അല്‍ക യാഗ്നിക്കിന് സംഭവിച്ചതെന്ത്? എന്താണ് എസ്.എന്‍.എച്ച്.എല്‍? ഹെഡ്‌ഫോണ്‍ അഡിക്ഷനുള്ളവര്‍ സൂക്ഷിക്കണം, ഈ രോഗത്തെ
സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍നിന്ന് മടങ്ങുംവഴി വിമാനമിറങ്ങിയ പാടേ അല്‍കയുടെ വലത്തേ ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെടുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
രണ്ടു ദിവസം മുന്‍പാണ് കേള്‍വിശക്തി നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ചലച്ചിത്ര പിന്നണി ഗായിക അല്‍ക യാഗ്നിക് ആരാധകരെ ഞെട്ടിച്ചത്. ഒരു ദിവസം വിമാനമിറങ്ങിയ പാടേ പെട്ടെന്ന് കേള്‍വിശക്തി നഷ്ടപ്പെടുകയായിരുന്നുവെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. അപൂര്‍വമായുണ്ടാകുന്ന ന്യൂറല്‍ നേര്‍വ് ഹിയറിങ് ലോസ് അഥവാ ശ്രവണശേഷി നഷ്ടമാണു സംഭവിച്ചതെന്നും ഗായിക അറിയിച്ചിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍നിന്നു മടങ്ങുംവഴിയാണു സംഭവമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം വലത്തേ ചെവിയില്‍ കേള്‍വി കുറഞ്ഞുവരികയായിരുന്നു. ഇതുകഴിഞ്ഞ് 24 മണിക്കൂറിനകം ഒന്നും കേള്‍ക്കാതെയായി. പതിയെ ഇടത്തേ ചെവിയെയും ഇതു ബാധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആദ്യം വിമാനത്തിലുണ്ടാകാറുള്ള കാബിന്‍ പ്രഷറൈസേഷന്‍ എന്ന പ്രതിഭാസത്തിന്റെ ഭാഗമായിരിക്കുമെന്നാണു കരുതിയത്. വൈകാതെ എല്ലാം ശരിയാകുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍, കൂടെക്കൂടെ സ്ഥിതി വഷളാകുകയാണു പിന്നീടുണ്ടായത്. ഡോക്ടര്‍മാരെ കണ്ടു വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് സെന്‍സറിന്യൂറല്‍ ഹിയറിങ് ലോസ്(എസ്.എന്‍.എച്ച്.എല്‍) എന്ന അപൂര്‍വ രോഗാവസ്ഥയാണെന്നു സ്ഥിരീകരിക്കുന്നത്. കേള്‍വിശക്തി പൂര്‍ണമായും നഷ്ടമാകുന്ന അപൂര്‍വ രോഗമാണിത്.
എന്താണ് സെന്‍സറിന്യൂറല്‍ ഹിയറിങ് ലോസ്?
അകത്തെ ചെവിയായ യഥാര്‍ഥ ശ്രവണനാഡിക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോഴാണ് എസ്.എന്‍.എച്ച്.എല്‍ അഥവാ സെന്‍സറിന്യൂറല്‍ ഹിയറിങ് ലോസ് സംഭവിക്കുന്നത്. കോക്ലിയ എന്നു പേരുള്ള ആന്തരിക ശ്രവണനാഡിക്കുള്ളില്‍, ചെറിയ രോമങ്ങളടങ്ങിയ പിരിയന്‍ രൂപത്തിലുള്ളൊരു അവയവമുണ്ട്. സ്‌റ്റെറിയോസിലിയ എന്നാണിതിനു പേര്. ശബ്ദതരംഗങ്ങളില്‍നിന്നുള്ള പ്രകമ്പനങ്ങളെ(വൈബ്രേഷന്‍) ഈ രോമം ശ്രവണനാഡിയിലൂടെ ശബ്ദസന്ദേശങ്ങളായി തലച്ചോറിലെത്തിക്കുകയാണു ചെയ്യുന്നത്.
