Quantcast

'ഉവൈസിയുടെ നാവരിഞ്ഞ് കൊണ്ടുതരൂ, പാരിതോഷികം തരാം'; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

'ഇത്തരം മുദ്രാവാക്യങ്ങൾ മുഴക്കുന്നവരെ പാർലമെൻ്റിന് പുറത്തേക്ക് രണ്ടു കാലിൽ ഇറങ്ങാൻ അനുവദിക്കരുത്'- റാണെ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-06-28 14:24:55.0

Published:

28 Jun 2024 1:14 PM GMT

Maharashtra BJP MLA offers reward for ‘cutting off Owaisi’s tongue’
X

മുംബൈ: ഹൈദരാബാദ് എം.പിയും എഐഎംഐഎം മേധാവിയുമായ അസദുദ്ദീൻ ഉവൈസിയുടെ നാവ് മുറിച്ചുകൊണ്ടുവരുന്നവർക്ക് പാരിതോഷികം വാ​ഗ്ദാനം ചെയ്ത് ബിജെപി എംഎൽഎ. മഹാരാഷ്ട്ര കൻകാവിലി എംഎൽഎ നിതേഷ് റാണെയാണ് വിവാദ പരാമർശവുമായി രം​ഗത്തെത്തിയത്. ഉവൈസി ലോക്സഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം 'ജയ് ഫലസ്തീൻ' മുദ്രാവാക്യം വിളിച്ചതാണ് ബിജെപി എംഎൽഎയെ ചൊടിപ്പിച്ചത്.

'പാകിസ്താൻ പാർലമെൻ്റിൽ ആരെങ്കിലും 'ജയ് ശ്രീറാം' അല്ലെങ്കിൽ 'വന്ദേമാതരം' വിളിച്ചിരുന്നെങ്കിൽ അയാൾക്ക് ജീവനോടെ പുറത്തുവരാൻ കഴിയില്ല. എന്നാൽ നമ്മൾ ആരാധിക്കുന്ന പാർലമെൻ്റിലും ഡോ. അംബേദ്കറുടെ ഭരണഘടനയനുസരിച്ച് ഭരിക്കുന്ന രാജ്യത്തും ശത്രു രാജ്യങ്ങളെയും തീവ്രവാദികളേയും പിന്തുണയ്ക്കുന്ന ശബ്ദങ്ങൾ നാം കേൾക്കുന്നു. ഇത്തരം മുദ്രാവാക്യങ്ങൾ മുഴക്കുന്നവരെ പാർലമെൻ്റിന് പുറത്തേക്ക് രണ്ടു കാലിൽ ഇറങ്ങാൻ അനുവദിക്കരുത്. പാകിസ്താനികളോ ചൈനക്കാരോ അവരുടെ പാർലമെൻ്റിൽ ഇത് അനുവദിക്കുമായിരുന്നില്ല'- റാണെ മാധ്യമങ്ങളോടു പറഞ്ഞു.

'അസദുദ്ദീൻ ഉവൈസിസുടെ നാവരിഞ്ഞ് എനിക്ക് കൊണ്ടുതരൂ. ഞാൻ പാരിതോഷികം നൽകാം. ജയ് ഫലസ്തീൻ മുദ്രാവാക്യം വിളിച്ചിട്ട് എങ്ങനെയാണ് ഉവൈസിക്ക് വളരെ കൂളായി പാർലമെന്റിൽ നിന്നും പുറത്തിറങ്ങാൻ കഴിയുന്നത്. ഒരു രാജ്യവും ഇത്തരക്കാരെ ജീവനോടെ വച്ചേക്കില്ല'- റാണെ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച ലോക്സഭയിൽ എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു ഉവൈസി, ഇസ്രായേൽ കൂട്ടക്കുരുതിയിൽ തകർന്ന പലസ്തീനിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ഇത് ബിജെപി വൻ വിവാദമാക്കിയിരുന്നു. അഞ്ചാം തവണ ഹൈദരാബാദിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ് ഭീം, ജയ് മീം, 'ജയ് തെലങ്കാന', 'ജയ് ഫലസ്തീൻ' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തുകയായിരുന്നു. ​

ലോക്സഭയിൽ ഉവൈസിയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചതോടെ ബിജെപി എം.പിമാർ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിനു പിന്നാലെ ഖുർആനിലെ സൂക്തങ്ങളോടെയാണ് ഉവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്. തുടർന്നായിരുന്നു ഫലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യമുൾപ്പെടെ ഉയർത്തിയത്.

രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ആത്മാർഥമായി തുടരുമെന്ന് അദ്ദേഹം പിന്നീട് എക്സിൽ കുറിച്ചു. ഉവൈസിയുടേത് ഭരണഘടനാ ലംഘനമാണെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞിരുന്നു. 2019ൽ ജയ് ഭീം, അല്ലാഹു അക്ബർ, ജയ് ഹിന്ദ് എന്നിങ്ങനെ പറഞ്ഞാണ് ഉവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.

ഉവൈസിയെ അയോ​ഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ അഭിഭാഷകനായ ഹരിശങ്കർ ജെയ്ൻ രാഷ്ട്രപതിക്ക് പരാതി നൽകിയിട്ടുണ്ട്. ഉവൈസിയുടെ പരാമർശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഭരണഘടനാ ലംഘനമാണെന്നും ആരോപിച്ചാണ് പരാതി. മറ്റൊരു രാജ്യത്തോട് കൂറോ വിധേയത്വമോ പുലർത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയാൽ ഒരു എം.പിയെ അയോഗ്യനാക്കാമെന്ന് ഇയാളുടെ പരാതിയിൽ പറയുന്നു.



TAGS :

Next Story