ആഗസ്റ്റിനും ഡിസംബറിനുമിടയില്‍ 135 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കും; കേന്ദ്രം സുപ്രീംകോടതിയില്‍ പദ്ധതിരേഖ സമര്‍പ്പിച്ചു
ഈ വര്‍ഷം അവസാനം വരെ 188 കോടി ഡോസ് വാക്‌സിന്‍ അഞ്ച് നിര്‍മാതാക്കളില്‍ നിന്നായി ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു.
ആഗസ്റ്റിനും ഡിസംബറിനുമിടയില്‍ 135 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം. സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരം ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള വാക്‌സിന്‍ വിതരണത്തിന്റെ വിശദമായ പദ്ധതിരേഖ കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ചു. ഈ വര്‍ഷം അവസാനം വരെ 188 കോടി ഡോസ് വാക്‌സിന്‍ അഞ്ച് നിര്‍മാതാക്കളില്‍ നിന്നായി ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
രാജ്യത്തെ മുതിര്‍ന്നവരുടെ ജനസംഖ്യയുടെ 5.6 ശതമാനത്തിനാണ് രണ്ട് ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കിയത്. 94 കോടിയോളം മുതിര്‍ന്ന വിഭാഗക്കാരാണ് രാജ്യത്തുള്ളത്. ഇവര്‍ക്കാകെ വാക്‌സിന്‍ ലഭ്യമാക്കാന്‍ 188 കോടി ഡോസ് വേണം. ജൂലൈ 31 വരെ 51.6 കോടി ഡോസും ആഗസ്റ്റിനും ഡിസംബറിനുമിടയില്‍ 135 കോടി ഡോസും ലഭ്യമാക്കും. 50 കോടി കോവിഷീല്‍ഡ് ഡോസും 40 കോടി കോവാക്‌സിന്‍ ഡോസുമാകും ലഭ്യമാക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി.
മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ കൂടാതെ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ പോയി നേരിട്ട് കുത്തിവെപ്പെടുക്കാനുള്ള സൗകര്യം ഒരുക്കിയതായും ഡിജിറ്റല്‍ ഡിവൈഡ് ഇനി വാക്‌സിനേഷന് തടസ്സമാകില്ലെന്നും കേന്ദ്രം അറിയിച്ചു.
റഷ്യന്‍ വാക്സിനായ സ്പുട്നിക്കിന് നേരത്തെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ബയോളജിക്കല്‍ ഇ, സൈഡസ് കാഡില എന്നിവയുടെ വാക്‌സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇവ ഉടന്‍ ലഭ്യമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്നാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.
Adjust Story Font
16