ഗൾഫിൽ കോവിഡ് ബാധിച്ച് 111 മലയാളികള്‍ മരിച്ചു
ഇന്നലെയും ഇന്നുമായി പതിനൊന്ന് മലയാളികളാണ് ഗൾഫിൽ മരിച്ചത്.
ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 111 ആയി ഉയർന്നു. ഇന്നലെയും ഇന്നുമായി പതിനൊന്ന് മലയാളികളാണ് ഗൾഫിൽ മരിച്ചത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് യുഎ.ഇയിലാണ്. കോവിഡ് ബാധിച്ച് ചികിത്സിയിലിരിക്കെ 111 മലയാളികളുടെ വിയോഗം പ്രവാസലോകത്തിന്‍റെ വേദനയായി മാറുകയാണ്. മരിച്ചവരിൽ പകുതിയിലേറെ പേരും യുവാക്കളാണ്. 75 മലയാളി മരണമാണ് ഇതുവരെ യു.എ.ഇയിൽ രേഖപ്പെടുത്തിയത്. ഇന്നലെയും ഇന്നുമായി പത്ത് പേർ കൂടി കോവിഡിനു കീഴടങ്ങി.
പത്തിൽ ഒമ്പതു മരണവും യു.എ.ഇയിൽ. മലപ്പുറം സ്വദേശികളായ റഫീഖ്, താഹ, കാസർകോട് സ്വദേശി മുഹമ്മദ് അസ്ലം, തൃശൂർ സ്വദേശി ഉണ്ണികൃഷ്ണൻ, കോഴിക്കോട് സ്വദേശികളായ അബ്ദുർറഹ്മാൻ, അനസ് പത്തുകാലൻ, ആലപ്പുഴ േജാഫി ബി ജോബ്, തിരുവല്ല സ്വദേശി ജയചന്ദ്രൻ എന്നിവരാണ് യു.എ.ഇയിൽ മരിച്ചത്. തിരുവനന്തപുരം സ്വദേശി സുകുമാരൻ മാനുവൽ ആണ് കുവൈത്തിൽ മരിച്ചത്. സൗദിയിലെ ജുബൈലിൽ കോവിഡ് ബാധിച്ച് കോഴിക്കോട് ഫറോക്ക് മണ്ണൂർ സ്വദേശി പാലക്കോട്ട് ഹൗസിൽ അബ്ദുൽ അസീസ് വി.പിയാണ് ഇന്നു മരിച്ചത്. 52 വയസുണ്ട്.
യു.എ.ഇക്കു പുറമെ കുവൈത്ത്, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിലും കോവിഡ് ബാധിത മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈത്തിലും സൗദിയിലും 17 വീതം മലയാളികളാണ് മരിച്ചത്. ഒമാനിലാണ് രണ്ട് മലയാളി മരണം. അതേ സമയം ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ മലയാളികളാരും മരിച്ചിട്ടില്ല
Adjust Story Font
16