വിമാനങ്ങൾക്കായി എല്ലാം തുറന്ന് സൗദി; സൗദിയിൽ പ്രഖ്യാപിച്ച എല്ലാ ഇളവിൻ്റേയും വിശദാംശങ്ങൾ ഒറ്റനോട്ടത്തിൽ
പുതിയ പ്രഖ്യാപനത്തോടെ കോവിഡ് കാലത്തിന് വിട പറയുകയാണെന്ന് സൗദി ആരോഗ്യ മന്ത്രി
- Published:
5 March 2022 9:42 PM GMT
സൗദിയിൽ ക്വാറന്റൈനും പിസിആറും ഉൾപ്പെടെ എല്ലാ കോവിഡ് നിബന്ധനകളും സൗദി അറേബ്യ പിൻവലിച്ചു. മക്ക മദീന ഹറമിലേക്ക് നമസ്കാരത്തിന് പ്രവേശിക്കാൻ അനുമതി പത്രം വേണമെന്ന നിബന്ധനയും പിൻവലിച്ചു. രാജ്യത്ത് മാസ്കും തവക്കൽനാ ആപ്പിന്റെ ഉപയോഗവും തുടരും. രാജ്യത്ത് ഇന്ന് മുതൽ നടപ്പിലായ പ്രധാന പ്രഖ്യാപനങ്ങൾ ഓരോന്നായി പരിചയപ്പെടാം
1. ക്വാറൻ്റൈൻ ഒഴിവാക്കി: രാജ്യത്തേക്ക് വരുന്നവർക്ക് ഇനി മുതൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ, ഹോം ക്വാറന്റൈൻ, പിസിആർ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമില്ല. എന്നാൽ സന്ദർശക വിസകളിൽ വരുന്നവരെല്ലാം കോവിഡ് ഇൻഷൂറൻസ് എടുത്തിരിക്കണം. 90 റിയാൽ മുതലാണ് കോവിഡ് ഇൻഷൂറൻസ് തുക. സന്ദർശന വിസക്കുള്ള ഇൻഷൂറൻസും തുടരും. ലക്ഷത്തോളം രൂപ മുടക്കിയാണ് പ്രവാസികൾ നിലവിൽ സൗദിയിലേക്ക് എത്തിയിരുന്നത്. കുടുംബങ്ങളും ക്വാറന്റൈൻ പാക്കേജ് കാരണം യാത്ര മാറ്റിയിരുന്നു. പുതിയ പ്രഖ്യാപനം വിപണിയുണർത്തും.
2. എല്ലാ വിമാനങ്ങൾക്കും വരാം: സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ വിലക്കുള്ള രാജ്യങ്ങൾക്ക് പ്രസ്തുത വിലക്ക് ഒഴിവാക്കി. ഒമിക്രോൺ സാഹചര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങളായിരുന്നു യാത്രാ വിലക്ക് പട്ടികയിൽ ഉണ്ടായിരുന്നത്. ഇനിയാർക്കും കോവിഡിന്റെ പേരിൽ യാത്രാ വിലക്കില്ല.
3.സാമൂഹിക അകലം ഇനി വേണ്ട: മസ്ജിദുൽഹറാം,മസ്ജിദുന്നബവി, മറ്റു പള്ളികൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ രാജ്യത്ത് എല്ലായിടത്തും സാമൂഹിക അകലം ഇനി പാലിക്കേണ്ടതില്ല. കച്ചവട സ്ഥാപനങ്ങളടക്കം എല്ലാ പഴയ പോലെ പ്രവർത്തിക്കാം.
4. മാസ്ക് പൂർണമായും ഒഴിവാക്കിയിട്ടില്ല: വായു സഞ്ചാരമുള്ള തുറന്ന സ്ഥലങ്ങളിൽ ഇനി മാസ്ക് ധരിക്കേണ്ടതില്ല. അതേസമയം അടച്ച സ്ഥലങ്ങളിൽ ധരിക്കണം. എന്നു വെച്ചാൽ, കച്ചവട സ്ഥാപനങ്ങളിൽ, അടച്ചിട്ട വാഹനങ്ങളിൽ, ജോലി സ്ഥലങ്ങളിൽ എന്നിടത്തെല്ലാം മാസ്ക് ധരിച്ചിരിക്കണം.
5.മക്കയും മദീനയും പൂർണ തോതിലേക്ക്: മക്ക മദീന ഹറമുകളിൽ നമസ്കാരത്തിന് പെർമിറ്റ് ഇനി വേണ്ട. പ്രവേശിക്കുമ്പോൾ മാസ്ക് ധരിക്കണം. ഉംറക്ക് പെർമിറ്റ് രീതി തുടരും. അഞ്ച് വയസ്സിന് മുകളിലുളള കുഞ്ഞുങ്ങൾക്ക് ഇമ്യൂൺ സ്റ്റാറ്റസുണ്ടെങ്കിൽ ഉംറ ചെയ്യാം. ഹറമിൽ നമസ്കാരത്തിൽ പാലിക്കുന്ന ശാരീരിക അകലവും ഒഴിവാക്കി. ഇന്ന് മുതലുള്ള എല്ലാ നമസ്കാരങ്ങളിലും പുതിയ രീതി ബാധകമാണ്. മദീനയിൽ പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്നിടത്തേക്കുള്ള പ്രവേശനത്തിനും പെർമിറ്റ് വേണ്ട.
Adjust Story Font
16