'മരണമല്ലാതെ മറ്റൊന്നും ഒഴിവുകഴിവല്ല'; കാറപകടത്തിൽപ്പെട്ട ജീവനക്കാരനോട് മാനേജറുടെ മറുപടി
മാനേജർമാരുടെ മോശം സമീപനങ്ങൾ തൊഴിൽ സാഹചര്യവും മാനസികാരോഗ്യവും ദുസ്സഹമാക്കിയതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
കാർ അപകടത്തിൽപ്പെട്ട ജീവനക്കാരനോടുള്ള മാനേജറുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കിരാവോണ്ട്മിസ് എന്ന എക്‌സ് അക്കൗണ്ടിലാണ് മാനേജറും കാർ അപകടത്തിൽപ്പെട്ട ജീവനക്കാരനും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അപകടത്തിൽപ്പെട്ട് തകർന്ന കാറിന്റെ ഫോട്ടോയാണ് ജീവനക്കാരൻ മാനേജർക്ക് അയക്കുന്നത്. അപകടത്തിൽപ്പെട്ടയാൾക്ക് എന്തെങ്കിലും പറ്റിയോ എന്ന് പോലും അന്വേഷിക്കാതെ ''നീ എപ്പോൾ ഇവിടെയെത്തുമെന്നാണ് എനിക്കറിയേണ്ടത്'' എന്നാണ് മാനേജറുടെ മറുപടി.
ഒരു ദിവസം കഴിഞ്ഞ് മാനേജർ വീണ്ടും ജീവനക്കാരന് സന്ദേശമയക്കുന്നുണ്ട്. നിങ്ങൾ എന്തുകൊണ്ടാണ് വൈകുന്നതെന്ന് മനസ്സിലാക്കാം. പക്ഷേ, കുടുംബത്തിൽ ആരെങ്കിലും മരിച്ചാലല്ലാതെ മറ്റൊന്നും ഓഫീസിൽ എത്താതിരിക്കാൻ കാരണമായി കമ്പനിക്ക് അംഗീകരിക്കാനാവില്ല എന്നാണ് മാനേജറുടെ സന്ദേശം.
സ്‌ക്രീൻഷോട്ട് പ്രചരിച്ചതിന് പിന്നാലെ മാനേജർമാരുടെ മോശം സമീപനങ്ങൾ തൊഴിൽ സാഹചര്യവും മാനസികാരോഗ്യവും ദുസ്സഹമാക്കിയതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ മാനേജർമാരിൽനിന്നുള്ള മോശം അനുഭവങ്ങളും പലരും പങ്കുവെക്കുന്നുണ്ട്. തനിക്ക് കോവിഡ് ആണെന്ന് പറഞ്ഞിട്ട് പോലും തന്റെ മാനേജർ അത് വിശ്വസിച്ചില്ലെന്നാണ് ഒരാൾ വെളിപ്പെടുത്തിയത്. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായപ്പോൾ അത് വിശ്വസിക്കാൻ മാനേജർ തയ്യാറായില്ലി, ശരീരത്തിൽ രക്തസ്രാവമുണ്ടെങ്കിൽ മാത്രമേ ലീവ് അനുവദിക്കാനാവൂ എന്നാണ് മാനേജർ പറഞ്ഞതെന്നാണ് മറ്റൊരു എക്‌സ് ഉപയോക്താവിന്റെ പ്രതികരണം.
Adjust Story Font
16