ചത് കേന്ദ്രീകരിക്കപ്പെട്ട അധികാരത്തിന്റെ കരുത്തിലാണ്. ഇതാകട്ടെ സൂക്ഷ്മതയോടെ നെയ്തെടുത്തതും. സൈക്കോ ഫാൻസിയുടെ കരുത്തിൽ വിഗ്രഹഭഞ്ജകയിൽ നിന്ന് വിഗ്രഹമായി സ്വയം മാറിയാണ് ആ അധികാരം നിലനിർത്തിയത്.
അതിനു വേണ്ടി, താരപരിവേഷത്തിന്റെ ദൂര കാഴ്ചയ്ക്കു വേണ്ടി ആൾക്കൂട്ടത്തിൽ നിന്ന് എത്രയോ അകലെയായിരുന്നു അവർ തന്റെ ഇടം നിശ്ചയിച്ചത്. എംജിആറിന്റെ പ്രചരണ സെക്രട്ടറിയായി തിളങ്ങാൻ ജയലളിതയെ സഹായിച്ചത് സിനിമാറ്റിക് ശൈലിയിലുള്ള സംവേദനവും കോൺവെന്റ് ശൈലിയിലെ ഭാഷാ പ്രയോഗങ്ങളും ആയിരുന്നു. 1982-ൽ ആദ്യമായി പ്രസംഗവേദിയിൽ മൈക്കിനു മുന്നിൽ 'പെൺപെരുമയെ' ക്കുറിച്ചാണ് സംസാരിച്ചു തുടങ്ങിയത്. പിൽക്കാലത്ത് പെൺഭ്രൂണഹത്യ തടയാൻ ബേബിത്തൊട്ടിലും സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീ സൗഹൃദ പോലീസ് സ്റ്റേഷനുകൾ തുടങ്ങിയും അമ്മ കാന്റീനുകൾ പ്രവർത്തിപ്പിച്ചും പെൺകുട്ടികളുടെ മികച്ച ഹൈസ്കൂൾ എൻ റോൾമെന്റ് ഉറപ്പു വരുത്തിയും വാക്കുകളെ മാനിച്ചു അവർ പിൽക്കാല ഭരണത്തിൽ. പക്ഷെ അപ്പോഴും സിനിമാ ഫാന്റസികളിൽ അഭിരമിച്ച താര ജീവിതം ജനക്കൂട്ടത്തിൽ നിന്ന് അകലെ സ്വന്തം ആകാശക്കോട്ടയിലെ റാണിയായി വാണു.
ഗണേശ വിഗ്രഹങ്ങൾ തച്ചുടച്ച പെരിയാറിന്റെ പിൻതുടർച്ചക്കാർ വിഗ്രഹങ്ങൾക്കായി ടിക്കറ്റെടുത്ത് ക്യൂ നിന്ന ചരിത്രം തുടരുകയാണ്. വൈകാരിക മൂലധനം ഏറെ ചൂഷണം ചെയ്യപ്പെട്ട ഒരു ജനതയാണ് നമ്മുടെ അയൽപക്കത്ത് ഉള്ളത്. നിർഭാഗ്യവശാൽ എം.ജി.ആറിനേക്കാൾ ഇതിന്റെ സാധ്യത നന്നായി മനസ്സിലാക്കിയത് ജയലളിതയാണ്. സ്വയം ബ്രാൻഡായ സ്റ്റേറ്റ്സ് വിമൺഷിപ്പ്. ഒരർത്ഥത്തിൽ ഇത് സ്ത്രീ വിമോചനത്തിന്റെ സാധ്യതയാണ്. അതേസമയം ലോർഡ് ആക്ടൺ ന്റെ പ്രവചന സാധുതയും ആണ് . ദുഷിപ്പിക്കുകയാണ് അധികാരത്തിന്റെ രീതി.
ഇനിയും തിരശ്ശീലയിൽ നിന്ന് സ്വന്തം ജീവിതത്തെ മോചിപ്പിക്കാത്ത ഒരു സമൂഹം ആത്മാഹൂതിയിൽ കൂടി മാത്രമാണ് സംതൃപ്തി നേടുന്നത്. ഇവിടെയാണ് വിഗ്രഹമാകാനില്ലെന്ന കാസ്ട്രോ വചനം വേറിട്ടു മാതൃകയാകുന്നത്. ശരിയായിരിക്കാം തലൈവരുടെ പക്കലുള്ള മികച്ച സാങ്കേതിക സൗകര്യങ്ങൾ ഹവാനയിൽ കണ്ടു എന്ന് വരില്ല. പക്ഷെ ക്യൂബൻ ജനതയുടെ വിഗ്രഹ വിരുദ്ധതയും ഉൾക്കാഴ്ചയും ഏറെ കടൽ കടന്നേ തമിഴകത്തണയൂ.
Adjust Story Font
16