കോവിഡ് 19; ഗൾഫ് സമ്പദ് ഘടനക്ക് തിരിച്ചടി, എണ്ണവിലയിൽ വീണ്ടും ഇടിവ്
ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ സമ്പത്തിക വളർച്ചാ തോതിൽ 0.5 മുതൽ 1.2 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ
കോവിഡ് 19 ഗൾഫ് സമ്പദ്ഘടനക്ക് വൻതോതിൽ ആഘാതമായി മാറുമെന്ന് സാമ്പത്തിക വിദഗ്ധർ. ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ സമ്പത്തിക വളർച്ചാ തോതിൽ 0.5 മുതൽ 1.2 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വ്യോമയാനം, ടൂറിസം മേഖലകളായിരിക്കും വലിയ വില നൽകേണ്ടി വരിക.
മുമ്പ് പ്രവചിച്ചതിൽ നിന്ന് ഭിന്നമായി കോവിഡ് 19 രോഗം ഗൾഫ് സമ്പദ് ഘടനക്ക് വലിയ തിരിച്ചടിയാകും ഏൽപിക്കുകയെന്നാണ് വിലയിരുത്തൽ. പകർച്ചവ്യാധി പൊടുന്നനെ നിയന്ത്രിച്ചു നിർത്താനായാൽ പ്രത്യാഘാതം കുറയും. പൊതുവെയുള്ള സാമ്പത്തിക മാന്ദ്യത്തിനിടയിൽ എണ്ണവില കുത്തനെ കുറയുകയാണ്. വിനോദ സഞ്ചാരികളുടെ വരവിലും ഗണ്യമായ കുറവ് ഉണ്ടായേക്കും.
പശ്ചിമേഷ്യയിലെ വിമാന കമ്പനികൾക്ക് നഷ്ടം 100 ദശലക്ഷം യു.എസ് ഡോളറാണെന്ന് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട് അസോസിയേഷൻ പ്രതിനിധി വ്യക്തമാക്കി. വിമാന നിരക്കുകൾ വൻതോതിൽ കുറയുന്ന സാഹചര്യമാകും രൂപപ്പെടുക. ഏഷ്യയിൽ വിമാന യാത്രകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണെങ്കിൽ വരുമാനം കൂപ്പുകുത്തുമെന്നും അയാട്ട ആഫ്രിക്ക-മിഡിലീസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് അലി അൽ ബക്രി പറഞ്ഞു. ആഗോള തലത്തിൽ വിമാന കമ്പനികളുടെ നഷ്ടം 1.5 ബില്യൻ യുഎസ് ഡോളറാണ്. ടൂറിസം രംഗത്തും വലിയ തിരിച്ചടിയുണ്ടാകും എന്നാണ് സൂചന. ചൈന ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് യാത്ര റദ്ദാക്കിയത്.
Adjust Story Font
16