Quantcast

സാനിറ്ററി പാഡുകളിൽ മാത്രം ഒതുങ്ങേണ്ടതല്ല ആർത്തവം; വിദഗ്ധർ പറയുന്നത്..

സാനിറ്ററി പാഡുകളുടെ ഉപയോഗം ചർച്ചയാകുമ്പോൾ പരിഗണിക്കേണ്ട മറ്റ് ചില കാര്യങ്ങളുമുണ്ട്

MediaOne Logo

Web Desk

  • Published:

    8 Oct 2022 2:28 PM GMT

സാനിറ്ററി പാഡുകളിൽ മാത്രം ഒതുങ്ങേണ്ടതല്ല ആർത്തവം; വിദഗ്ധർ പറയുന്നത്..
X

ആർത്തവം എന്ന് കേൾക്കുമ്പോഴുള്ള ആശങ്ക ഇന്നും സ്ത്രീകൾക്ക് അകറ്റാനായിട്ടില്ല. വേദനയും മൂഡ് സ്വിഗ്‌സുകളും ഈ ആശങ്കകൾക്ക് ആക്കം കൂട്ടുമ്പോഴും പാഡുകൾ മാറ്റുന്നതാണ് ഭൂരിഭാഗം സ്ത്രീകളും നേരിടുന്ന പ്രശ്‌നം. കൃത്യസമയത്ത് പാഡുകൾ മാറ്റിയില്ലെങ്കിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ആരോഗ്യ വിദഗ്‌ധർ നിരന്തരം ഓർമപ്പെടുത്തുമ്പോഴും ഇപ്പോഴും ആർത്തവ ദിനങ്ങളിൽ തുണി ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം കുറവല്ല.

നൂറ്റാണ്ടുകളായി ആർത്തവം സംബന്ധിച്ച് നിലനിൽക്കുന്ന മിഥ്യാധാരണകൾ പൊളിച്ചെഴുതാൻ സമീപകാലങ്ങളിൽ നടന്ന ബോധവൽക്കരണങ്ങൾ മൂലം കഴിഞ്ഞിട്ടുണ്ട് എന്നത് ആശ്വാസകരമാണെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു. ഇപ്പോഴിതാ ആർത്തവകാലത്തെ ശുചിത്വം സാനിറ്ററി പാഡുകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്നാണ് വിദഗ്ധർ പറയുന്നത്.

കുറഞ്ഞ വിലയിൽ പാഡുകൾ വിപണിയിൽ എത്തിക്കുന്നത് ഇപ്പോഴും ചർച്ചയാകുന്ന വിഷയമാണ്. എന്നാൽ, സാനിറ്ററി പാഡുകളുടെ ഉപയോഗം ചർച്ചയാകുമ്പോൾ പരിഗണിക്കേണ്ട മറ്റ് ചില കാര്യങ്ങളുമുണ്ട്. ഇങ്ങനെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ് യുവ സംരഭകയും വ്യവസായി കുമാർ മംഗലം ബിർളയുടെ മകളുമായ അദ്വൈതേശ ബിർള. ആർത്തവ ശുചിത്വത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കാൻ 18കാരിയായ അദ്വൈതേശ ആരംഭിച്ച 'ഉജാസ്' എന്ന സംരഭം ഏറെ ശ്രദ്ധ നേടിയിരുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി ചില പ്രധാന കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ് അദ്വൈതേശ.

പാഡുകളുടെ ഉപയോഗം...

സാനിറ്ററി പാഡുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാനറിയാത്ത പെൺകുട്ടികളും സ്ത്രീകളും നമുക്കിടയിൽ ധാരാളമുണ്ട്. സാനിറ്ററി പാഡുകൾക്ക് ബദലായി ഉപയോഗിക്കേണ്ടവ എന്തെന്ന് പോലും പലർക്കും അറിയില്ല. പാഡുകളും മറ്റ് ആർത്തവ ഉപകരണങ്ങളും ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഗർഭാശയത്തിലെ അണുബാധയടക്കം പല ഗുരുതര പ്രശ്‌നങ്ങൾക്കും വഴിവെക്കും.

തുണി ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ശരിയായ രീതിയിൽ പാഡുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച സ്ത്രീകളെ ബോധവൽക്കരിക്കേണ്ടതെന്ന് അദ്വൈതേശ പറയുന്നു.

ആർത്തവവും അന്ധവിശ്വാസങ്ങളും

ഒരു ചെറിയ അശ്രദ്ധ പോലും വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാകുമെന്നിരിക്കെ ലോകമെമ്പാടുമുള്ള 500 ദശലക്ഷം സ്ത്രീകൾക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും മതിയായ ശുചിത്വ സൗകര്യങ്ങൾ ഇല്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും മിഥ്യാധാരണകളും ആർത്തവ ദിനത്തിൽ സാധാരണ ജീവിതശൈലി നയിക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കുന്നു.

