Quantcast

ഒരു ഡീപ് സര്‍ജറിക്കഥ

MediaOne Logo

Subin

  • Published:

    11 May 2017 7:22 AM GMT

ഒരു ഡീപ് സര്‍ജറിക്കഥ
X

ഒരു ഡീപ് സര്‍ജറിക്കഥ

രഘുറാം രാജന്റെ അഭിപ്രായത്തില്‍ സര്‍ജറി നടക്കേണ്ടിടത്ത് ബാന്‍ഡ് എയ്ഡ് ഒട്ടിച്ചു നടക്കുകയായിരുന്നു ബാങ്കുകള്‍ കുറേക്കാലമായി. അതുമാറ്റി അദ്ദേഹം ഒരു ഡീപ് സര്‍ജറിയ്ക്കു തുടക്കമിട്ടു...

പഴയ കാര്‍ ലോണ്‍ അടച്ചുകഴിഞ്ഞപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കുമായി യാതൊരു ബന്ധവുമില്ലാതെയായി. എന്നാല്‍ ചുമ്മാ ഒരു എസ് ബി അകൗണ്ട് തുടങ്ങാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ടൈംലൈനില്‍ എസ് ബി ഐ വധം കഥകളി തുടങ്ങിയത്. കഥ കടുപ്പം തന്നെ. ഇക്കണക്കിനുപോയാല്‍ ബ്രാഞ്ചിനുമുന്പിലൂടെ പോയാല്‍ ഫീ വാങ്ങുന്ന കാലം വരും എന്ന ഭയമുണ്ട്. എസ് ബി ഐ ഒരു ബി എസ് എന്‍ എല്‍ ആകുന്നോ എന്നൊരു പൊളിറ്റിക്കല്‍ പേടി വേറെയും.
എന്താണിപ്പോള്‍ എസ് ബി ഐ യ്ക്ക് ഇങ്ങിനെ തോന്നാന്‍? എന്റെ അനുഭവത്തില്‍ സേവനത്തിലും സൗകര്യങ്ങളിലും എസ് ബി ഐ കഴിഞ്ഞേ ബാങ്കുള്ളൂ. അപ്പോള്‍ ആ ബാങ്ക് ഇത്തരം ഹരാകിരി നടത്താന്‍ എന്താണ് കാരണം?
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ( 2015 16 )എസ് ബി ഐ യുടെ ബാലന്‍സ് ഷീറ്റെടുക്കുക. ഒറ്റ നോട്ടത്തില്‍ ഒരു കാര്യം മനസിലാകും.

നിഷ്‌ക്രിയ ആസ്തി ഭീകരമായി വര്‍ദ്ധിച്ചു. അതിനുവേണ്ടി ബാങ്ക് മാറ്റിവയ്ക്കുന്ന പണം (പ്രൊവിഷനിങ്) വന്‍തോതില്‍ കൂടി. ലാഭം വന്‍തോതില്‍ ഇടിഞ്ഞു. പലിശയിനത്തിലെ വരവ് വര്‍ദ്ധന നാമമാത്രം. (നിഷ്‌ക്രിയ ആസ്തി: 3.81 ശതമാനം. അതിനു മുന്‍പത്തെ വര്‍ഷം 2.12 ശതമാനം. കിട്ടാക്കടത്തിന്റെ പേരില്‍ മാറ്റിവക്കുന്ന തുക 26,984 കോടി രൂപ. അതിനു മുന്‍പുള്ള വര്‍ഷം 17,908 കോടി രൂപ. ലാഭം 13,102 കോടി ഉണ്ടായിരുന്നത് 9,951 കൂടിയായി കുറഞ്ഞു).


