ഉറക്കം ശരീരഭാരം കുറയ്ക്കും; കണ്ടെത്തലുമായി പുതിയ പഠനം
ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസിനു കീഴിലുള്ള യൂറോപ്യൻ ഹാർട്ട് ജേണലാണു പുതിയ ഗവേഷണം പ്രസിദ്ധീകരിച്ചത്
ലണ്ടന്‍: എപ്പോഴും കിടന്നുറങ്ങുന്നവരെ കുഴിമടിയന്മാരെന്നാണു പൊതുവെ വിളിക്കാറ്. എന്നാൽ, ഉറക്കക്കാരെ ആക്ഷേപിച്ച് ചുമ്മാ അവിടെയും ഇവിടെയും ഇരുന്ന് സമയം കളയുന്നവരുമുണ്ട്. പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ ക്ഷണിച്ചുവരുത്താനിടയുള്ള ഈ ഉദാസീനമായ ശീലം അകാല മരണത്തിനും ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാല്‍, ഉറക്കത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണു പുതിയൊരു പഠനം വെളിപ്പെടുത്തുന്നത്.
ഓട്ടം, വേഗത്തിലുള്ള നടത്തം, സൈക്ലിങ്, നീന്തൽ പോലുള്ള മിതമായതും ഊർജ്ജസ്വലവുമായ ശാരീരിക പ്രവർത്തനങ്ങളിലൂടെ ശാരീരികഭാരം നിയന്ത്രിക്കാനാകുമെന്നത് എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ, ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസിനു കീഴിലുള്ള യൂറോപ്യൻ ഹാർട്ട് ജേണൽ ആണ് ഉറക്കപ്രേമികളെ സന്തോഷിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. Device-measured physical activity and cardiometabolic health: the Prospective Physical Activity, Sitting and Sleep എന്ന തലക്കെട്ടോടെ ജേണൽ പ്രസിദ്ധീകരിച്ച പുതിയ പഠനം വെളിപ്പെടുത്തുന്നത് ആയാസരഹിതമായ പ്രവർത്തനങ്ങൾ കൊണ്ടും ശരീരഭാരം കുറയ്ക്കാനാകുമെന്നാണ്.
ഉറക്കവും അക്കൂട്ടത്തിലുണ്ടെന്നതാണ് ഏറെ കൗതുകമുണർത്തുന്ന കാര്യം. അരമണിക്കൂർ ഇരിക്കുന്നതിനു പകരം അത്രയും സമയം ഉറങ്ങിയതിലൂടെ ശരീരഭാരവും അരവണ്ണവും ഗണ്യമായി കുറയ്ക്കാനാകുമെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. വെറുതെ നിന്നാലും പതുക്കെ നടന്നാൽ പോലും ഈ ഗുണം ലഭിക്കും.
കൃത്യമായുള്ള ഉറക്കം ഹൃദയാരോഗ്യത്തിന് ഏറെ പ്രധാനമാണെന്നാണ് ഡെൻവെറിലെ നാഷനൽ ജ്യൂയിഷ് ഹെൽത്തിൽ കാർഡിയോ വാസ്‌കുലർ പ്രിവൻഷൻ ആൻഡ് വെൽനെസ് വിഭാഗം ഡയരക്ടർ ഡോ. ആൻഡ്ര്യൂ ഫ്രീമൻ ഓക്‌സ്ഫഡ് പഠനം ചൂണ്ടിക്കാട്ടി അഭിപ്രായപ്പെട്ടത്. എന്നാൽ, മറ്റു വ്യായാമങ്ങളും അഭ്യാസങ്ങൾക്കും പകരം കൂടുതൽ നേരം ഉറങ്ങിയാൽ ഈ ഗുണം ലഭിക്കുമെന്നു കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഓരോ വ്യക്തികളുടെയും ദിനചര്യയ്ക്കും ചിട്ടകൾക്കും അനുസരിച്ചായിരിക്കും മേൽപറഞ്ഞവയുടെ ഫലവും. ചിലർ തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ചെറിയ മാറ്റം വരുത്തിയാൽ തന്നെ വലിയ ഫലം കാണാനായേക്കും. എന്നാൽ, ചിലർക്കു തീവ്രമായ വ്യായാമവും ആവശ്യമായി വന്നേക്കാമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.
Summary: Sleeping is better than sitting for weight loss: New study reveals
Adjust Story Font
16