അത്ഭുതമോ വിപ്ലവമോ? 18 അര്‍ബുദബാധിതരില്‍ നടത്തിയ മരുന്നു പരീക്ഷണം വിജയം, എല്ലാവരും രോഗമുക്തര്‍!
മലാശയ അർബുദബാധിതരായ 18 പേരിൽ ആറുമാസം കൊണ്ട് നടത്തിയ പരീക്ഷണത്തിനൊടുവിലാണ് എല്ലാവരും സമ്പൂർണമായി രോഗമുക്തരായത്
ന്യൂയോർക്ക്: അർബുദ ചികിത്സാരംഗത്ത് വഴിത്തിരിവാകാനിടയുള്ള മരുന്നു പരീക്ഷണം വിജയം. ന്യൂയോർക്കിൽനിന്നാണ് ഈ പ്രതീക്ഷ പകരുന്ന വാർത്ത. മലാശയ അർബുദബാധിതരായ 18 രോഗികളിൽ നടത്തിയ ഡൊസ്റ്റാർലിമാബ് എന്ന മരുന്നിന്റെ പരീക്ഷണമാണ് വിജയം കണ്ടത്.
ന്യയോർക്കിലെ മെമോറിയൽ സ്ലോവൻ കെറ്റെറിങ് കാൻസർ സെന്ററിലാണ് മരുന്നു പരീക്ഷണം നടന്നത്. കീമോതെറാപ്പിയും റേഡിയേഷനും അടക്കമുള്ള മുഴുവൻ ചികിത്സയും നടത്തിയിട്ടും ഫലം കാണാതിരുന്ന 18 പേരിലായിരുന്നു കേന്ദ്രത്തിൽ പുതിയ മരുന്ന് പരീക്ഷിച്ചത്. ആറു മാസത്തെ പരീക്ഷണത്തിനൊടുവിൽ എല്ലാവരുടെയും അർബുദങ്ങൾ അപ്രത്യക്ഷമായതായി പരീക്ഷണത്തിനു നേതൃത്വം നൽകിയ ഡോ. ലൂയിസ് എ. ഡിയാസ് ജെ പറയുന്നു.
അർബുദരോഗത്തിന്റെ ചരിത്രത്തിൽ തന്നെ ഒരു മരുന്ന് പരീക്ഷിച്ച എല്ലാ രോഗികളിലും വിജയം കാണുന്നത് ഇതാദ്യമായാണ്. മനുഷ്യശരീരത്തിലെ ആന്റി ബോഡികൾക്ക് പകരമായി പ്രവർത്തിക്കാൻ കഴിയുന്ന തന്മാത്രകൾ അടങ്ങിയ മരുന്നാണ് ഡൊസ്റ്റാർലിമാബ്. ആദ്യ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനായവരാണ് പരീക്ഷണത്തിന്റെ ഭാഗമായ 18 പേരും. ആർക്കും മറ്റ് അവയവങ്ങളിലേക്ക് രോഗം പടർന്നിരുന്നില്ല. ആറു മാസത്തിനിടെ ഓരോ മൂന്ന് ആഴ്ചതോറുമാണ് മരുന്ന് നൽകിക്കൊണ്ടിരുന്നത്.
ആറുമാസത്തെ പരീക്ഷണ കാലയളവിനൊടുവിൽ അത്ഭുതകരമെന്നോണം എല്ലാവരും രോഗമുക്തരാകുകയായിരുന്നു. അർബുദനിർണയത്തിന് ഉപയോഗിക്കുന്ന എൻഡോസ്‌കോപി, പെറ്റ് സ്‌കാൻ, എം.ആർ.ഐ സ്‌കാൻ എന്നിവയെല്ലാം നടത്തിനോക്കിയപ്പോഴും ഒരാളിലും രോഗം ബാക്കിയുണ്ടായിരുന്നില്ല.
ഡൊസ്റ്റാർലിമാബ് മരുന്ന് പരിശോധിച്ച അർബുദ ഗവേഷകരെല്ലാം പുതിയ പരീക്ഷണത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാൽ, കൂടുതൽ പേരിൽ പരീക്ഷണം നടത്തിയാലേ ഇത് എത്രമാത്രം വിപ്ലവകരമാണെന്ന് പറയാനാകൂവെന്നും ഗവേഷകർ പറയുന്നു.
Summary: "First time in history": 18 rectal cancer patients took a drug, Dostarlimab, for around six months, and in the end, every one of them saw their tumors disappear in New York
Adjust Story Font
16