Quantcast

സ്വിമ്മിങ് പൂളിൽ ചാടാനൊരുങ്ങവെ 15കാരൻ‌ കുഴ‍ഞ്ഞുവീണ് മരിച്ചു

സംഭവത്തിനു പിന്നാലെ സ്വിമ്മിങ് പൂളും പരിസരവും അടച്ചു.

MediaOne Logo

Web Desk

  • Published:

    22 Jun 2024 3:12 AM GMT

15 year boy dies moments before jumps to swimming pool in UP
X

മീററ്റ്: ചെറുപ്പക്കാർ കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ വ്യാപകമായിരിക്കെ വീണ്ടും സമാന മരണം. ഉത്തർപ്രദേശിലെ മീററ്റിൽ 15 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. സ്വിമ്മിങ് പൂളിൽ നീന്താനായി ചാടാനൊരുങ്ങവെയാണ് കുട്ടി തറയിൽ കുഴഞ്ഞുവീണത്.

സിവൽഖാസ് സ്വദേശിയായ 15കാരനാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വിമ്മിങ് പൂളിൽ നീന്തിയ ശേഷം കരയ്ക്കു കയറി വീണ്ടും ചാടാനായി അടുത്ത വശത്തേക്ക് നടക്കവെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും‍ മരിച്ചിരുന്നു.

സംഭവത്തിനു പിന്നാലെ സ്വിമ്മിങ് പൂളും പരിസരവും അടച്ചു. പൂളിന്റെ മാനേജർ ഒളിവിലാണ്. അതേസമയം, കുട്ടിയുടെ കുടുംബം പൊലീസിൽ മൊഴി നൽകിയിട്ടില്ല. എങ്കിലും അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഏപ്രിൽ ഏഴിന് ഇടുക്കിയിൽ ഒമ്പതാം ക്ലാസ് വി​ദ്യാർഥി​നി​ കുഴഞ്ഞ് വീണ് മരി​ച്ചിരുന്നു. തോപ്രാംകുടി​ സ്​കൂൾസിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി(14) യാണ് മരിച്ചത്. തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്​കൂൾ വിദ്യാർഥിനിയായിരുന്ന ശ്രീലക്ഷ്മി ഉച്ചഭക്ഷണത്തിന് ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏപ്രിൽ 30ന് മീററ്റിൽ തന്നെ ഒരു വിവാഹ ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ 18കാരി കുഴഞ്ഞുവീണ് മരിച്ചിരുന്നു. അമ്മയുടെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ റിംഷയെന്ന പെൺകുട്ടിയാണ് മരിച്ചത്. വധുവിൻ്റെ വീട്ടിൽ വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഭവം.

മാർച്ച് ആദ്യം, കർണാടകയിൽ കബഡി കളിക്കുന്നതിനിടെ 19കാരനായ ഫാർമസി വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചിരുന്നു. ബാലാജി കോളജ് ഓഫ് ഫാർമസിയിലെ ഒന്നാം വർഷ ഫാർമസി വിദ്യാർഥി തനൂജ് കുമാർ നായിക് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കോളജ് ഗ്രൗണ്ടിൽ കബഡി മത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് തനൂജ് കുഴഞ്ഞുവീണത്. തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ഫെബ്രുവരിയിൽ, കുർബാനയ്ക്കിടെ കോട്ടയം സ്വദേശിയായ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.

2023 നവംബറിൽ, വയനാട്ടിൽ സ്കൂളിൽ നെറ്റ് ബാൾ പരിശീലനത്തിനിടെയും വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചിരുന്നു. പനമരം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് സിനാൻ പി.എൻ (17) ആണ് മരിച്ചത്. ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS :

Next Story