ഇഷ്ട യൂട്യൂബറെ കാണാൻ 250 കിലോമീറ്റർ സൈക്കിൾ ചവിട്ടി 13 കാരൻ
നിശ്ചയ് മൽഹാൻ എന്ന യൂട്യൂബറെ കാണാനാണ് എട്ടാം ക്ലാസുകാരൻ തലസ്ഥാനത്ത് എത്തിയത്
ന്യൂഡൽഹി: ഇഷ്ടപ്പെട്ട യൂട്യൂബ് താരത്തെ കാണാനായി 250 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഡൽഹിയിലെത്തി 13 വയസ്സുകാരൻ. മൂന്നു ദിവസമെടുത്താണ് കുട്ടി ഡൽഹിയിലെത്തിയത്.
'ട്രിഗർഡ് ഇൻസാൻ' എന്ന യുട്യൂബ് ചാനലിലെ നിശ്ചയ് മൽഹാൻ എന്ന യൂട്യൂബറെ കാണാനാണ് പതിമൂന്നുകാരൻ കിലോമീറ്ററുകള്‍ താണ്ടി തലസ്ഥാനത്ത് എത്തിയത്. യൂട്യൂബറുടെ അപ്പാർട്ട്‌മെന്‍റിലേക്ക് കുട്ടിയെത്തിയെങ്കിലും അയാള്‍ വീട്ടിലില്ലാത്തതിനാൽ കാണാനായില്ല.
എട്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ ഒക്ടോബർ നാലിനാണ് കാണാതാകുന്നത്. സോഷ്യൽ മീഡിയ ഉപയോഗിച്ച് കുടുംബവും പട്യാല പൊലീസും വിവരങ്ങള്‍ ശേഖരിക്കുകയും ഡൽഹി പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. യൂട്യൂബറും സോഷ്യൽ മീഡിയയിലുടെ കുടുംബവുമായി ബന്ധപ്പെടാൻ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. യൂട്യൂബില്‍ 1.7 കോടിയോളം ഫോളോവേഴ്സുള്ള ആളാണ് നിശ്ചയ് മല്‍ഹാന്‍. നിശ്ചയിനോട് കുട്ടിക്ക് കടുത്ത ആരാധനയായിരുന്നു. അതുകൊണ്ടു തന്നെ കുട്ടി ഇയാളെ കാണാന്‍ പോയതായിരിക്കുമെന്ന് മാതാപിതാക്കളും ഊഹിച്ചിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം കുട്ടിയുടെ സൈക്കിള്‍ കണ്ടെത്തിയിരുന്നു. പിന്നീട് തിരച്ചിലിന് ശേഷം വൈകുന്നേരം 5 മണിയോടെ കുട്ടിയെ ഒരു പാർക്കിൽ വച്ച് കണ്ടെത്തുകയായിരുന്നു. ഡൽഹിയിലെത്തിയ കുടുംബം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. പെട്ടെന്ന് തന്നെ കുട്ടിയെ കണ്ടെത്തി തന്നതിന് പൊലീസിനോട് നന്ദിയുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയെ കണ്ടെത്തിയെന്നും ദൈവത്തോട് നന്ദിയുണ്ടെന്ന് യൂട്യൂബറും കുറിച്ചു.
Adjust Story Font
16