ഇതെന്തുപറ്റി?
ഇന്ത്യന്‍ ബാങ്കിംങ് രംഗത്തെ സൂക്ഷിച്ചുനോക്കുന്നവര്‍ പറയും അടുത്തകാലത്ത് ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയുടെ കാര്യത്തില്‍ അസാധാരണമായ മാറ്റം വന്നു തുടങ്ങുന്നത് 2013 മുതലാണ് എന്ന്. അതെന്താണ് ആ വര്‍ഷത്തിന്റെ പ്രത്യേകത? അന്ന് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വല്ല മലവെള്ളപ്പാച്ചിലും ഉണ്ടായി ബാങ്കുകളുടെ ആസ്തിയെല്ലാം ഒലിച്ചുപോയോ?

ഒന്നുമുണ്ടായില്ല. രഘുറാം രാജന്‍ എന്നൊരു മനുഷ്യന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി വന്നു. 2008 ലെ അമേരിക്കന്‍ സബ് പ്രൈം പ്രതിസന്ധിയും തകര്‍ച്ചയും മുന്‍കൂട്ടി കാണാന്‍മാത്രം ഈ രംഗത്തെക്കുറിച്ച് ധാരണയുള്ള രാജന് നമ്മുടെ ബാങ്കുകളുടെ ചില തരികിട പരിപാടികള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമല്ല.

അതെന്തൊക്കെയാണ് ഈ തരികിട പരിപാടികള്‍? നമുക്ക് അറിയാവുന്നതൊക്കെ തന്നെ. ലാഭനഷ്ടക്കണക്കുകളിലും ബാലന്‍സ് ഷീറ്റുകളിലും ബാങ്കുകളും വ്യവസായികളും ചേര്‍ന്ന് നടത്തുന്ന നടത്തുന്ന സൂത്രപ്പണി. മൂന്നുമാസത്തില്‍ കൂടുതല്‍ തിരിച്ചടവ് മുടങ്ങിയാല്‍ ഒരു വായ്പ നിഷ്‌ക്രിയ ആസ്തിയുടെ ഗണത്തില്‍ വരും. (ബാങ്കുകള്‍ക്ക് വായ്പകള്‍ ആസ്തികളും നിക്ഷേപങ്ങള്‍ ബാധ്യതയുമാണ്. അതാണ് നമ്മളും ബാങ്കുകളും തമ്മിലുള്ള വ്യത്യാസം. നമ്മള്‍ ബാധ്യത എങ്ങിനെയെങ്കിലും ഒഴിവാക്കാന്‍ നോക്കും; ബാങ്കുകള്‍ക്ക് എന്നാല്‍ ബാധ്യതയൊഴിവാക്കാന്‍ ഒരു താല്‍പ്പര്യവുമില്ല താനും!) യാഥാര്‍ത്ഥത്തില്‍ നൂറു കോടി രൂപ വേണ്ട പ്രോജക്ടിന് 200 കോടി രൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ടുണ്ടാക്കും. എന്നിട്ടു 150 കോടി രൂപ വായ്പ സംഘടിപ്പിക്കും. ബാങ്കിന്റെ പണം കൊണ്ട് എന്തെങ്കിലും കാട്ടിക്കൂട്ടി ബാക്കി പണം 'വ്യവസായികള്‍' മുങ്ങും.

അപ്പോള്‍ എങ്ങിനെ തിരിച്ചടയ്ക്കും? വായ്പ കിട്ടാക്കടമായി മാറില്ലേ? നിഷ്‌ക്രിയ ആസ്തിപ്പട്ടിക വലുതാവില്ലേ? ഇല്ല. അതാണ് സൂത്രപ്പണി. ഒന്നുകില്‍ പുതുതായി ഒരു വായ്പ കൊടുക്കും. അല്ലെങ്കില്‍ ഇതേ ആള്‍ തുടങ്ങുന്ന മറ്റൊരു കമ്പനിയ്ക്ക് ഇതുപോലൊരു വായ്പ കൊടുക്കും. അതുവച്ച് ആദ്യത്തെ വായ്പയുടെ കുറേഭാഗം അടച്ചു നിഷ്‌ക്രിയ ആസ്തിപ്പട്ടികയില്‍ നിന്നും ഊരിയെടുക്കും. ഈ കലാപരിപാടിയ്ക്കു വിന്‍ഡോ ഡ്രസ്സിങ് എന്ന് പേര്‍.

