Quantcast

'ക്ഷേത്ര കമ്മിറ്റികളിൽ കേന്ദ്രം ഹിന്ദുക്കളല്ലാത്തവരെ അനുവദിക്കുമോ?'; വഖഫ് ഭേദ​ഗതി ബില്ലിനെതിരെ ശിവസേന (യുബിടി) എംപി

ലോക്‌സഭയിൽ വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കവെയായിരുന്നു വിമർശനം.

MediaOne Logo

Web Desk

  • Updated:

    2 April 2025 1:55 PM

Published:

2 April 2025 11:54 AM

Will you allow non-Hindus in temple committees? Uddhav Sena MP questions Centre
X

ന്യൂഡൽഹി: കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദ​ഗതി ബില്ലിനെതിരെ ശിവസേന യുബിടി വിഭാ​ഗവും. വഖഫ് ബോർഡിൽ മുസ്‌ലിംകളല്ലാത്തവരെ ഉൾപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്രം ക്ഷേത്ര കമ്മിറ്റികളിൽ ഹിന്ദുക്കളല്ലാത്തവരെ അനുവദിക്കുമോ? എന്ന് ശിവസേന (യുബിടി) എംപി അരവിന്ദ് സാവന്ത് ചോദിച്ചു.

ലോക്‌സഭയിൽ വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കവെയായിരുന്നു സാവന്തിന്റെ വിമർശനം. വഖഫ് സ്വത്തുക്കൾ മുസ്‌ലിം സമൂഹത്തിന്റെ നട്ടെല്ലാണെന്നും അവ കൈക്കലാക്കാനാണ് നിർദിഷ്ട വഖഫ് ഭേദ​ഗതി ബില്ലിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും തൃണമൂൽ എംപി കല്യാൺ ബാനർജി കുറ്റപ്പെടുത്തി.

'വഖഫ് ഭേദഗതി ബില്ലിന്റെ മറവിൽ, സർക്കാർ വഖഫ് ബോർഡുകളുടെ വ്യത്യസ്ത വിഭാഗങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. വഖഫ് ബോർഡുകൾക്കുള്ളിൽ വിവിധ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള വർ​ഗീകരണങ്ങൾ ഭരണകക്ഷിയുടെ ദുഷ്ടലക്ഷ്യത്തെ സൂചിപ്പിക്കുന്നു'- ബാനർജി ചൂണ്ടിക്കാട്ടി.

വിവിധ പ്രതിപക്ഷ പാർട്ടി എംപിമാർ ബില്ലിനെ എതിർത്ത് രം​ഗത്തെത്തിയിട്ടുണ്ട്. ബില്ലിനെ ഡിഎംകെ ശക്തമായി എതിർക്കുന്നതായും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയമസഭയിൽ പ്രമേയം പാസാക്കിയതായും കനിമൊഴി എംപി പ്രതികരിച്ചു. 'രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഞങ്ങൾ കൈവിടില്ല. ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായി ഈ ബില്ലിനെ എതിർക്കുന്നു'- അവർ കൂട്ടിച്ചേർത്തു.

വഖഫ് ഭേദ​ഗതി ബിൽ രാജ്യത്തെ മതേതരത്വത്തെ വെല്ലുവിളിക്കുന്നതാണെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ പറഞ്ഞു. വഖഫ് നിയമ ഭേദഗതി ബില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ളതും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഡിഎംകെയുടെ മറ്റൊരു എംപി എ.രാജ പ്രതികരിച്ചു. വഖഫ് ഭേദഗതി ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം വഖഫ് ഭേദ​ഗതി ബിൽ കൊണ്ടുവന്നത് കുംഭമേളയിലെ മരണസംഖ്യ മറച്ചുവയ്ക്കാനാണെന്ന് സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് ലോക്സഭയിൽ പറഞ്ഞു. ബിജെപി പുതിയ ബിൽ കൊണ്ടുവരുമ്പോഴെല്ലാം അത് കേന്ദ്രത്തിന്റെ പരാജയം മറച്ചുവയ്ക്കാനാണെന്നും അഖിലേഷ് വിമർശിച്ചു. വഖഫ് ബിൽ സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമെന്ന് എസ്പി എംപി രാം ഗോപാൽ യാദവ് ചൂണ്ടിക്കാട്ടി.

വഖഫ് സ്വത്തുക്കൾ കൈവശപ്പെടുത്തി തങ്ങളുടെ സുഹൃത്തുക്കൾക്ക് നൽകാനുള്ള ബിജെപിയുടെ നീക്കമാണിതെന്ന് എഎപി എംപി സഞ്ജയ് സിങ് ആരോപിച്ചു. 'വഖഫ് സ്വത്തുക്കൾ കൈവശപ്പെടുത്തി സ്വന്തം സുഹൃത്തുക്കൾക്ക് നൽകാൻ ബിജെപി ശ്രമിക്കുന്നു. ഇതിൽ രാജ്യത്തെ ജനങ്ങൾ ജാഗ്രത പാലിക്കണം- സഞ്ജയ് സിങ് പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. കേന്ദ്രം ബിൽ അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ബില്‍ അംഗങ്ങള്‍ക്ക് നേരത്തെ നല്‍കിയില്ലെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. എതിര്‍പ്പുകള്‍ പറയാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story