അബഹ വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരും; വിമാനത്താവളത്തിലെ ചിത്രങ്ങൾ പുറത്ത് വിട്ടു
ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് ആക്രമണ ശ്രമം നടക്കുന്നത്
- Published:
31 Aug 2021 1:24 PM GMT
അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്കും പരിക്കേറ്റതായി സൗദി അറേബ്യ. രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ നില ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും സൗദി അറേബ്യ അറിയിച്ചു. മൂന്നാമത്തതെയാൾക്ക് നിസാര പരിക്കാണ് സംഭവിച്ചത്. ഹൂതികളുടെ ഡ്രോൺ ആക്രമണം പ്രതിരോധിച്ചതോടെ താഴെ അവശിഷ്ടങ്ങൾ പതിച്ചാണ് എട്ടു പേർക്ക് പരിക്കേറ്റത്. ഇതിൽ ഒരു ബംഗ്ലാദേശി പൗരൻ്റ നില ഗുരുതരമാണ്. മറ്റൊരു ബംഗ്ലാദേശ് പൗരൻ ചികിത്സയിലാണ്. നിസാര പരിക്കേറ്റവരിൽ ഒരു സൗദി പൗരനും നേപ്പാൾ സ്വദേശിയുമുണ്ട്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ വിമാനത്താവളം ലക്ഷ്യമാക്കെയെത്തിയ ഡ്രോൺ സൗദി സഖ്യസേന തകർക്കുകയായിരുന്നു. ഒരു വിമാനത്തിനും ചെറിയ കേടുപാടുകളുണ്ടായി. യമനിലെ വിമത വിഭാഗമായ ഹൂതികളാണ് ആക്രമണ ശ്രമം നടത്തിയത്.
സംഭവത്തിൽ തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. നിരവധി തവണ അബഹ വിമാനത്താവളത്തിലേക്ക് മുമ്പും ആക്രമണ ശ്രമം നടന്നിട്ടുണ്ട്. ഇരുപത്തി നാല് മണിക്കൂറിനിടെ രണ്ടാം തവണയാണ് വിമാനത്താവളത്തിന് നേരെ ആക്രമണം നടക്കുന്നത്.
ആക്രമണത്തെ തുടർന്ന് ഏതാനും മണിക്കൂറുകൾ സുരക്ഷയുടെ ഭാഗമായി സർവീസ് നിർത്തി വെച്ചിരുന്നെങ്കിലും വീണ്ടും പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്. വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തത് പ്രകാരം തന്നെ പുറപ്പെടും.
ആക്രമണം യുദ്ധക്കുറ്റമാണെന്നും ഹൂതിഭീകരരുടെ നടപടി അംഗീകരിക്കാനാകില്ലെന്നും സൗദി അറേബ്യ പറഞ്ഞു.
Adjust Story Font
16