Quantcast

'ബി.ജെ.പി വളർന്നു, ആർ.എസ്.എസിന്റെ സഹായം ഇനി ആവശ്യമില്ല'; ജെ.പി നദ്ദ

''തുടക്കത്തിൽ, ഞങ്ങൾക്ക് ശക്തി കുറവായിരുന്നു.അന്ന് ആർ.എസ്.എസിന്റെ ആവശ്യം ഉണ്ടായിരുന്നു''

MediaOne Logo

Web Desk

  • Updated:

    2024-05-19 09:03:14.0

Published:

19 May 2024 8:45 AM GMT

BJP national president J P Nadda,BJP-RSSties,BJP runs itself,;Nadda on BJP-RSS ties,ജെ.പി നദ്ദ,ആര്‍.എസ്.എസ്,ബി.ജെ.പി,
X

ന്യൂഡൽഹി: ആർ.എസ്.എസിന്റെ സഹായം ആവശ്യമായിരുന്ന സമയത്ത് നിന്ന് ബി.ജെ.പി ഒരുപാട് വളർന്നെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നദ്ദയുടെ പരാമർശം. ബി.ജെ.പിക്ക് ഇപ്പോൾ ഒറ്റക്ക് പ്രവർത്തിക്കാനുള്ള ശേഷി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് നിന്ന് ബി.ജെ.പിയിലെ ആർ.എസ്.എസ് സാന്നിധ്യം എങ്ങനെയാണ് മാറിയതെന്ന ചോദ്യത്തിനായിരുന്നു നദ്ദയുടെ മറുപടി.

'തുടക്കത്തിൽ, ഞങ്ങൾക്ക് ശക്തി കുറവായിരുന്നു.അന്ന് ആർ.എസ്.എസിന്റെ ആവശ്യം ഉണ്ടായിരുന്നു. ഇന്ന് ഞങ്ങൾ വളർന്നു.ബി.ജെ.പി ഇന്ന് സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ളവരാണ്.അതാണ് വ്യത്യാസം'. നദ്ദ പറഞ്ഞു.

ബിജെപിക്ക് ഇപ്പോൾ ആർഎസ്എസ് പിന്തുണ ആവശ്യമില്ലേ എന്ന ചോദ്യത്തിന്, പാർട്ടി വളർന്നു, എല്ലാവർക്കും അവരവരുടെ ചുമതലകളും റോളുകളും ലഭിച്ചു. ആർഎസ്എസ് ഒരു സാംസ്‌കാരിക സാമൂഹിക സംഘടനയാണ്, ഞങ്ങളൊരു രാഷ്ട്രീയ സംഘടനയാണ്... ആർ.എസ്.എസ് പ്രത്യയശാസ്ത്ര മുന്നണിയാണ്. ഞങ്ങൾ ഞങ്ങളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ കൈകാര്യം ചെയ്യുന്നു. അതാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടത്.' നദ്ദ പറഞ്ഞു.

മഥുരയിലെയും കാശിയിലെയും തർക്ക സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ നിർമിക്കാൻ ബിജെപിക്ക് പദ്ധതിയില്ലെന്നും നദ്ദ പറഞ്ഞു. രാമക്ഷേത്രം എന്ന ആവശ്യം പാലമ്പൂർ പ്രമേയത്തിൽ (ജൂൺ 1989) ബിജെപി ഉൾപ്പെടുത്തിയിരുന്നു. നീണ്ട പോരാട്ടത്തിനൊടുവില്‍ അത് യാഥാർത്ഥ്യമായി. അത് ഞങ്ങളുടെ അജണ്ടയിൽ ഉണ്ടായിരുന്നു. ചില ആളുകൾ വികാരാധീനരാകുകയോ ആവേശഭരിതരാകുകയോ ചെയ്യുന്നു. ഞങ്ങളുടെ പാർട്ടി വലിയ പാർട്ടിയാണ്, ഓരോ നേതാക്കൾക്കും അവരുടേതായ ശൈലിയുണ്ട്. നദ്ദ പറഞ്ഞു.

നദ്ദക്ക് മറുപടിയുമായി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തി. ആർ.എസ്.എസിനെ ബി.ജെ.പി നിരോധിച്ചേക്കുമെന്ന് താൻ ഭയപ്പെടുകയാണെന്ന് താക്കറെ പറഞ്ഞു.ബി.ജെ.പി പ്രസിഡന്റ് ജെ.പി. നദ്ദ പറയുന്നത് അവർക്ക് ഇനി ആർ.എസ്.എസിന്റെ ആവശ്യമില്ലെന്നാണ്. മോദി ശിവസേനയെ (യു.ബി.ടി) വ്യാജ സേന എന്നും തന്നെ ബാലാസാഹേബ് താക്കറെയുടെ വ്യാജ സാന്താനമെന്നും വിളിച്ചു. നാളെ അവർ ആർ.എസ്.എസിനെ വ്യാജം എന്ന് മുദ്രകുത്തി നിരോധിക്കും.മഹാരാഷ്ട്രയിലെ റാലികളിൽ മോദി ഞങ്ങളെ വ്യാജ ശിവസേന എന്നാണ് വിശേഷിപ്പിച്ചത്. ഏത് ശിവസേനയാണ് ഒറിജിനലെന്നും ആരാണ് വ്യാജമെന്നും തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാകും. മോദിയുടെ പ്രതിസന്ധി ഘട്ടത്തിൽ ബാലാസാഹേബ് താക്കറെ അദ്ദേഹത്തിന് പിന്നിൽ ഉറച്ചുനിന്നതാണ്. അതേ ശിവസേനയെ മോദി വ്യാജമെന്ന് വിളിക്കുന്നു. നാളെ ആർ.എസ്.എസിനെ വ്യാജമെന്ന് വിളിക്കാൻ അവർ മടിക്കില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

TAGS :

Next Story