മിക്ക സ്‌കൂളുകളിലും ജോലിസ്ഥലങ്ങളിലും ഇപ്പോഴും വൃത്തിയുള്ള ശുചിമുറികളില്ല. പൊതു ഇടങ്ങളിൽ സാനിറ്ററി പാഡുകൾ മാറ്റാനുള്ള സൗകര്യമില്ലാത്തതും സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നമാണ്. മിക്കയിടങ്ങളിൽ വെള്ളത്തിന്റെ അഭാവം കാരണം കൈ കഴുകാനാകാത്ത അവസ്ഥ പോലും സ്ത്രീകൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ആർത്തവ സമയത്ത് പെൺകുട്ടികൾ സ്‌കൂളുകളിൽ പോകാത്തതിന് കാരണം പോലും ഇവയൊക്കെയാണെന്ന് അദ്വൈതേശ ചൂണ്ടിക്കാട്ടുന്നു.

വേണം മനസിനും ആരോഗ്യം

ആർത്തവ ശുചിത്വം പരിഗണിക്കുമ്പോൾ മാനസികാരോഗ്യവും പരിഗണിക്കേണ്ടത് അനിവാര്യമാണ്. സ്ത്രീകൾക്കും പ്രത്യേകിച്ച് കൗമാരക്കാരായ പെൺകുട്ടികൾക്കും ആർത്തവ സമയങ്ങളിൽ നിരവധി ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്. ഈസ്ട്രജൻ, സെറോടോണിൻ, പ്രോജസ്റ്ററോൺ എന്നീ ഹോർമോണുകളിലുണ്ടാകുന്ന മാറ്റങ്ങൾ മനസികാരോഗ്യത്തെയും സാരമായി ബാധിച്ചേക്കും.

കോപം, ഉത്കണ്ഠ, വിഷാദം എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന അവസ്ഥകൾ. ഇതിനെ പറ്റി സ്ത്രീകളും അവർക്ക് ചുറ്റുമുള്ളവരും ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്. പെട്ടെന്ന് ദേഷ്യപ്പെടുമ്പോഴോ സങ്കടപ്പെടുമ്പോഴോ അവരുടെ മാനസികനില കണക്കിലെടുത്ത് പിന്തുണ നൽകേണ്ടത് അനിവാര്യമാണ്.

പാഡ് മാത്രമല്ല, വഴികൾ പലതുണ്ട്..

സാനിറ്ററി പാഡുകൾ ഏറെ പ്രചാരമുള്ളവയാണെങ്കിലും ആർത്തവ സംരക്ഷണത്തിനുള്ള ഒരേയൊരു മാർഗമല്ല ഇവ. മെൻസ്ട്രൽ കപ്പുകൾ, പീരിയഡ് പാന്റീസ്, ടാംപണുകൾ, വജൈനൽ ഡിസ്‌കുകൾ തുടങ്ങി നിരവധി മാർഗങ്ങൾ വിപണിയിൽ സുലഭമാണ്. ഇവയെ പറ്റി വേണ്ടത്ര അറിവില്ലാത്തതാണ് പാഡിന് ബദലായി ഇവ ഉപയോഗിക്കാൻ സ്ത്രീകൾ മടിക്കുന്നത്.

ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനകൾ സാധാരണയാണ്. ക്ഷീണം, മലബന്ധം, വയറിളക്കം എന്നിവ അനുഭവപ്പെട്ടേക്കാം. എന്നാൽ, വേദന കൂടുകയാണെങ്കിലോ സാധാരണ ഉണ്ടാകാത്ത എന്തെങ്കിലും അവസ്ഥകൾ പുതുതായി ഉണ്ടാകുന്നുണ്ടെങ്കിലോ വൈദ്യസഹായം തേടാൻ മറക്കരുത്.

ഈ ഭക്ഷണങ്ങൾ സഹായിക്കും

ആർത്തവ സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആർത്തവകാലത്തെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു പരിധി വരെ പോഷകാഹാരങ്ങൾക്ക് സാധിക്കും. ഇരുമ്പ്, പ്രോട്ടീൻ, പ്രോബയോട്ടിക്സ്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനകൾ ലഘൂകരിക്കാൻ സഹായിക്കും. ജലാംശം അടങ്ങിയ പഴങ്ങൾ കഴിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്. യോഗയോ വ്യായാമമോ ശീലിക്കുന്നതും പ്രയോജനപ്പെടും.

ആർത്തവ സമയത്തുണ്ടാകുന്ന യീസ്റ്റ് അണുബാധ നിസാരമായി കാണരുത്. ശുചിത്വം പാലിക്കുക തന്നെയാണ് ഇത്തരം അണുബാധകളെ ചെറുക്കാനുള്ള പ്രധാന മാർഗം. ചൂടുവെള്ളത്തിൽ കുളിക്കുന്നതും ചൂടുവെള്ളം ഉപയോഗിച്ച് സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കുന്നതും നല്ലതാണ്.

ആർത്തവ ശുചിത്വവും ആരോഗ്യവും സംബന്ധിച്ച ബോധവൽക്കരണം ഓരോ കുടുംബത്തിൽ നിന്നും ആരംഭിക്കണം. ഇത് യാഥാർഥ്യമായെങ്കിൽ മാത്രമേ സമൂഹത്തിൽ ക്ഷേമം യാഥാർഥ്യമാകൂ. ശുചിത്വം എന്നത് സാനിറ്ററി പാഡുകളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന സമയം അതിക്രമിച്ചിരിക്കുന്നു, അതിനുമപ്പുറം മനസികാരോഗ്യത്തിനും മറ്റ് ശുചിത്വ മാർഗങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് അദ്വൈതേശ കൂട്ടിച്ചേർത്തു.

TAGS :
Next Story