അതിർത്തിയിലെ മഞ്ഞുരുകുന്നു; രണ്ട് തർക്കമേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിച്ച് ഇന്ത്യ
ചൈനയും രണ്ട് മേഖലകളിൽ നിന്നും സൈന്യത്തെ പിന്തിരിപ്പിക്കുമെന്ന് ഉറപ്പിക്കാതെ ഇന്ത്യ പരിപൂർണ സേനാപിന്മാറ്റം അംഗീകരിക്കില്ല
ന്യൂഡൽഹി ഏറെനാളത്തെ തർക്കത്തിനൊടുവിൽ ഇന്ത്യ - ചൈന അതിർത്തി തർക്കത്തിൽ മഞ്ഞുരുകുകയാണ്. ചർച്ചകളിലെ സമീപകാലത്തെ മുന്നേറ്റത്തിന് ദിവസങ്ങൾക്ക് പിന്നാലെ കിഴക്കൻ ലഡാക്കിലെ ഡെപ്‌സാംഗ്, ഡെചോക്ക് പ്രദേശങ്ങളിലെ സൈന്യത്തെ പിരിച്ചുവിടാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യ. വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് ഇന്ത്യ - ചൈന അതിർത്തിയിലെ സേനാപിന്മാറ്റത്തിന്റെ ആദ്യഘട്ട നടപടി സ്ഥിരീകരിച്ചത്.
2020ലെ ഗാൽവാൻ താഴ്‌വരയിലെ എറ്റുമുട്ടലിന് പിന്നാലെ സംഘർഷങ്ങൾ വൻതോതിലുയർന്ന യഥാർഥ നിയന്ത്രണ രേഖയിൽ (LAC) യിൽ മാസാവസാനത്തോടെ പട്രോളിങ് പുനരാരംഭിക്കുമെന്നും വിദേശകാര്യ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ നാലരവർഷമായി ഈ പ്രദേശത്ത് നിർമിച്ച താത്കാലിക കെട്ടിടങ്ങളും പ്രതിരോധ നിർമിതികളും പൊളിച്ചുമാറ്റുന്നതാണ് ഇതിനായി സ്വീകരിക്കുന്ന ആദ്യ നടപടി. യുദ്ധോപകരണങ്ങളും, സൈനികവാഹനങ്ങളും സൂക്ഷിക്കാനും സൈനികർക്ക് താമസിക്കാനായും പണിത താത്കാലിക കെട്ടിടങ്ങളും ഷെഡുകളുമാണ് പൊളിച്ചുമാറ്റുന്ന നിർമിതികൾ.
പ്രദേശത്തെ സേനാപിന്മാറ്റത്തിൻെ നടപടികളുടെ അവസാനഘട്ട പരിശോധന നാളത്തോടെ (29 ഒക്ടോബർ) പൂർത്തിയാകുമെന്നാണ് നിഗമനം. പ്രദേശത്തെ സേനാപിന്മാറ്റം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായുള്ള പ്രധാന നടപടികളിലൊന്നാണ് അവസാനഘട്ട പരിശോധന.
ചൈനയിൽ നിന്നും ഇതേ നടപടി തന്നെയാണ് ഇന്ത്യയും പ്രതീക്ഷിക്കുന്നത്. ചൈന അവസാനഘട്ട പരിശോധന നടത്തി എന്ന് ഉറപ്പാകാതെ ഇന്ത്യ പരിപൂർണ സേനാപിന്മാറ്റം അംഗീകരിക്കില്ല.
സേനാപിന്മാറ്റ നടപടികൾക്ക് പിന്നാലെ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യയും ചൈനയും 2020 തർക്കത്തിന് മുമ്പുണ്ടായിരുന്ന നിലയിൽ പട്രോളിങ് പുനരാരംഭിക്കും.
നിലവിൽ ഈ രണ്ട് പ്രദേശങ്ങളിൽ മാത്രമാണ് സേനാപിന്മാറ്റ നടപടികൾ ആരംഭിച്ചിട്ടുള്ളത്, മറ്റ് മേഖലകളിലും സമാന നടപടികൾ സ്വീകരിക്കുന്നതിനായി ചർച്ചകൾ പുരോഗമിക്കുകയാണ്.
2020 ജൂണിൽ നടന്ന ഗാൽവാൻ സംഘർഷത്തെ തുടർന്നായിരുന്ന ഇരുരാജ്യവും തമ്മിലുള്ള ബന്ധം വഷളാവുന്നത്. ഒരു കേണൽ ഉൾപ്പടെ ഇരുപത് ഇന്ത്യൻ സൈനികരാണ് ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. സംഘർഷത്തിൽ നാല് ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ചൈന സ്ഥിരീകരിച്ചെങ്കിലും നാല്പതോളം ചൈനീസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.
1962ലെ ഇന്ത്യ - ചൈന യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ സംഭവമായിരുന്നു ഗാൽവാൻ സംഘർഷം. അതിർത്തി തർക്കം എന്നതിലുപരി ഇരുരാജ്യങ്ങളുടെ നയതന്ത്ര ബന്ധങ്ങൾക്ക് കോട്ടം തട്ടുന്നതിന് വരെ ഈ സംഘർഷം കാരണമായിരുന്നു.
Adjust Story Font
16