അങ്ങിനെ ബാങ്കിന്റെ ബാലന്‍സ് ഷീറ്റ്/കിട്ടാക്കടത്തിന്റെ രൂപം നിത്യഹരിതമാക്കി വയ്ക്കുന്നതിന് എവര്‍ ഗ്രീനിങ് എന്നും.
(ഇത് പുതിയ കാര്യമല്ല, വളരെക്കാലമായി നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇത് മണി ചെയിന്‍ പോലെ എവിടെയെങ്കിലും വച്ച് പൊട്ടണമല്ലോ. ചില ബാങ്കുകള്‍ നേരത്തെ പൂട്ടലിന്റെ വക്കുവരെയെത്തിയിരുന്നു. ഉദാഹരണത്തിന് ചെന്നൈ ആസ്ഥാനമായ ഇന്ത്യന്‍ ബാങ്ക്. നാല്പതു ശതമാനം വരെ പോയി ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 1999 ഇല്‍ ലോകത്തിലെ കൊള്ളാവുന്ന ബാങ്കുകളില്‍ അത് ഒന്നും ഒന്നരയും ശതമാനമാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ കൊടുത്ത് 1700 കൊടിയോ മറ്റോ കൊടുത്ത്, കൊള്ളാവുന്ന ഒരു ചെയര്‍മാനെ വച്ച ആ ബാങ്കിനെ രക്ഷിച്ചെടുത്തു. (ആ ചെയര്‍മാന്റെ പേര് താന്‍ രഞ്ജന കുമാര്‍. പിന്നീട് കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി. ബാങ്ക് ശരിയാക്കിയെടുത്ത കഥ ഒരു പുസ്തകമായി എഴുതിയിട്ടുണ്ട്: ).

വിന്‍ഡോ ഡ്രസിങും എവെര്‍ഗ്രീനിംഗും പരിധികടക്കുന്നു എന്ന് മനസിലാക്കിയപ്പോള്‍ ഉത്തരവാദിത്തമുള്ള ഒരു സെന്‍ട്രല്‍ ബാങ്കര്‍ ചെയ്യുന്ന പണി രഘുറാം രാജനും ചെയ്തു: വിന്‍ഡോ ഡ്രസിങ് തടയാനുള്ള ശ്രമം തുടങ്ങിവച്ചു. നിഷ്‌ക്രിയ ആസ്തിയുള്ള കമ്പനിയുടെ പ്രൊെ്രെപറ്റര്‍/മേജര്‍ ഷെയര്‍ഹോള്‍ഡര്‍ മറ്റൊരു കമ്പനി രൂപീകരിച്ചാല്‍ ലോണ്‍ കിട്ടില്ലെന്ന ഒരു സിംപിള്‍ തത്വം അദ്ദേഹം ബാങ്കുകളെ അംഗീകരിപ്പിച്ചു. അപ്പോള്‍ തരികിട നടക്കാതായി.
ഒരു കാര്യം കൂടി അദ്ദേഹം ചെയ്തു. സാധാരണ ബാങ്ക് അകൗണ്ടുകളില്‍ ആര്‍ ബി ഐ വാര്‍ഷിക പരിശോധന നടത്താറുണ്ട്. ഒരു ചെറിയ എണ്ണം വായ്പാ അകൗണ്ടുകള്‍ പരിശോധിച്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന പരിശോധനയാണ് അത്. അതുപോര എന്നും കൂടുതല്‍ വായ്പകളുടെ ഗുണനിലവാരം അളക്കണം എന്നൊരു നയം അദ്ദേഹം നടപ്പാക്കി. (അതിനു പേര്‍ അസറ്റ് ക്വാളിറ്റി റിവ്യൂ. അത് നടന്നത് 201516 സമാപത്തിക വര്‍ഷത്തെ അവസാന രണ്ടു പാദങ്ങളില്‍). അതുകൊണ്ടെന്തായി? ഇന്ത്യന്‍ ബാങ്കുകളിലെ മോശം ലോണുകളുടെ അളവ് ആ സാമ്പത്തിക വര്ഷം 80 ശതമാനത്തോളം കൂടി എന്നാണ് കണക്ക്. സ്‌റ്റെയ്റ്റ് ബാങ്കിന്റെ 71 ശതമാനം വായ്പകളുടെയും ഗുണനിലവാരം മോശമാണ് എന്ന് എവിടെയോ വായിച്ചതായി ഓര്‍മ്മ)