85 ഡെസിബലിലും ഉച്ചത്തിലുള്ള ശബ്ദം ചെവിയിലെത്തിയാല്‍ കോക്ലിയയിലെ ഈ രോമകോശങ്ങള്‍ ദുര്‍ബലമാകാന്‍ തുടങ്ങുമെന്ന് യു.എസ് ആരോഗ്യ വെബ്‌സൈറ്റായ ഹെല്‍ത്ത്‌ലൈന്‍ സൂചിപ്പിക്കുന്നു. പതിയെ രോമത്തിന്റെ പ്രവര്‍ത്തനം ക്ഷയിച്ച് കേള്‍വിശക്തി തന്നെ നഷ്ടപ്പെടുകയാണ് ചെയ്യുക. 30 മുതല്‍ 50 ശതമാനം വരെ രോമകോശത്തിനു കേടുപാടുകള്‍ സംഭവിച്ചാലൊന്നും ഇതിന്റെ അനുരണനങ്ങള്‍ പ്രത്യേക്ഷത്തിലുണ്ടായിക്കൊള്ളണമെന്നില്ല. പതിയെ ഇതിന്റെ സ്ഥിതി ഗുരുതരമായി കേള്‍വിശക്തി തന്നെ നഷ്ടപ്പെടുകയാണുണ്ടാകുക.
രോമകോശത്തിന്റെ പരിക്കിന്റെ തോതിനനുസരിച്ച് നേരിയതും തീക്ഷ്ണത കുറഞ്ഞതും, ഒരുപക്ഷേ ഗുരുതരവുമെല്ലാമാകും കേള്‍വിനഷ്ടവും. എന്നാല്‍, പ്രതിവര്‍ഷം ലക്ഷത്തില്‍ അഞ്ചു മുതല്‍ 20 വരെ ആളുകളെ മാത്രമേ എസ്.എന്‍.എച്ച്.എല്‍ എന്ന ഈ അപൂര്‍വരോഗം ബാധിക്കുന്നുള്ളൂവെന്നാണ് പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കിലെ ഇ.എന്‍.ടി കണ്‍സള്‍ട്ടന്റ് ഡോ. മുരാര്‍ജി ഗാഡ്‌ജെയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
എങ്ങനെയുണ്ടാകുന്നു എസ്.എന്‍.എച്ച്.എല്‍? കാരണങ്ങള്‍ എന്തെല്ലാം?
സെന്‍സറിന്യൂറല്‍ ഹിയറിങ് ലോസ് എങ്ങനെയൊക്കെയാണു സംഭവിക്കുന്നതെന്ന് ലോകപ്രശസ്ത സര്‍വകലാശാലകളിലൊന്നായ ജോണ്‍സ് ഹോപ്കിന്‍സിന്റെ മെഡിക്കല്‍ ജേണല്‍ വിശദീകരിക്കുന്നുണ്ട്. പലതരത്തില്‍ ഈ രോഗാവസ്ഥയുണ്ടാകാമെന്നാണ് ഇതില്‍ പറയുന്നത്. ജന്മനായുള്ള പ്രശ്‌നങ്ങളും പ്രസവത്തിനിടെയുണ്ടാകുന്ന ഇന്‍ഫെക്ഷന്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളുമെല്ലാം കാരണങ്ങളാകാം.
എന്നാല്‍, അത്തരം പ്രശ്‌നങ്ങളൊന്നുമില്ലാത്തവര്‍ക്കും പ്രായം കൂടുംതോറും എസ്.എന്‍.എച്ച്.എല്‍ സംഭവിക്കാം. അതില്‍ ഏറ്റവും ഗുരുതരമായത് ഉച്ചത്തിലുള്ള ശബ്ദമാണ്. വലിയ ഉച്ചത്തില്‍ പാട്ടോ പരിപാടികളോ ഒക്കെ കേള്‍ക്കുന്നത് അപകടകരമാകുന്നത് അതുകൊണ്ടാണ്. ഹെഡ്‌സെറ്റ് വച്ച് ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്ന, സിനിമ കാണുന്ന ശീലമുള്ളവര്‍ക്കെല്ലാം ഇത്തരമൊരു അവസ്ഥയുണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അല്‍ക യാഗ്നിക്ക് തന്നെ ഇതേക്കുറിച്ച് അവരുടെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വലിയ ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതും ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതുമെല്ലാം സൂക്ഷിക്കണമെന്നാണ് അവര്‍ സൂചിപ്പിച്ചത്.
