രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് തടയാൻ ഇന്റർനെറ്റ് സേവനം റദ്ദാക്കി രാജസ്ഥാൻ സർക്കാർ
ജയ്പൂരിലെ അമർ ഏരിയയിലാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. ഇവിടത്തെ ലീല ഹോട്ടലിലാണ് കോൺഗ്രസ് എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്നത്.
ജയ്പൂർ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാരുടെ ക്രോസ് വോട്ടിങ് തടയാൻ ഉദയ്പൂരിലെ അമർ ഏരിയയിൽ രാജസ്ഥാൻ സർക്കാർ ഇന്റർനെറ്റ് സേവനം റദ്ദാക്കി. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെയാണ് ഇന്റർനെറ്റ് റദ്ദാക്കിയത്. ബ്രോഡ്ബാന്റ് സർവീസും വോയ്‌സ് കോളുകളും റദ്ദാക്കിയിട്ടില്ല. ഇന്നാണ് രാജ്യസഭയിലേക്ക് പുതിയ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അമർ ഏരിയയിലെ ലീലാ ഹോട്ടലിലാണ് കോൺഗ്രസ് എംഎൽഎമാർ താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരെ ഉദയ്പൂരിൽനിന്ന് ജയ്പൂരിലേക്ക് മാറ്റിയത്. രാജസ്ഥാനിൽനിന്ന് മൂന്ന് സീറ്റുകളിൽ വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
''തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ കോൺഗ്രസിന്റെ ഐക്യം തകർക്കാൻ കഴിയില്ലെന്ന് ഇപ്പോൾ അവർക്ക് (ബിജെപി) വ്യക്തമായിരിക്കണം. കോൺഗ്രസ് ഭദ്രമാണ്, ഒരുമിച്ച് പാർട്ടി നാളെ മൂന്ന് സീറ്റുകളിലും വിജയിക്കും. വോട്ടിങ് കഴിഞ്ഞ ശേഷം നിങ്ങൾക്ക് എണ്ണാം. കോൺഗ്രസിന് 126 വോട്ടുകളും ഉണ്ടാവും''-കോൺഗ്രസ് നേതാവ് രഘു ശർമ പറഞ്ഞു.
മൂന്ന് സീറ്റുകളിലും വിജയിക്കാനാവുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും പറഞ്ഞു. രൺദീപ് സിങ് സുർജേവാല, മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് 108 അംഗങ്ങളാണുള്ളത്. മൂന്ന് സീറ്റുകളിലും വിജയിക്കണമെങ്കിൽ 123 വോട്ടുകളാണ് വേണ്ടത്.
രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെയാണ് തെരഞ്ഞെടുപ്പ്. വൈകീട്ട് അഞ്ച് മണിക്കാണ് വോട്ടെണ്ണൽ.
Adjust Story Font
16