നടുറോഡിൽ മദ്യപാനം; യൂട്യൂബറെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്
ബോബി കതാരിയയുടെ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല
ഡെറാഡൂൺ: ഡെറാഡൂണിൽ റോഡരികിൽ മേശയിട്ട് വാഹനഗതാഗതം തടഞ്ഞ് മദ്യപിച്ചെന്ന കേസിൽ ഒളിവിൽ കഴിയുന്ന യൂട്യൂബർ ബോബി കതാരിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഉത്തരാഖണ്ഡ് പൊലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പ്രതിക്കെതിരെ ഡെറാഡൂൺ പൊലീസ് കോടതിയിൽ നിന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡെറാഡൂൺ എസ്എസ്പി ദിലീപ് സിംഗ് കുൻവാർ പറഞ്ഞു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള കതാരിയയുടെ വീട്ടിലും ഉത്തരാഖണ്ഡ് പൊലീസ് റെയ്ഡ് നടത്തിയിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്നാണ് ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്സൂറി കിമാഡി മാർഗിലെ നടുറോഡിൽ ബോബി കടാരിയ കസേര മേശ ഇട്ട് ഗതാഗതം തടസ്സപ്പെടുത്തുകയും പൊതുസ്ഥലത്ത് മദ്യം കഴിക്കുകയും ചെയ്യുന്ന വീഡിയോ അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതിന് പുറമെ മദ്യലഹരിയിൽ ബൈക്ക് ഓടിക്കുന്നതും വീഡിയോയിലുണ്ട്. ബോബി കതാരിയയ്ക്കെതിരെ 342/336/290/510 ഐപിസി, 67 ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെ ഇയാൾ സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിൽ പുകവലിക്കുന്ന ചിത്രവും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇയാൾക്ക് വിമാനയാത്ര 15 ദിവസത്തേക്ക് വിമാനയാത്ര നിഷേധിച്ച് എയർലൈൻ നടപടിയെടുത്തിരുന്നു. എന്നാൽ, ഇത് ഡമ്മി വിമാനമാണെന്നും ദുബൈയിൽ നടത്തിയ ഷൂട്ടിംഗിന്റെ ഭാഗമാണിതെന്നും വിമാനത്തിനുള്ളിൽ ലൈറ്റർ എടുക്കുന്നത് അനുവദനീയമല്ലെന്നുമാണ് അന്ന് ബൽവീന്ദർ കതാരിയ എന്ന ബോബി കതാരിയ അവകാശപ്പെട്ടിരുന്നത്.
Adjust Story Font
16