(ഇതൊക്കെ സ്‌റ്റെയ്റ്റ് ബാങ്കില്‍ നടക്കുമോ എന്ന് നമ്മള്‍ ചിലപ്പോള്‍ അദ്ഭുതം കൂറും. ഇതിലപ്പുറം നടന്നിട്ടുണ്ട്. ഒരിത്തിരി പിന്നോട്ട് പോകുക. 201213 വര്‍ഷത്തെ എസ് ബി ഐ യുടെ വാര്‍ഷിക ഫലം വന്നു: ഗംഭീര ലാഭം (14,105 കോടി രൂപ). ഇതുവരെയുള്ള റിക്കോര്‍ഡാണ്. ഉഗ്രന്‍ പ്രകടനം എന്ന് ചെയര്‍മാന്‍ പ്രദിപ് ചൗധരി സ്വയം തോളത്തുതട്ടി അഭിനന്ദിച്ചു. അടുത്ത വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് കണ്ടപ്പോള്‍ ആളുകള്‍ ഞെട്ടി (അറിയാവുന്നവര്‍ ഞെട്ടിയില്ല). ലാഭം കുത്തനെയിടിഞ്ഞു: മുപ്പതു ശതമാനം കുറവ് (10,891 കോടി). അതിനു മുന്‍പുള്ള രണ്ടു വര്‍ഷങ്ങളില്‍ മുപ്പതും നാല്പതും ശതമാനം ലാഭ വളര്‍ച്ച നേടിയിരുന്ന ബാങ്കിന് ചെയര്‍മാന്‍ മാറിയപ്പോള്‍ ലാഭത്തില്‍ മുപ്പതുശതമാനത്തോളം ഇടിവ്! അതിനു പ്രത്യേകിച്ച് കാരണമൊന്നുമില്ല ആകെ സംഭവിച്ചത് ചെയര്‍മാന്‍ ചൗധുരി റിട്ടയര്‍ ചെയ്തു, പുതുതായി അരുന്ധതി ഭട്ടാചാര്യ എന്നൊരാള്‍ വന്നു. അവര്‍ പഴയ കണക്കൊക്കെ നോക്കി കിട്ടാക്കടത്തിനുള്ള പണം മാറ്റിവച്ചു 10,891 കോടിയില്‍നിന്ന് 15,935. ഏകദേശം ഒരു അയ്യായിരം കോടി രൂപയുടെ കൂടുതല്‍. ലാഭം കട്ടപ്പ.)

രഘുറാം രാജന്റെ അഭിപ്രായത്തില്‍ സര്‍ജറി നടക്കേണ്ടിടത്ത് ബാന്‍ഡ് എയ്ഡ് ഒട്ടിച്ചു നടക്കുകയായിരുന്നു ബാങ്കുകള്‍ കുറേക്കാലമായി. അതുമാറ്റി അദ്ദേഹം ഒരു ഡീപ് സര്‍ജറിയ്ക്കു തുടക്കമിട്ടു. ഫലം: വിന്‍ഡോ ഡ്രസിങ് നടക്കാതായി; എന്‍ പി എ കൂടി. പ്രൊവിഷനിങ്ങിനു കൂടുതലായി പണം മാറ്റിവയ്‌ക്കേണ്ടി വന്നു.

