കരുവാളിപ്പും വരണ്ട ചർമവും അകറ്റാം; പ്രതിവിധി കോഫിയിലുണ്ട്
ചർമത്തിലുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് കോഫി
കാപ്പി കുടിക്കാൻ ഇഷ്ടമല്ലേ! ഒരു കോഫി കുടിച്ചാൽ കിട്ടുന്ന ഉന്മേഷം ഒന്ന് വേറെ തന്നെയാണ്. ഈ ഉന്മേഷം ചർമത്തിന് കൂടി കിട്ടിയാലോ? ചർമത്തിലുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് കോഫി. വരൾച്ച അകറ്റി തിളക്കമുള്ള ചർമം സ്വന്തമാക്കാൻ അറിയാം കാപ്പിയിൽ ഒളിഞ്ഞിരിക്കുന്ന ഈ ഗുണങ്ങൾ.
കണ്ണുകളിലെ വീക്കം
വീങ്ങിയ കണ്ണുകളോട് (puffy eyes) ഇനി വിട പറഞ്ഞോളൂ. കുറച്ച് കാപ്പിപ്പൊടി ഇളംചൂട് വെള്ളത്തിൽ കലർത്തി ഒരു കോട്ടൺ ഉപയോഗിച്ച് കണ്ണിലെ വീക്കമുള്ള ഭാഗത്ത് വെക്കുക. ഒരു അൽപസമയം ഇങ്ങനെ തന്നെ തുടരുക, മാറ്റം നിങ്ങൾക്ക് തന്നെ കാണാനാകും.
കണ്ണിന് ചുറ്റുമുള്ള കറുപ്പ്
അര ടീസ്‌പൂൺ കോഫി തേനിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി കണ്ണിന് താഴെ പുരട്ടുക. 10-15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ഇത് കണ്ണിന് ചുറ്റുമുള്ള രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും. അങ്ങനെ കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങൾ (dark circles) കുറഞ്ഞ് വരികയും ചെയ്യും. കാപ്പി മാത്രം പോര, ധാരാളം വെള്ളം കുടിക്കുകയും വേണം.
മുഖക്കുരു
കാപ്പിയിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിലെ അഴുക്കുകൾ അകറ്റാനും ബാക്ടീരിയകളെ ചെറുക്കാനും ഏറെ നല്ലതാണ്. കാപ്പി വെള്ളത്തിലോ തേനിലോ ചാലിച്ച് മുഖത്ത് പുരട്ടി പതുക്കെ മസാജ് ചെയ്യുക. മൃതചർമങ്ങളെ നീക്കം ചെയ്യാനും മുഖക്കുരുവും പാടുകളും അകറ്റി ചർമത്തെ തിളക്കമുള്ളതാക്കി മാറ്റാനും ഇത് സഹായിക്കും.
വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഫേസ്‌പാക്ക് കൂടിയായാലോ. 3 ടീസ്പൂൺ കാപ്പി ഒരു ടേബിൾസ്പൂൺ ചെറുപയർ പൊടിയിൽ കലർത്തുക.ഇതിലേക്ക് 3 ടീസ്പൂൺ തേൻ, 2 ടീസ്പൂൺ കറ്റാർ വാഴ ജെൽ, 2-3 തുള്ളി ലാവെൻഡർ എണ്ണ (ആവശ്യമെങ്കിൽ) ചേർക്കുക. നല്ല പോലെ മിക്സ് ചെയ്‌ത ശേഷം മുഖത്ത് പുരട്ടി പത്ത്- പതിനഞ്ച് മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയുക.
കരുവാളിപ്പ് അകറ്റാം
അൽപനേരം വെയിൽ കൊണ്ടാൽ പോലും മുഖത്ത് നിറവ്യത്യാസം വരുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പരീക്ഷണങ്ങൾ പലതും ചെയ്‌തിട്ടും ഉദ്ദേശിച്ച റിസൾട്ട് കിട്ടാത്തതും ഒരു പ്രശ്‌നമാകും. ഇതിനും കോഫിയിൽ പരിഹാരമുണ്ട്. കാപ്പിയിലെ പോളിഫെനോൾ സൂര്യന്റെ അൾട്രാവയലറ്റ് രശ്‌മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയും സൂര്യപ്രകാശം മൂലം ചർമത്തിലുണ്ടാകുന്ന സൂക്ഷ്‌മരേഖകൾ കുറയ്ക്കുകയും ചെയ്യും.
കരുവാളിപ്പ് മാറ്റാൻ ഒരു കോഫി ഫേസ്‌പാക്ക് ആയാലോ. ഒരു ടേബിൾസ്പൂൺ കാപ്പിയും 1 ടേബിൾസ്പൂൺ നാരങ്ങാനീരും മിക്‌സ് ചെയ്യുക. പതിനഞ്ച് മിനിറ്റ് നേരം മുഖത്ത് പുരട്ടിയ ശേഷം കഴുകി കളയുക.
വരണ്ട ചർമം
മോയ്സ്ചറൈസുകൾ എത്ര പുരട്ടിയിട്ടും വരണ്ട ചർമത്തിൽ നിന്നൊരു മോചനമില്ലേ. ഇതൊന്ന് പരീക്ഷിച്ച് നോക്കൂ. അര ടീസ്പൂൺ കാപ്പിപ്പൊടിയിൽ 1 ടേബിൾസ്പൂൺ ഒലിവ് ഓയിൽ ചേർത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തും ശരീരത്തും ഇത് ഉപയോഗിക്കാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയുക. കാപ്പിയിലും ഒലിവ് ഓയിലിലും അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ വരണ്ട ചർമത്തിന് ഏറെ നല്ലതാണ്.
Adjust Story Font
16