Quantcast

'ആറ്റംബോംബുകളെ ഭയക്കുന്നവരല്ല മോദി സർക്കാർ,പാക് അധീന കശ്മീർ തിരിച്ചെടുക്കും'; മണിശങ്കർ അയ്യർക്ക് മറുപടിയുമായി അമിത്ഷാ

'മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ പോകുകയാണ്'

MediaOne Logo

Web Desk

  • Published:

    19 May 2024 7:58 AM GMT

Amit Shah , PM Modi Govt Not Afraid Of Atom Bombs, Election2024,LokSabha2024,PM Modi ,ആറ്റംബോബ്,മോദി സര്‍ക്കാര്‍,അമിത്ഷാ,ലോക്സഭാ തെരഞ്ഞെടുപ്പ്
X

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ ആറ്റം ബോംബുകളെ ഭയപ്പെടുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താനെ ബഹുമാനിക്കണമെന്നും ഇല്ലെങ്കിൽ അവർ ആണവായുധം പ്രയോഗിക്കുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറിന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അമിത് ഷാ.പാക് അധീന കശ്മീർ (പിഒകെ) ഇന്ത്യയുടേതാണെന്നും ഞങ്ങൾ അത് തിരിച്ചെടുക്കുമെന്നും അമിത് ഷാ പറഞ്ഞു. ശനിയാഴ്ച ഝാൻസിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാകിസ്താനിൽ ആറ്റംബോംബുകളുണ്ടെന്നും, പാക് അധീന കശ്മീരിൽ നമ്മുടെ അവകാശങ്ങൾ ആവശ്യപ്പെടരുതെന്നുമാണ് കോൺഗ്രസ് നേതാക്കളിലൊരാളായ മണിശങ്കർ അയ്യർ പറയുന്നത്. ഇത് നരേന്ദ്ര മോദി സർക്കാരാണെന്നും ഞങ്ങൾ ആറ്റംബോംബുകളെ ഭയപ്പെടുന്നില്ലെന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പിഒകെ ഇന്ത്യയുടേതാണ്, ഞങ്ങൾ അത് തിരിച്ചെടുക്കും.' അമിത് ഷാ പറഞ്ഞു.

'മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ പോകുകയാണ്. മറുവശത്ത്, രാഹുൽ ഗാന്ധിയുടെ ഇൻഡ്യ സഖ്യം തുടച്ചുനീക്കപ്പെട്ടു. ഒരു വശത്ത്, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച രാഹുൽ ബാബയുമുണ്ട്, മറുവശത്ത്, പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരു പാവപ്പെട്ട ചായവിൽപ്പനക്കാരന്റെ കുടുംബത്തിൽ ജനിച്ച മോദിയുണ്ട്. മോദികഴിഞ്ഞ 23 വർഷമായി അവധിയെടുക്കാതെ അതിർത്തിയിലെ സൈനികർക്കൊപ്പമാണ് ദീപാവലി ചെലവഴിക്കുന്നത്.' ഷാ പറഞ്ഞു.

രാമക്ഷേത്ര വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാടുകളെയും അദ്ദേഹം വിമർശിച്ചു. പതിറ്റാണ്ടുകളായി സമാജ് വാദി പാർട്ടിയും കോൺഗ്രസും രാമക്ഷേത്ര നിർമ്മാണത്തെ തടസ്സപ്പെടുത്തുകയാണ്. ആ വാഗ്ദാനം നിറവേറ്റിയതിന് മോദിയെ അമിത്ഷാ അഭിനന്ദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണ അധികാരമേറ്റ് ആറു മാസത്തിനകം പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ പാൽഘറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് യോഗിയുടെ പരാമര്‍ശം. 'പാക് അധീന കശ്മീരിനെ സംരക്ഷിക്കാന്‍ പാകിസ്താന് ബുദ്ധിമുട്ടാണ്. ഞങ്ങൾ ഞങ്ങളുടെ ശത്രുവിനെ ആരാധിക്കുകയില്ല. നമ്മുടെ ആളുകളിലാരെയെങ്കിലും കൊന്നാൽ അവർക്ക് അർഹിക്കുന്ന മറുപടി നൽകും. പ്രധാനമന്ത്രി മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകട്ടെ, ആറ് മാസത്തിനുള്ളിൽ പിഒകെ ഇന്ത്യയുടെ ഭാഗമാകും..." അദ്ദേഹം പറഞ്ഞു.

TAGS :

Next Story