അപ്പോള്‍ പിന്നെ എങ്ങിനെ ബാങ്ക് ഓടിച്ചുകൊണ്ടു പോകും? നിക്ഷേപം വാങ്ങി, അതിനു പലിശ കൊടുത്ത്, ആ പണം കടം കൊടുത്ത് പലിശവാങ്ങി അതിനുള്ള വ്യത്യാസമാണ് ബാങ്കുകളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. കടം കൊടുക്കുന്നത് കിട്ടാക്കടമായി മാറിയാല്‍ പലിശയ്ക്ക് എന്ത് സംഭവിക്കും?
ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം നോക്കുക:
201213: 44291 കോടി
201314: 49282 കോടി
201415: 55015 കോടി
201516: 56882 കോടി

അതായത് കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കൂടിക്കിക്കൊണ്ടിരുന്ന പലിശയിനത്തില്‍ കിട്ടിയ വരുമാന വര്‍ദ്ധനവ് ശരാശരി പത്തു ശതമാനമോ കൂടുതലോകഴിഞ്ഞവര്‍ഷം എന്‍ പി ഏ കൂടിയപ്പോള്‍ നാമമാത്രമായി മാറി. പിന്നെന്തുണ്ട് മാര്‍ഗ്ഗം? ബാങ്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് കിട്ടുന്ന ഫീസ് കൂട്ടുക. അതാണ് പണ്ട് സൗജന്യമായി ചെയ്തുകിട്ടിയിരുന്ന പല സേവനങ്ങള്‍ക്കും ഇപ്പോള്‍ കൊല്ലുന്ന ഫീസ് ബാങ്ക് ഈടാക്കുന്നത്.

അതായത് മുതലാളിമാര്‍ അടിച്ചുമാറ്റികൊണ്ടുപോയ പണം ചെറിയ സേവനങ്ങള്‍ക്കായി ബാങ്കില്‍ ചെല്ലുന്ന നമ്മളോട് വാങ്ങുന്നു.
അപ്പോളിനി സ്‌റ്റെയ്റ്റ് ബാങ്കിന്റെ മുന്‍പിലൂടെ പോണോ വേണ്ടയോ?

***
ഡിസ്‌കൈമള്‍ 1. ഇത് ഒരു നടയ്ക്കു പോകില്ല. ചെറുകിട ആളുകളെ ആട്ടിപ്പായിച്ചു ബാങ്കിന്റെ ജീവനക്കാരുടെ എണ്ണം കുറച്ചു ലാഭം കൂട്ടാനുള്ള ശ്രമമായും ആളുകള്‍ പറയുന്നു. മാത്രമല്ല, സര്‍ജറി കഴിഞ്ഞപ്പോള്‍ എസ് ബി ഐ മാത്രമല്ല പ്രതി. അതിനെക്കുറിച്ച് പറഞ്ഞു വീണ്ടും വരാം.

ഡിസ്‌കൈമള്‍: 2 . നിങ്ങളുടെ കമ്പനിയുടെ ഉടമയും ഡിഫോള്‍ട്ടര്‍ അല്ലേയെന്നു ചോദിച്ചു വരണ്ട. ഞാന്‍ (ഇതുവരെ) ഡിഫോള്‍ട്ടറല്ല. (ഇപ്പോള്‍) ഗംഭീരമായ സിബില്‍ സ്‌കോറിന്റെ ഉടമയുമാണ്. അതുമാത്രമേ എനിക്ക് പറയാനുള്ളൂ.

ഡിസ്‌കൈമള്‍: 3. കുറേക്കാലമായി ഫോളോ ചെയ്യുന്ന കാര്യം ഇപ്പോള്‍ എഴുതിയെന്നേയുള്ളൂ. കുറച്ചു ലിങ്കുകള്‍ കമന്റില്‍ കൊടുത്തിട്ടുണ്ട്. അത് പറഞ്ഞ കാര്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താന്‍ ഗൂഗിളില്‍ തപ്പി എടുത്തിട്ടതാണ്. കൂടുതല്‍ മെച്ചപ്പെട്ട ലിങ്കുകള്‍ ഉണ്ടെങ്കില്‍ കമന്റായി ഇട്ടാല്‍ എല്ലാവര്ക്കും ഉപകാരപ്പെടും.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

TAGS :

Next Story