സൗദിയിലേക്ക് നേരിട്ട് എല്ലാവർക്കും മടങ്ങുന്ന കാര്യത്തിൽ തീരുമാനമായില്ല; നവംബർ 30 വരെ ഇഖാമയും റീഎൻട്രിയും സൗജന്യമായി നീട്ടും
സൗദിയിൽ നിന്നും വാക്സിൻ സ്വീകരിച്ച് നാട്ടിൽ പോയവർക്കാണ് നിലവിൽ നേരിട്ട് മടങ്ങാൻ അനുമതി
- Updated:
2021-09-10 16:57:34.0
സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യക്കാർക്ക് താമസ രേഖയും വിസാ കാലാവധിയും നീട്ടി നൽകാൻ സൽമാൻ രാജാവ് വീണ്ടും ഉത്തരവിട്ടു. നവമ്പർ മുപ്പത് വരെയാണ് കാലാവധി നീട്ടുക. ഇതോടെ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് മടങ്ങാനാകാത്തവർക്ക് ഇഖാമയും, റീ എൻട്രി വിസയും സന്ദർശക വിസയും കാലാവധി സൗജന്യമായി നീട്ടിക്കിട്ടും.
യാത്രവിലക്ക് മൂലം സൗദിയിലേക്ക് തിരിച്ച് വരാൻ സാധിക്കാത്തവരുടെ ഇഖാമ, എക്സിറ്റ്-റീ എൻട്രി, വിസിറ്റ് വിസ എന്നിവയാണ് കാലാവധി നീട്ടി നൽകുക. നിലവിൽ സെപ്തംബർ വരെ നീട്ടി ലഭിച്ചവർക്കും ലഭിക്കാത്തവർക്കും ഇതിന്റെ ഗുണം ലഭിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇതിനുള്ള ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ പാസ്പോർട്ട് വിഭാഗം വരും ദിനങ്ങലിൽ ഇതിന്റെ നടപടിയാരംഭിക്കും. സൗജന്യമായാണ് വിസകളും റീ എൻട്രി കാലാവധിയും നീട്ടുക. മലയാളികളുൾപ്പെടെ നിരവധി പ്രവാസികൾക്ക് ഇതാശ്വാസമാകും. ഇതിനുള്ള ചിലവും സൗദി സർക്കാർ വഹിക്കും.
സന്ദർശന വിസ നേടിയവർക്കും വിസാ കാലാവധി ദീർഘിപ്പിച്ച് നൽകും. വിസാകാലാവധി പുതുക്കിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനായി മുഖീം ഡോട്ട് എസ്.എ എന്ന പോർട്ടിലിൽ നിന്നും വിസ വാലിഡിറ്റി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇഖാമ നമ്പറും അനുബന്ധവിവരങ്ങളും നൽകിയാൽ മതി. അബ്ഷിർ വഴിയും കാലാവധി പരിശോധിക്കാം. നിലവിൽ സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിനെടുത്തവർക്കാണ് നേരിട്ട് സൗദിയിലേക്ക് മടങ്ങാൻ അനുമതി. ബാക്കിയുള്ളവർ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കണം.
Adjust Story Font
16