Quantcast

10 കി.മീ സഞ്ചരിക്കാന്‍ അര മണിക്കൂര്‍; ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബെംഗളൂരു

ട്രാഫിക് അധിഷ്‌ഠിത സാങ്കേതികവിദ്യകളുടെ മൾട്ടിനാഷണൽ ഡെവലപ്പറായ ടോം ടോം വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Published:

    16 Feb 2023 8:20 AM GMT

Bengaluru traffic block
X

ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്ക്

ബെംഗളൂരു: ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബെംഗളൂരു.ജിയോലൊക്കേഷൻ ടെക്‍നോളജി സ്പെഷ്യലിസ്റ്റായ ടോംടോമിന്റെ റിപ്പോർട്ട് പ്രകാരം നഗരത്തില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 29 മിനിറ്റും 10 സെക്കന്‍ഡും വേണം. ട്രാഫിക് അധിഷ്‌ഠിത സാങ്കേതികവിദ്യകളുടെ മൾട്ടിനാഷണൽ ഡെവലപ്പറായ ടോം ടോം വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

56 രാജ്യങ്ങളിലെ 389 നഗരങ്ങളിലെ കഴിഞ്ഞ വര്‍ഷത്തെ ട്രാഫിക് ട്രെൻഡുകൾ പരിശോധിച്ചതിനു ശേഷമാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. റോഡ് മാർഗം 10 കിലോമീറ്റർ സഞ്ചരിക്കാൻ 29 മിനിറ്റും 10 സെക്കൻഡും എടുത്തുവെന്ന് ടോം ടോം വിശദമാക്കുന്നു. ലണ്ടനാണ് ഒന്നാം സ്ഥാനത്ത്. ലണ്ടനില്‍ 6.2 മൈൽ (10 കിലോമീറ്റർ) സഞ്ചരിക്കാൻ ശരാശരി 36 മിനിറ്റും 20 സെക്കൻഡും എടുത്തു. അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിൻ, ജാപ്പനീസ് നഗരമായ സപ്പോറോ, ഇറ്റലിയിലെ മിലാൻ എന്നിവ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്. പൂനെ ആറാം സ്ഥാനത്തും ഡല്‍ഹി 34-ാം സ്ഥാനത്തുമാണ്. അതുപോലെ, 10 കിലോമീറ്റർ സഞ്ചരിക്കാൻ 21 മിനിറ്റിലധികം സമയമെടുത്ത മുംബൈ 47-ാം സ്ഥാനത്താണ്.

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ശരാശരി നഷ്ടമായ സമയം 129 മണിക്കൂറാണ്. ഇക്കാര്യത്തില്‍ ബെംഗളൂരു നാലാം സ്ഥാനത്താണ്. ഫ്ലെക്സിബിൾ വർക്കിംഗ് ക്രമീകരണങ്ങൾ, വിദൂരമായി ജോലി ചെയ്യാനുള്ള ഓപ്ഷൻ എന്നിവ ഉണ്ടായിരുന്നിട്ടും ആഗോള നഗരങ്ങളിൽ തിരക്കേറിയ ട്രാഫിക്കിൽ ആളുകൾക്ക് നഷ്ടപ്പെട്ട സമയം കഴിഞ്ഞ ഒരു വർഷമായി വർധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ''അടിസ്ഥാന സൗകര്യങ്ങളുടെ തെറ്റായ ആസൂത്രണവും ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ പേരിൽ യാതൊരു ഫലവും ലഭിക്കാതെയുള്ള ഗതാഗത ഇടപെടലുകൾ കാരണം ബെംഗളൂരു തീർച്ചയായും തിരക്കേറിയ നഗരങ്ങളിൽ ഒന്നാണെന്ന്'' ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) മൊബിലിറ്റി വിദഗ്ധനായ പ്രൊഫസർ ആശിഷ് വർമ പറഞ്ഞു.

TAGS :

Next Story