Quantcast

മധ്യപ്രദേശിൽ 13കാരിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രദേശത്തു നടന്ന പാർട്ടിക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് മദ്യം നൽകി ബലാത്സം​ഗം ചെയ്തത്.

MediaOne Logo

Web Desk

  • Published:

    28 Jan 2023 4:21 AM GMT

13 Year Old Girl, Drugged and Raped, Madhya Pradesh, Two Arrested
X

ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ 13കാരിയെ ലഹരിമരുന്ന് നൽകി മയക്കി ബലാത്സംഗം ചെയ്തു. കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ കംല ന​ഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രദേശത്തു നടന്ന പാർട്ടിക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് മദ്യം നൽകി ബലാത്സം​ഗം ചെയ്തത്. 'ബുധനാഴ്ച രാത്രിയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. ഇതേ തുടർന്ന് വീട്ടുകാർ കംല ന​ഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തിരോധാന കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു'.

'തുടർന്ന് പിറ്റേദിവസം രാവിലെ തങ്ങൾ പെൺകുട്ടിയെ ബന്ധപ്പെട്ടപ്പോഴാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്ക് പോയതാണെന്ന് വ്യക്തമായത്- അഡീഷനൽ ഡെപ്യൂട്ടി കമ്മീഷണർ ശ്രുത്കീർത്തി സോമവൻഷി പറഞ്ഞു'.

'പ്രതികളിലൊരാൾ പെൺകുട്ടിക്ക് ലഹരിമരുന്ന് നൽകുകയും അബോധാവസ്ഥയിലായതിനു പിന്നാലെ അവളെ ബലാത്സം​ഗം ചെയ്യുകയുമായിരുന്നു. രണ്ട് പേരിൽ ഒരാളാണ് ബലാത്സം​ഗം ചെയ്തത്. രണ്ടാമൻ അയാൾക്കു വേണ്ട എല്ലാ സഹായവും പിന്തുണയും നൽകി. പ്രതികളെ പെൺകുട്ടിക്ക് അറിയാമായിരുന്നു. പാർട്ടിയിൽ നിന്ന് എല്ലാവരും പോയ സമയത്താണ് സംഭവം നടന്നത്'- അദ്ദേഹം വ്യക്തമാക്കി.

രണ്ട് പ്രതികളെയും വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും അഡീഷണൽ ഡി.സി.പി സോമവൻഷി കൂട്ടിച്ചേർത്തു.

സംഭവത്തിൽ ബി.ജെ.പി സർക്കാരിനെതിരെ വിമർശനവുമായി സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷ വിഭാ പട്ടേൽ രം​ഗത്തെത്തി. 'മധ്യപ്രദേശ് കുറ്റകൃത്യങ്ങളുടെ ദ്വീപായി മാറുകയാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ സംസ്ഥാനം വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ഇത് വളരെ സങ്കടകരമാണ്'.

'കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയെ ഉടൻ രാജിവയ്പ്പിക്കുകയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം'.

'എന്തുകൊണ്ടാണ് സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ സർക്കാരിന് കഴിയാത്തത്. ഇതിനെതിരെ മഹിളാ കോൺഗ്രസ് വൻ പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രിയെ സമാധാനപരമായി ഇരിക്കാൻ അനുവദിക്കില്ല'- അവർ വിശദമാക്കി.

TAGS :

Next Story