ബൈക്ക് റേസിങ്ങിനിടെ അപകടം; ദേശീയ ചാമ്പ്യനായ പതിമൂന്നുകാരന് ദാരുണാന്ത്യം
മേയിൽ സ്‌പെയിനിൽ നടന്ന ടൂവീലർ റേസിംഗ് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരനാണ് ശ്രേയസ് ഹരീഷ്
ചെന്നൈ: ചെന്നൈയിലെ ഇരുങ്ങാട്ടുകോട്ടയിൽ നടന്ന ദേശീയ മോട്ടോർസൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പിനിടെയുണ്ടായ അപകടത്തിൽ പതിമൂന്നുകാരനായ ബൈക്ക് റേസർ കാപ്പാരം ശ്രേയസ് ഹരീഷ് കൊല്ലപ്പെട്ടു. 'ദി ബംഗളൂരു കിഡ്' എന്നറിയപ്പെടുന്ന ശ്രേയസിന്റെ ബൈക്ക് മറിയുകയും ഹെൽമറ്റ് ഊരിപ്പോകുകയുമായിരുന്നു. ഈ സമയത്ത് പിറകെ വന്ന മറ്റൊരു റൈഡറിന്റെ ബൈക്ക് ശ്രേയസിന്റെ ശരീരത്തിലൂടെ കയറിപ്പോകുകയും തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. ഉടൻ തന്നെ ശ്രേയസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മേയിൽ സ്‌പെയിനിൽ നടന്ന ടൂവീലർ റേസിംഗിൽ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ശ്രേയസ് ഹരീഷ്. സ്‌പെയിനിൽ നടന്ന എഫ്‌ഐഎം മിനി-ജിപി വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തപ്പോഴും മികച്ച പ്രകടനമായിരുന്നു ശ്രേയസ് കാഴ്ചവെച്ചത്. രണ്ടുമത്സരങ്ങളിലായി നാലും അഞ്ചും സ്ഥാനമായിരുന്നു ശ്രേയസ് നേടിയത്. മലേഷ്യയിൽ ഈ മാസം നടക്കാനിരിക്കുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയായിരുന്നു അപകടം.
Adjust Story Font
16