രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്ന ആദ്യ രാജ്യമായി ക്യൂബ
ചൈന, വെനസ്വേല, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും ചെറിയ കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യമായി ചെറിയ കുട്ടികൾക്ക് വാക്സിൻ നൽകിയത് ക്യൂബയാണ്
കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമായി ക്യൂബ. രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കാണ് ക്യൂബ വാക്സിൻ നൽകി തുടങ്ങിയത്. എന്നാൽ, ലോകാരോഗ്യ സംഘടന അംഗീകരിക്കാത്ത വാക്സിനാണ് ക്യൂബ കുട്ടികൾക്ക് നൽകുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് 2 നും 11 വയസിനും ഇടയിലുള്ള കുട്ടികൾക്ക് ക്യൂബ വാക്സിൻ നൽകി തുടങ്ങിയത്.
11.2 ദശലക്ഷം ജനങ്ങളുള്ള ക്യൂബയിൽ കഴിഞ്ഞ വർഷം മാർച്ച് മുതൽ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് എല്ലാ കുട്ടികൾക്കും കുത്തിവെയ്പ്പ് നടത്താനാണ് ക്യൂബ ലക്ഷ്യമിടുന്നത്.പ്രായപൂർത്തിയാകാത്തവരിൽ അബ്ദാല, സോബെറാന എന്നീ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കും ക്യൂബ വാക്സിൻ നൽകി തുടങ്ങിയിരുന്നു.
കഴിഞ്ഞ വർഷം മാർച്ച് 11 നാണ് ക്യൂബയിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. ഇതുവരെ 5,617 പേരാണ് കോവിഡ് ബാധിച്ച് ക്യൂബയിൽ മരിച്ചത്. കോവിഡിനെതിരെ ക്യൂബ തദ്ദേശീയമായി അബ്ദാല, സോബെറാന എന്നീ രണ്ട് വാക്സിനുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിൽ അബ്ദാല വാക്സിൻ 92.28 ശതമാനം ഫലപ്രദമാണെന്നാണ് ക്യൂബ അവകാശപ്പെടുന്നത്.
ചൈന, വെനസ്വേല, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും ചെറിയ കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യമായി ചെറിയ കുട്ടികൾക്ക് വാക്സിൻ നൽകിയത് ക്യൂബയാണ്. എന്നാൽ 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് വിവിധ രാജ്യങ്ങൾ വാക്സിൻ നൽകി വരുന്നുണ്ട്.
Adjust Story Font
16