Quantcast

സുരേഷ് മടങ്ങി; ഏഴുപേർക്ക് ജീവനും പകുത്ത്

മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം വെള്ളായണി സ്വദേശി എ. സുരേഷിന്റെ അവയവങ്ങളാണ് ഏഴുപേര്‍ക്കു ദാനം ചെയ്തത്

MediaOne Logo

Web Desk

  • Published:

    6 Nov 2023 3:26 PM GMT

Brain dead Suresh will live in seven lives, A native of Thiruvananthapuram Vellayani Poonkulam. Sureshs organs were donated to seven people
X

എ. സുരേഷ്

തിരുവനന്തപുരം: മസ്തിഷ്‌കമരണം സംഭവിച്ച സുരേഷ് ഇനി ഏഴു മനുഷ്യരില്‍ ജീവിക്കും. തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ. സുരേഷിന്റെ (37) അവയവങ്ങളാണ് ഏഴുപേര്‍ക്കു ദാനം ചെയ്തത്. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവദാനം നിര്‍വഹിച്ചത്.

ഹൃദയം, രണ്ടു വൃക്കകള്‍, രണ്ടു കണ്ണുകള്‍ എന്നിങ്ങനെയാണ് ദാനംചെയ്തത്. കരള്‍ രണ്ടു പേര്‍ക്കു പകുത്തുനല്‍കുകയും ചെയ്തു. ഹൃദയം കോട്ടയം മെഡിക്കല്‍ കോളജ്, ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ഒരു വൃക്ക കിംസ് ആശുപത്രി, കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കാണു നല്‍കിയത്. കരള്‍ അമൃതയിലെ സൂപ്പര്‍ അര്‍ജന്റ് രോഗിക്കും കിംസിലെ രോഗിക്കും പകുത്തുനല്‍കി.

നവംബര്‍ രണ്ടിന് ജോലിസ്ഥലത്ത് നടന്ന അപകടത്തിലാണു നിര്‍മ്മാണ തൊഴിലാളിയായ സുരേഷിനു മസ്തിഷ്കമരണം സംഭവിക്കുന്നത്. കെട്ടിടത്തിന് മുകളില്‍നിന്നു വീണ് ഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും അഞ്ചിന് കിംസ് ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണമടയുകയായിരുന്നു. തുടര്‍ന്നു ബന്ധുക്കളാണ് അവയവദാനത്തിനു സന്നദ്ധതയറിയിച്ചത്.

തുടര്‍ന്ന് അവയവമാറ്റം വേഗത്തിലാക്കാനായി മന്ത്രി വീണാ ജോര്‍ജ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കാലാവസ്ഥാ പ്രശ്‌നം കാരണം ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് ഗ്രീന്‍ ചാനല്‍ ഒരുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊലീസിന്‍റെ സഹായത്തോടെ ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അതിവേഗത്തില്‍ ഹൃദയം കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചത്. തീവ്രദുഃഖത്തിലും തങ്ങളുടെ പ്രിയപ്പെട്ടയാളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കള്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു.

Summary: Brain dead Suresh will live in seven lives. A native of Thiruvananthapuram Vellayani Poonkulam. Suresh's (37) organs were donated to seven people

TAGS :
Next Story