പ്രായമാകുന്നതിനനുസരിച്ചും എസ്.എന്‍.എച്ച്.എല്‍ വരാം. തലവേദനയും, ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ആരോഗ്യമുള്ള മറ്റ് അവയവങ്ങളെയും കോശങ്ങളെയും ആക്രമിക്കുന്ന ഓട്ടോ ഇമ്യൂണ്‍ ഡിസീസുമെല്ലാം മറ്റു കാരണങ്ങളാണ്. ആന്തരിക ശ്രവണനാഡിയിലെ കേടുപാടുകള്‍ മൂലമുണ്ടാകുന്ന മെനിയറീസ് ഡിസീസ്, ചെവിക്കകത്തെ മുറിവുകള്‍, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവയെല്ലാം ഇത്തരമൊരു അവസ്ഥയിലേക്കു നയിച്ചേക്കാമെന്നാണ് ഹോപ്കിന്‍സ് മെഡിസിന്‍ ജേണലില്‍ സൂചിപ്പിക്കുന്നു.
പ്രതിവിധിയുണ്ടോ? ചികിത്സിച്ചു മാറ്റാമോ?
ജീവനു ഭീഷണിയൊന്നുമല്ലെങ്കിലും മനുഷ്യരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നതാണ് എസ്.എന്‍.എച്ച്.എല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അല്‍കയുടെ കാര്യം തന്നെ നോക്കിയാല്‍ മതി. ഇന്ത്യയില്‍ ഏറ്റവും തിരക്കുള്ള സംഗീതജ്ഞരില്‍ ഒരാളാണ് അവര്‍. ഒരു ദിവസവും വിശ്രമമില്ലാതെ വേദികളില്‍നിന്നു വേദികളിലേക്ക് ഓടിനടന്നിരുന്ന അവരുടെ ജീവിതം പെട്ടെന്നൊരു ദിവസം നിലച്ചുപോകുന്ന അനുഭവമായിരുന്നു അത്. അല്‍കയുടെ അത്ര തിരക്കൊന്നും വേണ്ട, പെട്ടെന്നൊരു ദിവസം കേള്‍വിയങ്ങ് ഇല്ലാതായാല്‍ സാധാരണക്കാരുടെ ജീവിതം തന്നെ എന്താകുമെന്ന് ഊഹിക്കാവുന്നതാണല്ലോ...
എസ്.എന്‍.എച്ച്.എല്‍ ചികിത്സിച്ചുമാറ്റാമെന്നാണ് യു.എസ് ആരോഗ്യ കേന്ദ്രമായ ക്ലീവ്‌ലാന്‍ഡ് ക്ലിനിക് ജേണല്‍ പറയുന്നത്. കോക്ലിയര്‍ രോമകോശങ്ങളിലെ വീക്കം കുറയ്ക്കാനായുള്ള കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് മരുന്നുകള്‍ ഒരു മാര്‍ഗമാണ്. വൈറല്‍ ഇന്‍വെക്ഷന്‍ വഴി സംഭവിച്ചതാണെങ്കില്‍ ആന്റി വൈറല്‍ മരുന്നുകളും ചികിത്സയും പരീക്ഷിച്ചുനോക്കാവുന്നതാണ്. കോക്ലിയര്‍ ഇംപ്ലാന്റ്, ഹിയറിങ് എയ്ഡ്, അസിസ്റ്റീവ് ലിസണിങ് ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള സ്ഥിരം കേള്‍വിശക്തി നഷ്ടപ്പെട്ടവര്‍ അവലംബിക്കുന്ന മാര്‍ഗങ്ങളും നോക്കാവുന്നതാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
Summary: What happened to the famous Indian playback singer Alka Yagnik? what is the rare Sensorineural hearing loss (SNHL) all about?
Adjust Story Font
16